തിരുവനന്തപുരം: കൊവിഡ് ചികിത്സയുടെ ഭാഗമായ ആന്റിജന്‍, ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്ക് നിരക്ക് കുറച്ചതില്‍ കേരള മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധത്തിലേക്ക്. കേരളത്തിലെ 150ല്‍ താഴെ ലാബുകളില്‍ മാത്രം ചെയ്യുന്ന പരിശോധനയ്‌ക്ക് ലാബുടമകളുമായി ആലോചിക്കാതെ സര്‍ക്കാര്‍ നിരക്ക് നിശ്ചയിച്ചതോടെയാണ് അസോസിയേഷന്‍ പ്രതിഷേധവുമായെത്തിയത്. കഴിഞ്ഞ മൂന്നു തവണ നിരക്ക് കുറച്ചപ്പോഴും പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സഹകരിച്ചുവെന്ന് അസോസിയേഷന്‍ പറയുന്നു.
ഇപ്പോള്‍ത്തന്നെ നഷ്ടം സഹിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. തുക വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കെയാണ് പുതിയ തീരുമാനം. കൂടിയ വിലയ്‌ക്ക് നേരത്തെ വാങ്ങിവച്ചിരിക്കുന്ന പരിശോധനാ കിറ്റുകള്‍ക്ക് മുടക്കിയ തുക നഷ്ടമാകുന്നതായും ലാബുടമകള്‍ പരാതിപ്പെടുന്നു. സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നടപടി ശരിയല്ലെന്നാണ് ലാബുടമകളുടെ വാദം. കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് പ്രത്യേക വാര്‍ഡും സ്റ്റാഫുകളെയും നിശ്ചയിക്കേണ്ടി വരുന്നതിന്റെ അധികബാധ്യത ലാബുകള്‍ക്ക് സഹിക്കേണ്ടിവരികയാണെന്നും അവര്‍ പരാതിപ്പെടുന്നു. ലാബുടമകളുമായി ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്തണമെന്നും അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: