ന്യൂദല്‍ഹി: ഇന്ത്യയുടെ പുതിയ പ്രഭാതം എന്നാണ് വന്ദേഭാരത് ട്രെയിന്‍ പദ്ധതിക്ക് മൂന്ന് വയസ്സ് തികയുന്ന വേളയില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ട്വീറ്റില്‍ വിശേഷിപ്പിച്ചത്. അതിവേഗ ട്രെയിന്‍ യാത്ര എന്ന വികസനരാഷ്ട്രങ്ങളിലെ സ്വപ്നമാണ് ഇന്ത്യയുടെ സെമി ഹൈസ്പീഡ് തീവണ്ടിയായ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയില്‍ കുതിക്കാന്‍ ശേഷിയുള്ള വന്ദേഭാരത് ട്രെയിന്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.
വന്ദേഭാരത് പദ്ധതി മൂന്ന് വയസ്സ് പിന്നിടുമ്പോള്‍ അതിന്റെ ശില്പിയായ തമിഴ്നാട്ടിലെ സുധാംശു മണിയ്ക്ക് ചാരിതാര്‍ത്ഥ്യമേറെ. റെക്കോഡ് സമയമായ 18 മാസത്തിനുള്ളിലാണ് ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലെ (ഐസിഎഫ്) സംഘം സുധാംശു മണിയുടെ നേതൃത്വത്തില്‍ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിന്‍ സങ്കല്പത്തില് നിന്നും ഡിസൈനിലേക്കും അവിടെ നിന്ന് എഞ്ചിനീയറിങ്ങിലേക്കും പിന്നീട് നിര്‍മ്മാണത്തിലേക്കും നീക്കി നമ്മുടെ കണ്മുന്നില് യാഥാര്‍ത്ഥ്യമാക്കിയത്. അന്ന് പേര് ട്രെയിന്‍ 18 എന്നായിരുന്നു. പിന്നീട് ഇതിന്റെ പേര് വന്ദേഭാരത് എന്ന് മാറ്റി. ഭാവന ചിത്രമാക്കി പിന്നീട് അതിന്റെ ആദി മാതൃകാ രൂപം (പ്രൊട്ടോടൈപ്) നിര്‍മ്മിക്കാന്‍ വികസിത പാശ്ചാത്യരാഷ്ട്രങ്ങള്‍ പോലും 36 മാസങ്ങളെടുക്കുമ്പോഴാണ് ഇന്ത്യയില്‍ അത് വെറും 18 മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കിയത്. ഇതേക്കുറിച്ച് സുധാംശു മണി മൈ ട്രെയിന്‍ 18 സ്റ്റോറി എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ജനറല്‍ മാനേജരായി ഐസിഎഫില്‍ നിന്നും വിരമിച്ചെങ്കിലും ഊര്ജ്ജ്വസല മനസ്സോടെ വന്ദേഭാരത് ദൗത്യത്തില്‍ സുധാംശുമണിയും കൈകോര്‍ക്കുന്നു.
ഇന്ത്യയില്‍ ഉല്പാദനരംഗത്ത് കുതിപ്പുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി മോദി വിഭാവനം ചെയ്ത മെയ്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ വലിയ ഉദാഹരണമായി വന്ദേഭാരത് സ്ഥാനം പിടിച്ചു. അതുവരെ ഇത്തരം സാങ്കേതിക വിദ്യകള്‍ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ സ്വയം തങ്ങള്‍ക്ക് എഞ്ചിനീയറിംഗ് രംഗത്ത് അത്ഭുതം സൃഷ്ടിക്കാനാവുമെന്ന് വന്ദേഭാരതിലൂടെ തെളിയിച്ചു.
2019 ഫിബ്രവരി 15നാണ് ആദ്യ വന്ദേഭാരത് ട്രെയിന്‍ ഇന്ത്യയില്‍ പുറത്തിറക്കിയത്. ഇന്ത്യയില്‍ വിഭാവനം ചെയ്ത്, ഇന്ത്യയില്‍ നിര്‍മ്മിച്ച, മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ കുതിക്കാന്‍ കഴിയുന്ന ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിന്‍. യൂറോപ്പില്‍ നിന്നും ഇതുപോലെ അതിസാങ്കേതിക വിദ്യയുള്ള ഒരു ട്രെയിന്‍ ഇറക്കുമതി ചെയ്യാന്‍ വേണ്ടിവരുന്നതിന്റെ വെറും 40 ശതമാനം ചെലവിലാണ് ആദ്യത്തെ വന്ദേഭാരത് ട്രെയിന്‍ നിര്‍മ്മിച്ചത്. 2021 ആഗസ്തില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങി. ദല്‍ഹിയില്‍ നിന്നും വാരണാസിയിലേക്കും, ദല്‍ഹിയില്‍ നിന്നും കത്രയിലേക്കും.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേഭാരത് ട്രെയിനുകള്‍ കൂടി ഇറക്കുന്നതോടെ ഇന്ത്യന്‍ റെയില്‍ യാത്രയുടെ മുഖച്ഛായ തന്നെ മാറും. 2022ലെ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് ഇതിനായി മൊത്തം 1.3 ലക്ഷം കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഇതില്‍ 400 വന്ദേഭാരത് ട്രെയിനുകളുടെ ഉല്പാദനച്ചെലവ് 40000 കോടി രൂപയാണ്. ബാക്കി തുക ഇന്ത്യന്‍ റെയില്‍വേയെ അടിമുടി മാറ്റിമറിക്കാനായിരിക്കും ഉപോയഗിക്കുക. 15000 പുതിയ തൊഴിലവസരങ്ങളും ഈ പദ്ധതി സൃഷ്ടിക്കും. 100 ഗതി ശക്തി കാര്‍ഗോകളും അടുത്ത മൂന്ന് വര്‍ഷത്തില്‍ നിര്‍മ്മിക്കും. വന്ദേഭാരത് വേഗത്തില്‍ കുതിക്കുമ്പോള്‍ യാത്രക്കാരെ മാത്രമല്ല, ചരക്ക് ഗതാഗതത്തിന്റെ വേഗതയും വര്‍ധിപ്പിക്കും. ഇത് ഇന്ത്യയുടെ ബിസിനസ് കുതിപ്പിന് കരുത്തേകും.
വികസിത രാഷ്ട്രങ്ങളിലെ അതിവേഗ ട്രെയിനുകള്‍ കണ്ട് അന്തം വിടുന്ന ഇന്ത്യക്കാര്‍ക്ക് അതിനി ഇന്ത്യയിലും അനുഭവിക്കാനാവും. അതും 100 ശതമാനവും ഇന്ത്യയില്‍ നിര്‍മ്മിച്ച വന്ദേഭാരത് ട്രെയിനില്‍. ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ആവേശം കൊള്ളിക്കുന്ന വന്ദേഭാരത് യാത്ര വൈകാതെ അനുഭവവേദ്യമാകും.
മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നായി മാറുകയാണ് വന്ദേഭാരത്. രണ്ടാം മോദി സര്‍ക്കാരിന്റെ തൊട്ടുകാണിക്കാവുന്ന സുവര്‍ണ്ണാധ്യായമായി വന്ദേ ഭാരത് മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: