കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു(26)വാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ ഹേമന്ത്, അരവിന്ദ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കണ്ണൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.
തോട്ടടയിലെ കല്ല്യാണവീടിന്റെ സമീപത്താണ് സംഭവമുണ്ടായത്. കല്ല്യാണവീട്ടില്‍ കഴിഞ്ഞദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇത് പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. രാവിലെ ചാലാട് വധൂഗൃഹത്തില്‍വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാര്‍ട്ടി വീട്ടിലേക്ക് ആഘോഷമായി വന്നതിന് പിന്നാലെയാണ് സ്ഫോടനമുണ്ടായത്. മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തലയോട്ടി ചിതറി്. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കൂടി പോലീസ് കണ്ടെടുത്തു.
ബോംബുമായി അക്രമിക്കാന്‍ വന്ന സംഘത്തില്‍പ്പെട്ട യുവാവ് തന്നെയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമികവിവരം. കൂട്ടത്തില്‍ ഉളളവരില്‍ ആരോ എറിഞ്ഞ ബോംബ് അബദ്ധത്തില്‍ ജിഷ്ണുവിന്റെ തലയില്‍ കൊണ്ട് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് നിഗമനം.
ശനിയാഴ്ച രാത്രിയുണ്ടായ തര്‍ക്കത്തിന് പ്രതികാരമായാണ് സംഘം ബോംബുമായി വന്നതെന്നാണ് നിഗമനം. എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരണമുണ്ടായിട്ടില്ല. കൂട്ടത്തോടെ ഒരു പറ്റം യുവാക്കള്‍ ടെംമ്പോട്രാവലറില് സ്ഥലത്തെത്തിയ ശേഷമാണ് സ്ഫോടനം നടന്നതെന്ന് ദൃക്സാക്ഷികളായ നാട്ടുകാര്‍ പറയുന്നു. അക്രമി സംഘം ഓടി മറയുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഏച്ചൂര്‍ ബാലക്കണ്ടി വീട്ടില്‍ പരേതനായ മോഹനന്-ശ്യാമള ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ജിഷ്ണു. കെട്ടിടനിര്‍മാണ തേപ്പ് തൊഴിലാളിയാണ്. സഹോദരന്: മെഹുല്‍.
കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നു: കെ.സുരേന്ദ്രന്
തിരുവനന്തപുരം: കണ്ണൂരില്‍ വിവാഹഘോഷയാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊല ചെയ്ത സംഭവം കേരളത്തിന്റെ ക്രമസമാധാന തകര്‍ച്ചയുടെ ഒടുവിലത്തെ ഉദ്ദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ നാട്ടില്‍ നടന്ന സംഭവം ലോകത്ത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സിപിഎമ്മിന്റെ കൊട്ടേഷന്‍ സംഘങ്ങളുടെ ചേരിപ്പോരാണ് കണ്ണൂരിലെ ദാരുണ സംഭവത്തിന് പിന്നില്‍. പിണറായി വിജയന്റെ ഭരണത്തില്‍ കേരളത്തില്‍ ഗുണ്ടകളും കൊട്ടേഷന്‍ സംഘങ്ങളും അഴിഞ്ഞാടുകയാണ്. ഗുണ്ടകള്‍ വെട്ടി മരിക്കുന്നതിനോടൊപ്പം പൊതുജനങ്ങളുടെ സമാധാനവും ഇല്ലാതായി കഴിഞ്ഞു. രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെ ഏറ്റവും അതിക്രമങ്ങളുണ്ടാവുന്ന സംസ്ഥാനമായി കേരളം മാറി. 2021 ല്‍ സ്ത്രീകള്‍ക്കെതിരെ 16,418 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം 3549 പോക്സോ കേസുകളാണ് എടുത്തത്. കുട്ടികള്‍ക്ക് പോലും രക്ഷയില്ലാത്ത സംസ്ഥാനമായി ഇടത് ഭരണം കേരളത്തെ മാറ്റി. സ്ത്രീപീഡന കേസുകളില്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരും പ്രതികളാവുമ്പോള്‍ കേസ് എടുക്കാന്‍ പോലും പൊലീസ് തയ്യാറാവുന്നില്ല. പിണറായി വിജയന്റെ ഭരണത്തില്‍ 6 വര്‍ഷത്തിനിടെ ഒരൊറ്റ സ്ത്രീപീഡന കേസില്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. സ്വന്തം നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് യുപിയെ അപമാനിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: