മനേസർ: ഹരിയാനയിലെ മനേസറില്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോപ്പറേഷന്റെ (ഇഎസ്‌ഐസി ) 500 കിടക്കകളുള്ള ആശുപത്രി ഉയരുന്നു. ഇതിന്റെ തറക്കല്ലിടല്‍ കർമ്മം കേന്ദ്ര തൊഴില്‍ മന്ത്രി ഭുപേന്ദര്‍ യാദവ് ഞായറാഴ്ച ദിവസം നിര്‍വഹിച്ചു. കേന്ദ്ര തൊഴില്‍ സഹമന്ത്രി രാമേശ്വര്‍ തേലി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല എന്നിവരും മറ്റു വിശിഷ്ടാതിഥികളും ചടങ്ങിൽ സംബന്ധിച്ചു.
500 കോടി രൂപ ചെലവില്‍ 8 എട്ട് ഏക്കര്‍ സ്ഥലത്താണ് ആശുപത്രി നിര്‍മ്മിക്കുന്നത്. അത്യാഹിത വിഭാഗവും, ഒപിഡിയും, ഐസിയുവും, ഗൈനക്കോളജിയും, പീഡിയാട്രിക്‌സും, ഓര്‍ത്തോപീഡിക്കും, കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളും ഉണ്ടായിരിക്കും. കൂടാതെ ബ്ലഡ് ബാങ്കും സ്ഥാപിക്കും.
ഗുരുഗ്രാമിലേയും സമീപ ജില്ലകളായ മഹേന്ദ്രഗഡ്, നൂഹ്, റെവാരി എന്നിവിടങ്ങളില്‍ നിന്നുമുള്ള ആറു ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഈ ആശുപത്രി വഴി ചികിത്സാ സൗകര്യം ലഭിക്കും. തൊഴിലാളികള്‍ക്കും മറ്റ് പൗരന്മാര്‍ക്കും ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം ഈ ആശുപത്രിയില്‍ ചികിത്സ ലിക്കും. ആശുപത്രിയുടെ ഡിസൈന്‍ തയ്യാറാക്കുന്നതിന് ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓപ്പണ്‍ മത്സരം സംഘടിപ്പിക്കുകയും ഒന്നാം സമ്മാനത്തിന് 2 ലക്ഷം രൂപയും രണ്ടാം സമ്മാനത്തിന് 1.5 ലക്ഷം രൂപയും മൂന്നാം സമ്മാനത്തിന് 1 ലക്ഷം രൂപയും ക്യാഷ് പ്രൈസ് പ്രഖ്യാപിക്കുകയും ചെയ്തു.
ഇഎസ്‌ഐസിക്ക് കീഴില്‍ പുതിയ ഡിസ്‌പെന്‍സറിയോ ആശുപത്രിയോ സ്ഥാപിക്കുന്നതിലുള്ള ദൂരവും ഇന്‍ഷ്വര്‍ ചെയ്ത വ്യക്തികളുടെ എണ്ണവും തൊഴില്‍ മന്ത്രാലയം പുന:പരിശോധിക്കുമെന്നും ഭൂപേന്ദര്‍ യാദവ് പറഞ്ഞു. കൂടാതെ, കേന്ദ്ര-സംസ്ഥാന പിന്തുണയുള്ള ഇഎസ്‌ഐ ആശുപത്രികളിലേയും ഡിസ്‌പെന്‍സറികളിലേയും ഡോക്ടര്‍മാര്‍ക്ക് തുല്യ വേതന വ്യവസ്ഥ നയവും അദ്ദേഹം പ്രഖ്യാപിച്ചു. ഇഎസ്‌ഐസി ആശുപത്രികളിലെ നഴ്‌സിംഗ് ജീവനക്കാരുടെ ആവശ്യം പരിഗണിച്ച് മനേസറില്‍ നഴ്‌സിംഗ് കോളജ് തുറക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. നഴ്‌സിംഗ് കോളജിന് 5 ഏക്കര്‍ ഭൂമി നല്‍കുമെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.
അല്‍വാറില്‍ ഇഎസ്‌ഐസിയുടെ തന്നെ മറ്റൊരു മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്നും ഭൂപേന്ദര്‍ യാദവ് പറഞ്ഞു. ഇഎസ്‌ഐ ആശുപത്രികളില്‍ തൊഴില്‍പരമായി പകരുന്ന രോഗങ്ങളുടെ ചികിത്സക്കായി പ്രത്യേക വിഭാഗം സജീകരിക്കും. ഇഎസ്‌ഐസി ആശുപത്രികളില്‍ 40 വയസ്സിന് മുകളിലുള്ള ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് ഘട്ടംഘട്ടമായി വൈദ്യപരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. ലോക യോഗാ ദിനത്തോടനുബന്ധിച്ച് ജൂണ്‍ മാസത്തില്‍ രാജ്യത്തുടനീളമുള്ള ഇഎസ്‌ഐസി ഡിസ്‌പെന്‍സറികളും ആശുപത്രികളും യോഗ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് യാദവ് അറിയിച്ചു.
തൊഴിലാളികള്‍ക്കായി 4 മാസത്തിനുള്ളില്‍ 25 കോടി ഇ-ശ്രം കാര്‍ഡുകള്‍ വിതരണം ചെയ്തതായും യാദവ് പറഞ്ഞു. കുടിയേറ്റക്കാരുടേയും, വീട്ടുജോലിക്കാരുടേയും അവസ്ഥകള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഒരു സര്‍വേ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. കൊവിഡ് കാരണം മരണമടഞ്ഞ വ്യക്തികളുടെ ബന്ധുക്കള്‍ക്ക് ഇ-ശ്രം കാര്‍ഡുകള്‍ ഇഡിഎല്‍ഐ സ്‌കീമിന് കീഴിലുള്ള പണമടയ്‌ക്കല്‍ എന്നിവയും പരിപാടിയില്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: