ചാത്തന്നൂര്‍: ചാത്തന്നൂര്‍ പോലീസിനെതിരെ വ്യാജപരാതിയുമായി എസ്എഫ്ഐ നേതാവ്. എസ്എഫ്ഐ ഏരിയ സെക്രട്ടറിയെ ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ ചീത്ത വിളിക്കുകയും മര്‍ദിക്കുകയും ചെയ്തതായാണ് വ്യാജപാരാതി. പോലീസിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രി രണ്ടോടെ ഏരിയ സെക്രട്ടറിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ സ്റ്റേഷനില്‍ കൊണ്ടുപോയി പരിശോധന നടത്തിയതിനു ശേഷം സ്റ്റേഷനില്‍ നിന്നും തിരികെ പോകുമ്പോള്‍ ചീത്ത വിളിക്കുകയും മര്‍ദിച്ചെന്നുമാണ് പരാതിയിലുള്ളത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി ഇത്തിക്കര പാലത്തിന് സമീപം വച്ച് കാര്‍ തടഞ്ഞതായി പോലീസ് പറയുന്നു. പരിശോധന നടത്തി തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാര്‍ പക്ഷേ വീണ്ടും ചാത്തന്നൂര്‍ ജംഗഷന് സമീപം കാഞ്ഞിരംവിള ദേവി ക്ഷേത്രത്തിന് സമീപത്ത് സംശയാസ്പദമായി കാണാനിടയായി. ഇതോടെ കാര്‍ സ്റ്റേഷനിലേക്കെത്തിച്ചു. കാറിന്റെ രേഖകള്‍ പരിശോധിച്ച് കാറില്‍ ഉണ്ടായിരുന്ന അഞ്ചു പേരുടെയും പേര് വിവരങ്ങള്‍ ശേഖരിച്ച ശേഷം വിട്ടയ്ക്കുകയായിരുന്നു. കാറില്‍ സ്ത്രീകളോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല. സിസിടിവി ദൃശ്യങ്ങളില്‍ കാര്‍ ഇത്തിക്കരയില്‍ എത്തുന്നതും അര മണിക്കൂര്‍ കഴിഞ്ഞ് ചാത്തന്നൂര്‍ ജംഗ്ഷന് സമീപം കാഞ്ഞിരംവിള ക്ഷേത്രം റോഡിലും ഇതേ കാര്‍ ചുറ്റിയടിക്കുന്നതും പതിഞ്ഞിട്ടുണ്ട്. പോലീസ് സ്റ്റേഷനിലെ സിസിടിവിയിലും പോലിസ് ഉദ്യോഗസ്ഥര്‍ മര്‍ദിക്കുന്നതായി കാണുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് ചാത്തന്നൂര്‍ എസ്ഐക്കെതിരെ ജില്ലാ പോലീസ് മേധാവിക്കും ചാത്തന്നൂര്‍ എസിപിക്കും പരാതി നല്‍കിയെന്ന് എസ്എഫ്ഐ നേതാവ് പറയുമ്പോള്‍ ഏത് അന്വേഷണവും നേരിടാന്‍ തെളിവുകളുമായി കാത്തിരിക്കുകയാണ് പോലീസുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: