മോസ്കോ: അമേരിക്കയുടെ ശക്തമായ മുന്നറിയിപ്പിനു ശേഷവും ഉക്രൈന് അതിര്‍ത്തിയില്‍ റഷ്യ സൈനിക നീക്കം ശക്തമാക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തു വന്നു. ക്രിമിയ, പടിഞ്ഞാറന്‍ റഷ്യ, ബലാറസ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് യൂറോപ്യന്‍ മാധ്യമങ്ങള്‍ ശേഖരിച്ച ഉപഗ്രഹ ചിത്രങ്ങളാണ് റഷ്യന്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ സംബന്ധിച്ച സൂചനകള്‍ നല്‍കുന്നത്.
റഷ്യന്‍ പ്രഡിഡന്റ് വഌഡിമിര്‍ പുടിനുമായി ഫോണില്‍ ഒരു മണിക്കൂറോളം സംസാരിച്ചാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പു നല്‍കിയത്. ഉക്രൈനില്‍ ഏതെങ്കിലും തരത്തിലുള്ള അധിനിവേശം ഉണ്ടായാല്‍ റഷ്യ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു ബൈഡന്റെ മുന്നറിയിപ്പ്. സംഘര്‍ഷ സാഹചര്യം നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും ബൈഡന് ആവശ്യപ്പെട്ടു.
പുടിന്-ബൈഡന് ഫോണ്‍ സംഭാഷണം കാര്യമായ പ്രയോജനമുണ്ടാക്കിയില്ലെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ചയ്ക്കകം ഉക്രൈനെ റഷ്യ ആക്രമിച്ചേക്കുമെന്നാണ് അമേരിക്ക പറയുന്നത്. ഉക്രൈന് അതിര്‍ത്തിയില്‍ ആഴ്ചകളായി ഒരു ലക്ഷത്തിലേറെ സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. ക്രിമിയയില്‍ മാത്രം കഴിഞ്ഞ രണ്ടു ദിവസത്തിനിടെ റഷ്യയുടെ പുതിയ 550 സൈനിക ടെന്‍ഡുകള്‍ സ്ഥാപിച്ചു എന്നാണ് റിപ്പോര്‍ട്ട്. ബലാറസില്‍ ഉക്രൈന്റെ അതിര്‍ത്തിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഗോമലിലെ സിയബ്രോവ്ക വ്യോമത്താവളത്തില്‍ സൈനിക ഹെലിക്കോപ്റ്ററുകളുടെ പുതിയ വിന്യാസം ദൃശ്യമായെന്നും ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: