കൊച്ചി: ഇന്ത്യ തദ്ദേശീയമായി കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മിച്ച വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന ഭീഷണി സന്ദേശത്തിന്റെ ഉറവിടം കൊച്ചിയെന്ന് കണ്ടെത്തല്‍. 2021 ആഗസ്ത് 24 മുതല്‍ വിവിധ ഘട്ടങ്ങളിലായി എത്തിയ എല്ലാ ഭീഷണിസന്ദേശങ്ങളുടെയും ഉറവിടം കൊച്ചി തന്നെയാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.
സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ സൂത്രധാരന്‍ വലയിലായതായും സൂചനയുണ്ട്. എന്‍ഐഎ, എടിഎസ്, എടിഎസ് സൈബര്‍ വിങ്, ഐബി, നാവികസേന, നാവിക സേനാ ഐടി വിഭാഗങ്ങള്‍ ഒരുമിച്ചാണ് അന്വേഷണം നടത്തുന്നത്. നാവികസേനയിലെയും കൊച്ചി കപ്പല്‍ശാലയിലെയും ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സൂത്രധാരനെ കണ്ടെത്താന്‍ സാധിച്ചത്. മുപ്പതോളം നാവിക സേനാ ഉദ്യോഗസ്ഥരെയും സാങ്കേതിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന കപ്പല്‍ശാലയിലെ ഉദ്യോഗസ്ഥരെയും പല തവണ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വിഷയത്തില്‍ അന്വേഷണ ഏജന്‍സികളും നാവിക സേനയും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ നല്‍കിയിട്ടില്ല.
രഹസ്യ മെയിലുകള്‍ അയച്ച സെര്‍വര്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണെന്നും ടോറസ് നെറ്റ്വര്‍ക്ക് വഴിയോ പ്രോട്ടോണ്‍ നെറ്റ്വര്‍ക്ക് വഴിയോ ആണ് സന്ദേശങ്ങളെല്ലാം എത്തിയതെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ സെര്‍വര്‍ ഹോപ്പിങ്ങിലൂടെയാണ് സന്ദേശങ്ങള്‍ അയച്ചിരിക്കുന്നതെന്നും ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കൊച്ചി തന്നെയാണെന്നുമാണ് സംയുക്ത അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: