ബെംഗളൂരു : ഹിജാബിന്റെ പേരില്‍ സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ അരങ്ങേറുന്നത് ഒഴിവാക്കന്നിനായി ഉഡുപ്പിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉടുപ്പിയിലെ എല്ലാ ഹൈസ്കൂള്‍ പരിസരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ഉഡുപ്പി ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു.
തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ ശനിയാഴ്ച വൈകിട്ട് ആറ് മണിവരെയാണ് സ്കൂളുകളുടെ പരിസരങ്ങളില്‍ 144 പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍വരും. സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്കൂള്‍ പരിസരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന ഉഡുപ്പി എസ്പി ഡെപ്യൂട്ടി കമ്മിഷണറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതോടെ സ്കൂളുകളുടെ 200 മീറ്റര്‍ പരിസരത്ത് കൂട്ടം ചേരുന്നതിന് വിലക്കുണ്ട്. നേരത്തെ ബെംഗളൂരുവിലും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്കൂളുകള്‍, കോളേജ് പരിസരത്ത് ഫെബ്രുവരി 22 വരെയാണ് അവിടെ 144 പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ഹിജാബിന്റെ പേരിലുണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ണാടക സര്‍ക്കാരും അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്തെ കോളേജുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ചവരെ കോളേജുകള്‍ അടച്ചിടും. കോളേജുകള്‍ക്ക് പുറമെ 11, 12 ക്ലാസുകളും ബുധനാഴ്ച വരെ ഉണ്ടാകില്ല. കഴിഞ്ഞ ദിവസം ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കര്‍ണാടകത്തില്‍ രണ്ടിടത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: