ഒരു ഇടവേളയ്ക്കുശേഷം ഇന്നു വീണ്ടും സ്കൂളുകള്‍ തുറക്കുകയാണ്. ആദ്യ ഒരാഴ്ച ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസ്സുകള്‍ ഉച്ചവരെ ബാച്ചുകളായി പുനരാരംഭിക്കാനാണ് തീരുമാനം. തുടര്‍ന്നു ക്ലാസ്സുകള്‍ വൈകിട്ടു വരെയാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതു സംബന്ധിച്ച് കൂടുതല്‍ ആലോചന വേണമെന്ന ധാരണയില്‍ അധികൃതര്‍ എത്തിച്ചേരുകയാണുണ്ടായത്. നാളെ അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രം മുഴുവന്‍ കുട്ടികളെയും ക്ലാസ്സില്‍ എത്തിച്ചാല്‍ മതിയെന്നാണ് ആലോചന. അതുവരെ പകുതി കുട്ടികള്‍ എത്തുന്നവിധം ബാച്ചുകളായി തിരിച്ച് ഉച്ച വരെ ക്ലാസ്സുകള്‍ നടത്താനുള്ള പദ്ധതിയുമായാണ് മുന്നോട്ടുപോകുന്നത്. ഓണ്‍ലൈന്‍ -ഓഫ്ലൈന് ക്ലാസുകള്‍വഴി മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളാനാവും. ഈ മാസം 21 മുതല്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസ്സുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി സാധാരണ നിലയില്‍ പഠനം തുടരാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. അധ്യയനത്തിന്റെ സ്വഭാവം സംബന്ധിച്ച തീരുമാനങ്ങള്‍ എന്തുതന്നെ ആയിരുന്നാലും അത് യഥാസമയം കൈക്കൊള്ളാനും, അറിയിക്കേണ്ടവരെയൊക്കെ കൃത്യമായി അറിയിക്കാനും ബന്ധപ്പെട്ടവര്‍ക്ക് കഴിയണം. മേല്‍നോട്ടവും വേണം. ഇക്കാര്യങ്ങളില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായാല്‍ എല്ലാം താളം തെറ്റും.
കൊവിഡ് കാലത്തെ അധ്യാപനത്തിന് പല അപര്യാപ്തതകളുമുണ്ടായിരുന്നു. അധ്യയനം സംബന്ധിച്ച് ഏകീകൃത തീരുമാനം ഉണ്ടാവാതിരുന്നതാണ് മുഖ്യകാരണം. ക്ലാസ്സുകള്‍ എങ്ങനെ വേണമെന്ന തീരുമാനം സ്കൂള്‍ മാനേജുമെന്റുകളുടെ വിവേചനാധികാരത്തിന് വിട്ടുകൊടുത്തതുപോലെയായിരുന്നു. ഇത് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പ്രയാസങ്ങളുണ്ടാക്കി. ഈ രീതി ആവര്‍ത്തിക്കപ്പെടാതെ നോക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. സാധാരണഗതിയിലുള്ള അധ്യയന വര്‍ഷത്തിന്റെ അവസാന കാലമായപ്പോഴാണ് സ്കൂളുകള്‍ തുറക്കാന്‍ പോകുന്നത്. അവശേഷിക്കുന്ന സമയംകൊണ്ട് പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കി ഫൈനല്‍ പരീക്ഷ നടത്തണമെങ്കില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തില്‍ പതിഞ്ഞാല്‍ മാത്രമേ ഇതിന് കഴിയൂ. സ്കൂള്‍ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും സമ്പൂര്‍ണ സഹകരണം ആവശ്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അധ്യാപനത്തില്‍ വരുന്ന തടസ്സങ്ങളും അധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങളും എന്തൊക്കെയാണെന്ന് മനസ്സിലാക്കി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കണം. വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉദാരമായ സമീപനം ഉണ്ടായാലേ ഇതിന് കഴിയൂ. പരിഹരിക്കപ്പെടേണ്ടതായ പ്രശ്നങ്ങള്‍ നീട്ടിവയ്ക്കാനുള്ള സാവകാശമില്ല.
തീര്‍ച്ചയായും കുട്ടികള്‍ ആഹ്ലാദത്തോടെയാവും ക്ലാസ്സുകളിലേക്ക് വരിക. ഓണ്‍ലൈന്‍ വഴിയുള്ള പഠനം നടക്കുന്നുണ്ടെങ്കിലും ക്ലാസ്സു മുറികളില്‍നിന്നുള്ള അനുഭവം അവര്‍ക്ക് ലഭിച്ചിരുന്നില്ല. കൂട്ടുകാരെ നേരില്‍ കാണാനും കളിചിരികള്‍ക്കുമുള്ള അവസരം നഷ്ടമായതിന്റെ ദുഃഖം പറഞ്ഞറിയിക്കാവുന്നതല്ല. കൊവിഡ് മഹാമാരി ഒഴിഞ്ഞുപോകാത്ത സാഹചര്യത്തില്‍ ക്ലാസ്സുകള്‍ ആരംഭിച്ചാലും ഇതിനുള്ള സാഹചര്യം പരിമിതമാണെങ്കിലും പരസ്പരം കാണാനുള്ള അവസരം അവര്‍ക്ക് ലഭിക്കും. ഇതോടൊപ്പം വലിയ ആശങ്കകളുമുണ്ട്. വിദ്യാര്‍ത്ഥികള്‍ വാഹനങ്ങളില്‍ സ്കൂളുകളിലേക്ക് വരുന്നതും, ക്ലാസ്സുകളിലും മറ്റും ഇടപഴകുന്നതുമാണ് ഇതിനു കാരണം. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും സാനിറ്റൈസേഷനുമൊക്കെ വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് ചെറിയ ക്ലാസ്സുകളിലെ കുട്ടികളെ കൊവിഡ് നിയന്ത്രണങ്ങളിലേക്ക് കൊണ്ടുവരികയെന്നത്. സ്കൂളിന്റെയും ക്ലാസ് മുറികളുടെയും ശുചീകരണം ഒഴിവാക്കാനാവില്ല. മറ്റൊന്ന് കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങളാണ്. മണിക്കൂറുകളോളം മാസ്ക് ധരിച്ച് ഇരിക്കേണ്ടി വരുന്നത് പല അസ്വസ്ഥതകള്‍ക്കും ഇടവരുത്താം. അധ്യയനത്തിനു പുറത്ത് ഇക്കാര്യങ്ങളിലൊക്കെ സ്കൂള്‍ അധികൃതരുടെ മതിയായ ശ്രദ്ധ പതിയേണ്ടതുണ്ട്. അതേസമയം മഹാമാരിയുടെ പ്രശ്നങ്ങള്‍ പഠനത്തെ ബാധിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: