ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയകാന് സാധ്യതയേറുന്നു. നിലവില്‍ യുകെയുടെ ധനമന്ത്രിയാണ് ഋഷി. ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ രാജി ആവശ്യപ്പെടുന്നുണ്ട് . ബ്രിട്ടന്റെ പാര്‍ട്ടിഗേറ്റ് പ്രതിസന്ധി എന്നാണ് ഈ രാഷ്ട്രീയ പ്രതിസന്ധിയെ വിശേഷിപ്പിക്കുന്നത്. അടുത്ത പ്രധാനമന്ത്രി പദവിയിലെത്താന്‍ മുന്നിലുള്ള പേരാണ് ഋഷി സുനകിന്റേത് .
ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര് നാരായണ മൂര്‍ത്തിയുടെ മരുമകനായ ഋഷി സുനക് നോര്‍ത്ത് യോര്‍ക്ഷയറിലെ റിച്ച്മണ്ടില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ്. നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണ് ഭാര്യ. ഇദ്ദേഹം തെരേസ മേ മന്ത്രിസഭയില്‍ ഭവനകാര്യ സഹമന്ത്രി ആയിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായിരുന്ന അദ്ദേഹം പ്രമുഖനായ ബാങ്ക് ഉദ്യോഗസ്ഥന് കൂടെയാണ്. മാത്രമല്ല, ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ധനമന്ത്രാലയത്തിന്റെ ചുമതലയില്‍ എത്തുന്ന പ്രായം കുറഞ്ഞവരില്‍ ഒരാള്‍ കൂടിയാണ് ഋഷി. 2015 ലാണ് ഇദ്ദേഹം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
ബ്രിട്ടനില്‍ പ്രധാനമന്ത്രി കഴിഞ്ഞാല്‍ അടുത്തയാള്‍ ധനമന്ത്രിയാണ്. സുനക് കഴിഞ്ഞാല്‍ വിദേശകാര്യ മന്ത്രി ലിസ് ട്രസിനും കാബിനറ്റ് മന്ത്രി മൈക്കിള്‍ ഗോവിനും സാധ്യതയുണ്ട്. ഇവരെ കൂടാതെ, മുന്‍ വിദേശകാര്യ മന്ത്രി ജെറമി ഹണ്ട്, ഇന്ത്യന്‍ വംശജയായ ആഭ്യന്തര മന്ത്രി പ്രീതി പട്ടേല്‍, പാക് വംശജനായ ആരോഗ്യമന്ത്രി സാജിദ് ജാവിദ് എന്നിവരും പട്ടികയിലുണ്ട്. ജോണ്‍സണന്റെ നയങ്ങളുടെ ശക്തമായ പിന്തുണ നല്‍കിയിരുന്ന വക്താവായിരുന്നു സുനക് എങ്കിലും കോവിഡ് ചട്ടലംഘനങ്ങളുടെ പേരില്‍ പ്രധാനമന്ത്രി വിമര്‍ശനം നേരിടുമ്പോള്‍ സുനക് വേണ്ടത്ര പിന്തുണ നല്‍കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന മദ്യസത്കാരത്തില്‍ പങ്കെടുത്തതിന് കഴിഞ്ഞയാഴ്ച ജോണ്സണ് ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍, ഈ സമയത്ത് ഹൗസ് ഓഫ് കോമണ്‍സ് ചേംബറില്‍ സുനക് ഉണ്ടായിരുന്നില്ല. ബോറിസ് ജോണ്‍സണെതിരെ അന്വേഷണം നടന്നു വരികയാണ്. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ പ്രധാനമന്ത്രിയ്ക്ക് രാജിവയ്ക്കേണ്ടി വരുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: