കോട്ടയം: കുമാരനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായ സിപിഎം നേതാവ് ഇടപാടുകാരെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു. മുന്‍ സിപിഎം കുമാരനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന ഇയാള്‍ നിലവില്‍ ഏറ്റുമാനൂര്‍ ഏരിയാ കമ്മറ്റി അംഗമാണ്. ഇതേ ബാങ്കില്‍ കളക്ഷന്‍ ഏജന്റുമാണ്. ഇതേ കുറ്റത്തിന് മുമ്പ് പല തവണ ഇയാള്‍ പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും രാഷ്ട്രിയ സ്വാധീനത്താല്‍ രക്ഷപ്പെടുകയായിരുന്നു. ഇപ്പോള്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നതോടെയാണ് ഭരണസമിതി ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കിയത്.
ഒരു നിക്ഷേപകന് ആറു മാസം മുമ്പ് എടുത്ത വായ്പയില്‍ ബാക്കി തിരിച്ചടയ്കാനുണ്ടായിരുന്ന അറുപതിനായിരം രൂപ ബാങ്കിന്റെ രസീത് വാങ്ങി ഈ നേതാവിന്റെ കൈയില്‍ തിരിച്ചടവിനായി ഏല്പിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഈ തുക ബാങ്കില്‍ അടയ്ക്കാതെ സ്വന്തം പോക്കറ്റില്‍ നിക്ഷേപിച്ച് വന്‍ തട്ടിപ്പ് നടത്തുകയായിരുന്നു. പിന്നീട് നിക്ഷേപകന് മറ്റൊരു ലോണിനായി ബാങ്കിനെ സമീപിച്ചപ്പോഴാണ് കളക്ഷന്‍ ഏജന്റിനെ ഏല്പിച്ച തുക ബാങ്കില്‍ എത്തിയിട്ടില്ലെന്ന് അറിയുന്നത്. ഗുരുതരമായ തട്ടിപ്പ് നടത്തിയ എജന്റിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ബാങ്ക് ഭരണസമിതിക്ക്. താന്‍ അടച്ച 60000 രൂപ ഇയാള്‍ തട്ടിയെടുത്തുവെന്നും പോലീസ് കേസ് എടുത്തു അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ഒതുക്കി തീര്‍ക്കാനായി വലിയ ഒരു ലോണ്‍ അനുവദിച്ച് നിക്ഷേപകനെ വിഷയത്തില്‍ നിന്നും പിന്തിരിപ്പിക്കാനാണ് ബാങ്ക് ഭരണാധികാരികള്‍ ശ്രമിച്ചത്.
ഇയാള്‍ നടത്തിയിട്ടുള്ള തട്ടിപ്പുകളെ തുടര്‍ന്ന് പലതവണ പാര്‍ട്ടിയിലും, സിപിഎം. ഭരിക്കുന്ന ഈ ബാങ്കിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പുകള്‍ വകവെയ്ക്കാതെ പാര്‍ട്ടി നേതൃത്വം ഇയാളെ സംരക്ഷിച്ചു വരുകയായിരുന്നു. ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ ഈ നേതാവിന്റെ കൈയില്‍ വായ്പാ തിരിച്ചടവ് തുക ഏല്പിച്ച മുഴുവന്‍ നിക്ഷേപകര്‍ക്കും ബാങ്കില്‍ നേരിട്ടെത്തി തിരിച്ചടവ് തുക ഒത്തു നോക്കണം എന്നാവശ്യപ്പെട്ടു കത്തയയ്ക്കുകയും ചെയ്തു. ഇതെ തുടര്‍ന്ന് കത്ത് ലഭിച്ച് ബാങ്കില്‍ എത്തിയ പാവപ്പെട്ട നൂറ് കണക്കിന് നിക്ഷേപകരുടെ തുക ബാങ്കില്‍ ഇയാള്‍ തിരിച്ചടച്ചിട്ടില്ല എന്ന് ബാങ്കിന് ബോധ്യപ്പെട്ടു. തുടര്‍ന്ന് ബാങ്ക് നടത്തിയ അന്വേഷണത്തില്‍ ഈ നേതാവ് നിരവധി നിക്ഷേപകരുടെ പക്കല്‍ നിന്നായി 25 ലക്ഷം രൂപ തട്ടിയെടുത്തതായി തെളിഞ്ഞു. ഗത്യന്തരമില്ലാതെ ബാങ്ക് ഇയാളെ പുറത്താക്കുകയായിരുന്നു.
ഭരണ സമിതിയുടെ കുടുംബസ്വത്തായിട്ടാണ് ഈ സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. സാധാരണക്കാരന് ഒരു വായ്പക്ക് ചെന്നാല്‍ നിയമവും ചട്ടവും പറഞ്ഞ് രണ്ട് ലക്ഷം രൂപ വരെയുള്ള ചെറിയ വായ്പ നല്കി ഒഴിവാക്കുകയാണ്. എന്നാല്‍ ഈ ബാങ്കില്‍ ജോലി ഉള്ളവരുടെ ബന്ധുവോ, സിപിഎം പ്രവര്‍ത്തകരോ ആണ് വായ്പക്ക് അപേക്ഷിക്കുന്നതെങ്കില്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി 10 ലക്ഷം രൂപ വരെ അനുവദിക്കും. ബാങ്കിന്റെ വിശ്വാസ്യതയില്‍ നിക്ഷേപകര്‍ക്ക് സംശയങ്ങളാണ്. ഇവിടെ നിന്നും പലരും നിക്ഷേപങ്ങള്‍ പിന്‍വലിച്ചു തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിയുടെ പേരില്‍ വര്‍ഷങ്ങളായി ഇയാള്‍ നടത്തിയിട്ടുള്ള സാമ്പത്തിക തട്ടിപ്പുകള്‍ പാര്‍ട്ടി നേതാക്കന്മാര്ക്കും അറിവുള്ളതാണ്.
ഈ ബാങ്കിലെ സിപിഎം നേതാക്കന്മാരുടെ നിക്ഷേപങ്ങള്‍ക്കെതിരെയും സാമ്പത്തിക തട്ടിപ്പിനെതിരെയും വിജിലന്‍സ് അന്വേഷണം നടത്തി ഇയാളെ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികളെയും സഹകാരികളെയും സംഘടിപ്പിച്ചു കൊണ്ട് ജനകീയ സമരങ്ങള്‍ നടത്തുമെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: