കൊല്ലം: മുഖ്യമന്ത്രിയുടെ റോഡ് നിര്‍മാണ ഫണ്ടില്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ പണം ലഭിച്ചിട്ട് രണ്ടു വര്‍ഷമായെന്നും കേന്ദ്ര നയം സംസ്ഥാനത്തും നടപ്പാക്കണമെന്നും ഗവ. കോണ്‍ട്രാക്ടേഴ്സ് സംയുക്ത സമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിര്‍മാണം പൂര്‍ത്തിയായി നീണ്ടനാള്‍ കാത്തിരുന്നാലും പണിചെയ്ത ബില്‍ മാറി നല്‍കുന്നില്ല. ഓഫീസുകളില്‍ എത്തിയാല്‍ അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് ബില്‍ മാറുന്നതിന് കാലതാമസം വരുത്തുന്നു. ബില്‍ ഡിസ്കൗണ്ടിങ് രീതി പരിഷ്കരിക്കണമെന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ കരാറുകാര്‍ക്ക് പണം ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാനവും സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
175 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടുകൂടി ബില്ലുകളുടെ പണം അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ കരാറുകാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. 2018 ല്‍ കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ഇതു നടപ്പില്‍ വരുത്തിയത്. ഇത് കേരളത്തിലും നടപ്പിലാക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണംപള്ളി, കൊല്ലം ജില്ലാ ഗവ. കോണ്‍ട്രാക്ടേഴ്സ് കോപ്പറേറ്റീസ് സൊസൈറ്റി പ്രസിഡന്റ് പുണര്‍തം പ്രദീപ്, ആള് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പ്രതിനിധികളായ കൃഷ്ണലാല്‍, മന്മദന്പിള്ള, രാജു. എസ്, പി.എച്ച്. റഷീദ്, കെ.കെ. നൗഷാദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: