ദേവന്മാരും അസുരന്മാരും തമ്മിലുള്ള മഹായുദ്ധംപോലെ മഹാഭാരതയുദ്ധം ഉഗ്രമായപ്പോള് ധര്മ്മപുത്രന് പറഞ്ഞു, ”മഹാരഥന്മാരേ! എല്ലാവരും ദ്രോണനോടെതിര്ക്കുക. ദ്രോണവധത്തിന് പാഞ്ചാലനായ ധൃഷ്ടദ്യുമ്നനെ സഹായിക്കുക. അവനിപ്പോള്ത്തന്നെ ദ്രോണനെ വീഴ്ത്തും.” യുധിഷ്ഠിരന്റെ വാക്കുകേട്ടിട്ട് ദ്രോണവധാര്ത്ഥികളായ പാണ്ഡവപക്ഷമഹാരഥികള് ധൃഷ്ടദ്യുമ്നനെ പിന്തുണച്ചു.
കൊടുങ്കാറ്റ് ആഞ്ഞടിച്ചു. പടപേടിച്ചുപോകത്തക്കവിധം സൂര്യങ്കല്‍നിന്നു കൊള്ളിമീനുകള്‍ ചാടിവീണു. ദ്രോണന്റെ അസ്ത്രങ്ങള്‍ ജ്വലിക്കുന്നുണ്ടായിരുന്നു. തേരുകള്‍ ഇരമ്പി. കുതിരകള്‍ കണ്ണീര് വാര്‍ത്തു. ദ്രോണന് ഓജസ്സുകെട്ടമട്ടായി. അവന്റെ ഇടങ്കണ്ണും ഇടങ്കൈയും വിറച്ചു. മുന്നില്‍ ധൃഷ്ടദ്യുമ്നനെ കണ്ട അവന് പോരില്‍ മടുത്തു. ബ്രഹ്മാവും മുനീന്ദ്രരും പറഞ്ഞമാതിരി സ്വര്‍ഗം പൂകുവാന്‍ നേരമായെന്നു വിചാരിച്ചു. ഒരു നല്ല യുദ്ധത്തോടെ ഉയിര്വിടുവാന് ദ്രോണന് ഒരുങ്ങി. ഉടനെ ധൃഷ്ടദ്യുമ്നന്റെ സേന ദ്രോണനെ വളഞ്ഞു. ദ്രോണന് അവരെയെല്ലാം ചുട്ടെരിച്ചുകൊണ്ടിരുന്നു. പുകയറ്റ തീനാളംപോലെ പോരില്‍ ദ്രോണന് കത്തിനിന്നു. ബ്രഹ്മാസ്ത്രാദി മഹായുധങ്ങള്‍ പരസ്പരം വാരി പ്രയോഗിച്ചു. ധൃഷ്ടദ്യുമ്നന്‍ മഹാസ്ത്രത്താല്‍ ദ്രോണനെ മൂടി. രശ്മിതൂകുന്ന സൂര്യന് കണക്ക് ശരക്കൂട്ടങ്ങളെക്കൊണ്ടു ദിക്കടച്ചു. മര്‍മ്മങ്ങള്‍ പിളര്ക്കപ്പെട്ടുനില്ക്കുന്ന ദ്രോണന്റെ അടുക്കലേക്ക് തേരടുപ്പിച്ചുകൊണ്ട് ഭീമന് പറഞ്ഞു, ”ബ്രഹ്മജ്ഞാനികളാല്‍, സ്വകര്‍മ്മത്താല്‍ തൃപ്തിയില്ലാതെ, പഠിച്ചു പോരടിച്ചില്ലെങ്കില് ക്ഷത്രിയന്മാര് മുടിഞ്ഞുപോകില്ല. ജീവജാലങ്ങളെ കൊല്ലരുതെന്നല്ലേ ധര്‍മ്മത്തിന്റെ വഴി. മ്ലേച്ഛന്മാരെയും മറ്റുള്ളവരെയും കൊന്ന് അജ്ഞാനം നിമിത്തം മൂഢനായി, പുത്രന്, ഭാര്യ, ധനം എന്നിവയില്‍ ആര്ത്തികൊണ്ട് വികര്മ്മസ്ഥരെയും സ്വകര്മ്മസ്ഥരെയും ഒരു ദുഷ്ടന്റെ മാതിരി, ഒരു പുത്രനുവേണ്ടി പലരെക്കൊന്നും നടക്കുന്ന അങ്ങ് ഇക്കാര്യങ്ങളില്‍ നാണിക്കുന്നില്ലയോ? നീ ആര്‍ക്കുവേണ്ടി ശസ്ത്രമേന്തി, ആര്ക്കായി ജീവിക്കുന്നു? ആ അവന് ഇപ്പോള്‍ ചത്തുവീണു. ധര്മ്മപുത്രന് പറഞ്ഞില്ലയോ? ആ വാക്കില്‍ ഇനി ഭവാന് ശങ്കിക്കേണ്ട.”എന്നു ഭീമന് പറഞ്ഞുകേട്ട ദ്രോണന് ഉടനെ വില്ലുവെടിഞ്ഞു.
ശസ്ത്രം കൈവിട്ട ദ്രോണന് തേര്‍ത്തട്ടില്‍ ഇരുന്നു. അവനെക്കണ്ട ധൃഷ്ടദ്യുമ്നന്‍ ഘോരമായ തന്റെ വില്ലുമമ്പും തേര്‍ത്തട്ടില്‍ വെച്ചിട്ട് വാളെടുത്തുകൊണ്ട് ദ്രോണന്റെ നേര്‍ക്ക് ചാടിവീണു. അമ്പേറ്റു ചോരയയൊലിക്കുന്ന, ആയുധം കൈയിലില്ലാതിരുന്ന, എല്ലാവരാലും ധിക്കരിക്കപ്പെട്ടവനായ ദ്രോണനെ ധൃഷ്ടദ്യുമ്നന്‍ മുടിചുറ്റിപ്പിടിച്ച് ആ വാള്‍കൊണ്ട് വധിച്ചു. വാളിളക്കി പോര്‍ക്കളത്തില്‍ സിംഹനാദം മുഴക്കി ഹര്‍ഷംകൊണ്ട് ധൃഷ്ടദ്യുമ്നന്‍ മതിമറന്നാടി. അതുകണ്ട മനുഷ്യാദി ഭൂതജാലങ്ങളെല്ലാം ഹാ ഹായെന്നു വിളിച്ചു. ഹോ ഹോയെന്നു പാണ്ഡവപക്ഷവും വിളിച്ചു.
ദ്രോണന് ആയുധം വിട്ട് സൗമ്യനായി. ആ തപോനിധി ജ്യോതിസ്സാര്ന്നു പുരാണപുരുഷനായ വിഷ്ണുവില് സ്വമസ്സാലെ എത്തിച്ചേര്‍ന്നു. തെല്ല് മുഖമുയര്‍ത്തി, നെഞ്ചുയര്‍ത്തി, നിശ്ചലനായി കണ്ണുചിമ്മി ഹൃത്തില്‍ ധാരണയുള്ള ദ്രോണന് ഓമെന്ന ഏകാക്ഷരമുരുവിട്ട് ബ്രഹ്മജ്യോതിസ്സായി മാറി. ശത്രുക്കള്‍ക്കു ദുര്ഗ്ഗമമാകുന്ന സാക്ഷാല്‍ വാനേറി. ആ ഗുരു, രണ്ടു സൂര്യന്മാരെപ്പോലെ രണ്ടെന്നു തോന്നിക്കുമാറ് ഉയര്‍ന്നുപോയി ക്ഷണംകൊണ്ടു മറഞ്ഞു. യോഗിയാകുന്ന ആ മഹാത്മാവ് പരസ്സദ്ഗ്ഗതിയാണ്ടത് ഞാനും (സഞ്ജയന്) പാര്ത്ഥനാകുന്ന അര്‍ജ്ജുനനും ഭാരദ്വാജന്റെ പുത്രനും വാര്ഷ്ണേയനാകുന്ന കൃഷ്ണനും പാണ്ഡവന് ധര്‍മ്മരാജനും ചേര്‍ന്ന അഞ്ചുപേര്‍ മാത്രമാണ് കണ്ടത്. മറ്റാരും ആ ദ്രോണമാഹാത്മ്യത്തെക്കുറിച്ച് അറിഞ്ഞതേയില്ല.
സഞ്ജയന് പറഞ്ഞു, ”ദ്രോണന്റെ അസഹനീയമായ പതനം കേട്ടു മൃഗപ്രായരെ പ്പോലെ പേടിച്ചോടുന്ന നിന്റെ സൈന്യം പൈദാഹം പൂണ്ടുഴന്നും വിമനസ്സുകളായി ഭീതിപൂണ്ടോടി. ദ്രോണനെ കൊന്നതുകണ്ട് ശകുനി പടയോടെ പേടിച്ചോടി. പേടിച്ചുപോകുന്ന വമ്പടയെ കൂട്ടിപ്പിടിച്ചിട്ടും കര്ണ്ണന് പേടിച്ചു പിന്‍വാങ്ങി. മദ്രരാജാവായ ശല്യനും പിന്‍വാങ്ങി. ചത്തൊടുങ്ങീട്ടു ശേഷിച്ച കാലാള്‍പ്പടയുമായി കഷ്ടം കഷ്ടമെന്നു പറഞ്ഞുകൊണ്ട് കൃപനും പിന്‍വാങ്ങി. പായും അശ്വങ്ങളോടൊപ്പം കൃതവര്‍മ്മാവും ഓടി. യുവാവും സുന്ദരനും വീര്യവാനുമായ ദുശ്ശാസ്സനന്‍ ഭയന്ന് ആനപ്പടയോടുകൂടി ഓടി.
മക്കളെയും സഹോദരങ്ങളെയും അമ്മാവന്മാരെയും മറ്റു ചാര്ച്ചകാരെയുമൊക്കെത്തഴഞ്ഞ് കൗരവപ്പട പത്തു ദിക്കിലോട്ടും പാഞ്ഞുപോയി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: