കോട്ടയം: എല്ലാ വിദ്യാര്‍ത്ഥികളും സ്കൂളിലെത്തുമ്പോള്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ആശങ്ക ഒഴിയുന്നില്ല. ഫെബ്രുവരി 28ന് മുമ്പ് മുഴുവന്‍ പാഠഭാഗങ്ങളും തീര്‍ക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. 75 മുതല്‍ 80 ശതമാനം വരെ ഇപ്പോള്‍ തന്നെ പഠിപ്പിച്ച് തീര്‍ന്നെന്നാണ് വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നത്. എന്നാല്‍ ഈ കണക്കുകള്‍ വാസ്തവമല്ലെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ശനിയാഴ്ചകള് പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനത്തെയും അധ്യാപക സംഘടനകള്‍ എതിര്‍ക്കുകയാണ്
ആയിരം മണിക്കൂര്‍ കൊണ്ട് പഠിപ്പിച്ച് തീര്‍ന്നെന്ന യുക്തിഹീനമായ കണക്ക് നിരത്തി സര്‍ക്കാര്‍ വാദിക്കുന്നതെന്ന അധ്യാപക സംഘടനകള്‍ പറയുന്നു. ഇതിനെല്ലാം പുറമേയാണ് ഫോക്കസ് ഏരിയ നിര്‍ണ്ണയം. ഇതനുസരിച്ച് ചോദ്യങ്ങളുടെ അനുപാതത്തിലും പാഠഭാഗങ്ങളുടെ എണ്ണത്തിലും ഗണ്യമായ ഭേദഗതി വരുത്തി. 60 ശതമാനം പാഠഭാഗങ്ങള്‍ ഫോക്കസ് ഏരിയയിലേക്ക് കൊണ്ട് വന്നു. അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ നല്‍കേണ്ടിയിരുന്ന പ്രധാന നിര്‍ദ്ദേശമാണ് പരീക്ഷ പടിവാതില്‍ക്കലില്‍ എത്തി നില്‍ക്കെ നല്‍കിയത്.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയ്ക്ക് ഫോക്കസ്,നോണ്‍ ഫോക്കസ് ഏരിയ എന്നിവ നന്നായി പഠിച്ചാല്‍ മാത്രമെ എ പ്ലസ് ലഭിക്കൂ എന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. നോണ്‍ ഫോക്കസ് ശ്രദ്ധാപൂര്‍വ്വം പഠിക്കാതെയിരുന്നാല്‍ എ പ്ലസ് പ്രതീക്ഷിക്കുന്ന വിദ്യാര്‍ത്ഥി ബി പ്ലസിലേക്ക് പോകും.വിദ്യാര്‍ത്ഥികളെ ആശങ്കപ്പെടുത്തുന്നതും ഈ കാര്യങ്ങളാണ്.
അതേ സമയം തന്നെ ഫോക്കസ്, നോണ്‍ ഫോ്ക്കസ് ഏരിയ ഉള്‍പ്പെടെയുള്ള പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ ലഭിക്കുന്നത് പരിമിതമായ സമയവും. ഇതിനിടെ ഡിഇഒ തലത്തില്‍ ഒരോ വിഷയവും പഠിപ്പിക്കുന്ന അധ്യാപകരുടെ യോഗം വിളിച്ച് പാഠഭാഗങ്ങള്‍ എവിടെ വരെയായി എന്ന് വിലയിരുത്തലും ആരംഭിച്ചു.ഓണ്‍ലൈനായി നടക്കുന്ന ഇത്തരം യോഗങ്ങളില്‍ പാഠഭാഗങ്ങള്‍ വേഗം തീര്‍ക്കാന്‍ അധ്യാപകര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 9 മുതല്‍ വൈകിട്ട് 4.45 വരെ സ്കൂളില്‍ ക്ലാസ്സുണ്ട്. മൂന്ന് ദിവസം പ്ലസ് വണ്ണിനും 3 ദിവസം പ്ലസ്ടൂവിനുമാണ് ക്ലാസ്സെങ്കിലും അധ്യാപകര്‍ മുഴുവന്‍ സമയവും സ്കൂളിലാണ്.
സ്കൂളില്‍ നിന്നു കൊണ്ട് ഓണ്‍ലൈന്‍ ക്ലാസ് എടുക്കാനാവശ്യമായ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഒട്ടുമിക്ക സ്കൂളുകളിലുമിലില്ലാത്തതാണ് പ്രധാന പ്രശ്നം. ഓഫ് ലൈന്‍ ക്ലാസ് തുടങ്ങിയതില്‍ പിന്നെ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ കയറാന്‍ കുട്ടികള്‍ താല്പര്യം കാണിക്കുന്നില്ലെന്നും അധ്യാപകര്‍ പറയുന്നു.
നിലവില്‍ ഫോക്കസ് ഏരിയ എന്നും നോണ്‍ ഫോക്കസ് എന്നും വെറുതെ പറയുന്നതാണെന്നും ചോദ്യങ്ങള്‍ എല്ലാഭാഗത്ത് നിന്ന് ഒരു പോലെ ഉണ്ടാകുമെന്നും സൂചനയുണ്ട്.
ഫോക്കസ് ഏരിയ നിശ്ചയിച്ചത് തന്നെ ആശാസ്ത്രിയമാണെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. കരിക്കുലം കമ്മിറ്റിയെ നോക്കുകുത്തിയാക്കി നിര്‍ത്തിയാണ് ഫോക്കസ് ഏരിയ നിശ്ചയിച്ചതെന്ന ആരോപണവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: