1. ദേശീയ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം, അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നിര്‍ണ്ണായകമാണ്. ഉത്തര്‍പ്രദേശാണ് പ്രധാന ശ്രദ്ധാകേന്ദ്രം. മനോഹര്‍ പരീക്കര്‍ യുഗത്തിന് ശേഷം താങ്കളാണ് ഗോവയില്‍ ബിജെപിയുടെ മുഖം. കൂട്ടുമന്ത്രിസഭയുടെ ബാലന്‍സിങ് ഉള്‍പ്പടെ നിരവധി കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ എന്തെല്ലാമാണ് ബിജെപിയുടെ മുന്നിലുള്ള വെല്ലുവിളികള്‍?
മനോഹര്‍ പരീക്കറിന്റെ മരണത്തിന് ശേഷം ആദ്യമായല്ല തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും നടന്നു. പരീക്കര്‍ മഹാനായ നേതാവായിരുന്നു. ഇന്നീ കാണുന്ന പുരോഗതിയിലേക്ക് നമ്മള് എത്തിയത് അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ടാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ ബിജെപി വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന മോദി സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടലുകളാണ് കഴിഞ്ഞ എട്ട് വര്‍ഷമായി സംസ്ഥാനത്തെ വികസനക്കുതിപ്പിന് സഹായകമായത്. ഇതിന് മുമ്പുള്ള അമ്പത് വര്‍ഷം ഇത്തരത്തിലൊന്ന് സംഭവിച്ചിട്ടില്ല. ഗോവയിലെ ജനങ്ങള്‍ ഇക്കുറിയും ബിജെപിയെ തന്നെ തെരഞ്ഞെടുക്കും.
2. ഈ തെരഞ്ഞെടുപ്പില്‍ ഗോവ വ്യത്യസ്തമാകുന്നതിന് മറ്റൊരു കാരണമുണ്ട്. ഗോവ രാഷ്ട്രീയത്തിലേക്ക് മറ്റ് പാര്‍ട്ടികള്‍ കൂടി കടന്നുവരുന്നു. എഎപി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയവര്‍ പുതിയ അജണ്ടയുമായി വരുന്നു. ബദലാണെന്ന അവകാശവാദമുന്നയിക്കുന്നു. ഇതിനെ എങ്ങനെ കാണുന്നു?
തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമാണ് നവാഗതര്‍. എഎപി 2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ നേരത്തെ തന്നെയുണ്ട്. ടിഎംസി, എഎപി പോലുള്ള പാര്‍ട്ടികള്‍ അതാത് സംസ്ഥാനങ്ങളില്‍ എന്താണ് ചെയ്തിട്ടുള്ളതെന്ന് ഗോവയിലെ ജനങ്ങള്‍ക്കറിയാം. ദല്‍ഹിയിലും പശ്ചിമ ബംഗാളിലും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അവര്‍ക്കറിയാം. ആ സംസ്ഥാനങ്ങളിലെ മോശം രാഷ്ട്രീയ സംസ്കാരം ഗോവയിലേക്ക് കടന്നുവരില്ലെന്ന് അവര്‍ ഉറപ്പുവരുത്തും. സംശുദ്ധ ഭരണത്തിന് ബിജെപി അധികാരത്തില്‍ വരണമെന്നാണ് ഗോവാ ജനതയുടെ ആഗ്രഹം.
3 പുനരുജ്ജീവനം കാത്തിരിക്കുന്ന ഖനി മേഖലയാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം. ഈ മേഖല വീണ്ടും തുറന്നുകൊടുക്കുമെന്ന വാഗ്ദാനമാണ് എല്ലാ രാഷ്ട്രീയ കക്ഷികളും മുന്നോട്ട് വയ്ക്കുന്നത്. ടൂറിസം പോലെ തന്നെ പ്രധാന ഉപജീവനോപാധിയായിരുന്നു ഖനന മേഖലയും. അനധികൃത ഖനനം വിവാദമായതോടെ 2012 ല്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം അനുമതി നിഷേധിച്ചു. ഖനനം പുനരാരംഭിക്കുമോ, ഈ വിഷയത്തില്‍ ബിജെപിയുടെ നിലപാട് എന്താണ്?
ഖനനം സംബന്ധിച്ച് രണ്ട് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. അതില്‍ പ്രധാനം മൈനിങ് കോര്പ്പറേഷന് രൂപീകരണമാണ്. പ്രവര്‍ത്തനവും ആരംഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഡംബിങ് നയം പ്രഖ്യാപിച്ചതിന് ശേഷം ഗോവയിലും അത് നടപ്പാക്കി. ഖനി മേഖല തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ഇതും വഴിയൊരുക്കി. ഖനികള്‍ പാട്ടത്തിന് നല്‍കുന്നതിനുള്ള ലേല നടപടിക്രമങ്ങള്‍ മൈനിങ് കോര്പ്പറേഷന് തുടങ്ങി. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഖനി പ്രവര്‍ത്തനങ്ങളും അയിര് വേര്‍തിരിക്കലും പുനരാരംഭിക്കും. സുസ്ഥിരമായ വികസനത്തെ കുറിച്ചാണ് ബിജെപി പറയുന്നത്. ഖനി മേഖലയില്‍ വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും പ്രോത്സാഹിപ്പിക്കില്ല. പരിസ്ഥിതിയെക്കൂടി പരിഗണിച്ചുകൊണ്ട് മാത്രമേ കാര്യങ്ങള്‍ ചെയ്യൂ. സുസ്ഥിര വികസനത്തില്‍ ഗോവയുടെ റാങ്ക് ഏഴില്‍ നിന്ന് മൂന്നായി മെച്ചപ്പെടുത്താന്‍ സാധിച്ചു.
4. രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനങ്ങളിലൊന്നാകാന്‍ ഗോവയെ സഹായിച്ചത് എന്തെല്ലാം?
വികസന കാര്യത്തില്‍ ചെറു സംസ്ഥാനങ്ങളില്‍ ഗോവ ഉയര്‍ന്ന സ്ഥാനത്താണ്. റാങ്ക് ഏഴില്‍ നിന്ന് മൂന്നിലേക്കെത്തി. സുരക്ഷ, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍, എല്ലാ വീടുകളിലും പൈപ്പ് മുഖേന ശുദ്ധ ജലം തുടങ്ങി വിവിധ ഘടകങ്ങളാണ് കാരണം.
5. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജനങ്ങളിലേക്ക് എത്തുന്നതിനുള്ള പദ്ധതികള്‍?
തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നല്കിയ വാഗ്ദാനങ്ങളില്‍ 70 ശതമാനവും നിറവേറ്റാനായി. പ്രധാനമന്ത്രിയുടെ സ്വപ്നമായ ആത്മനിര്‍ഭര്‍ ഭാരത് സാക്ഷാത്കരിക്കുന്നതിന് വേണ്ടി ‘സ്വയംപൂര്‍ണ്ണ ഗോവ’ പദ്ധതി ആവിഷ്കരിച്ചു. എല്ലാ ഗ്രാമങ്ങളേയും ഗ്രാമ പഞ്ചായത്തുകളേയും സമീപിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
6. കൊവിഡ് വികസന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കി എന്ന് കരുതുന്നുണ്ടോ? തെരഞ്ഞെടുപ്പ് പ്രതീക്ഷകള്‍ക്ക് ഒമിക്രോണ്‍ പ്രതിബന്ധമാകുമോ?
കൊവിഡ് കാരണം തുടങ്ങിവച്ച പല കാര്യങ്ങളും നിര്‍ത്തിവയ്ക്കേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും നിരവധി പദ്ധതികള്‍ ഈ കാലയളവിലും പൂര്‍ത്തിയാക്കി. ഒമിക്രോണ്‍ തീര്‍ച്ചയായും സ്ഥിതി പ്രതികൂലമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തേയും ഫലപ്രദമായി കൈകാര്യം ചെയ്യും. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താതെ തന്നെ.
7. ദല്‍ഹിയിലെ വിദ്യാഭ്യാസ മാതൃകയില്‍, മികച്ച വിദ്യാഭ്യാസവും തൊഴില്‍ അവസരങ്ങളുമാണ് എഎപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം. ഇതിനെതിരായി ഗോവയുടേത് മികച്ച വിദ്യാഭ്യാസ മാതൃകയാണെന്ന് പറയാന്‍ സാധിക്കുമോ?
രാജ്യത്തെ തന്നെ ഏറ്റവും നല്ല വിദ്യാഭ്യാസ മാതൃകയാണ് ഗോവയുടേത്. പ്രാഥമിക തലം തുടങ്ങി ഉന്നത വിദ്യാഭ്യാസ തലം വരെ ഏറ്റവും മികച്ച നിലവാരമാണ് പുലര്‍ത്തുന്നത്. സ്വകാര്യ യൂണിവേഴ്സിറ്റി ബില്‍ പാസാക്കിയതിലൂടെ നിരവധി സ്വകാര്യ യൂണിവേഴ്സിറ്റികളും ഗോവയിലെത്തും. നാഷണല്‍ സയന്‍സ് ഫോറന്‍സിക് യൂണിവേഴ്സിറ്റിയും നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ലോയും ഗോവയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സമീപ ഭാവിയില്‍ ഇതുപോലെയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗോവയില്‍ വരും.
8. ഗോവയില്‍ ഹിന്ദുക്കളാണ് ഭൂരിപക്ഷം. എന്നാല്‍ ഗോവയുടെ സാംസ്കാരിക സ്വത്വം ക്രിസ്ത്യാനികളുടേതാണ്. സംസ്ഥാനത്ത് ക്ഷേത്ര സംസ്കാരം വീണ്ടെടുക്കുമെന്ന് അടുത്തിടെ പ്രഖ്യാപിക്കുകയുണ്ടായി. ഇത് ക്രിസ്ത്യാനികളെ പ്രകോപിപ്പിക്കുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
ഒരിക്കലുമില്ല. ഗോവയുടെ യഥാര്‍ത്ഥ സംസ്കാരം തീര്‍ച്ചയായും ടൂറിസ്റ്റുകളെ കാണിക്കേണ്ടതുണ്ട്. ടെമ്പിള്‍ ടൂറിസത്തിലൂടെയും ഉള്‍നാടന്‍ ടൂറിസത്തിലൂടെയുമെല്ലാം ഗോവയുടെ തനത് സംസ്കാരം പ്രദര്‍ശിപ്പിക്കുകയാണ് ഉദ്ദേശ്യം.
9. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവമാണ് രാജ്യം ഇപ്പോള്‍ ആഘോഷിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ദീര്‍ഘകാലം നീണ്ടുനിന്ന സമാന്തരമായ സ്വാതന്ത്ര്യ പോരാട്ടം ഗോവയിലും നടന്നിരുന്നു. ദേശീയ തലത്തില്‍ ഈ ചരിത്രം ഉയര്‍ത്തിക്കാണിക്കുന്നതിനെ കുറിച്ച്?
സ്വാതന്ത്ര്യത്തിന്റെ അറുപതാം വര്‍ഷം അടുത്തിടെയാണ് ഗോവ ആഘോഷിച്ചത്. അതിന്റെ ഭാഗമായി വിമോചന പോരാട്ടത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ കാണിക്കുന്ന ഒരു ഷോട്ട് ഫിലിം നിര്‍മ്മിച്ചു. 1947 ല്‍ ഇന്ത്യയുടെ മറ്റ് ഭാഗങ്ങള്‍ സ്വാതന്ത്ര്യം നേടി 14 വര്‍ഷം കഴിഞ്ഞ് 1961 ലാണ് ഗോവ സ്വതന്ത്രമാകുന്നത്. ആ 14 വര്‍ഷം നടത്തിയ പോരാട്ടത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രം വെളിയില്‍ കൊണ്ടുവരികയായിരുന്നു ലക്ഷ്യം. ഗോവ യൂണിവേഴ്സിറ്റിയില്‍ ഗോവയുടെ പൗരാണിക ചരിത്രം, ഗോവ വിമോചന സമരം ഇതേക്കുറിച്ചെല്ലാം പഠിക്കുന്നതിനും റിസര്‍ച്ച് നടത്തുന്നതിനുമായി ഛത്രപതി ശിവാജി മഹാരാജ് ചെയര്‍ സ്ഥാപിച്ചു.
10. ബിജെപിയ്ക്കുള്ളിലെ ആഭ്യന്തര കലഹത്തെ കുറിച്ച് അപവാദപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. നിലവിലെ മന്ത്രിമാര്‍ പോലും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലോ എഎപിയിലോ ചേരുന്നു?
രാഷ്ട്രം പ്രഥമം എന്നതാണ് ബിജെപിയുടെ ആപ്തവാക്യം. ബന്ധു മിത്രാദികള്‍ക്ക് സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടവരാണവര്‍. സമര്പ്പണഭാവമുള്ളവര് ഇപ്പോഴും പാര്‍ട്ടിയ്ക്കൊപ്പമുണ്ട്.
11. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനത്തെ കുറിച്ച്?
വിജയം സുനിശ്ചിതമായിരിക്കും. ഗോവയില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബിജെപി സര്‍ക്കാരിന് സാധിച്ചു. 22 ലേറെ സീറ്റുകള്‍ ബിജെപിക്ക് നേടാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: