ജോണി വാക്കര്‍ എന്ന ജയരാജിന്റെ സിനിമയിലൂടെ തുടക്കം കുറിച്ചെങ്കിലും ‘ദേവാസുര’ത്തിലെ സൂര്യ കിരിടം എന്ന ഗാനമാണ് ഗിരീഷ് പുത്തന്‍ചേരിയെ ശ്രദ്ധേയനാക്കിയത്. കവിതയുടെ ആഴവും ആര്‍ദ്രതയുള്ള ഗാനങ്ങളിലൂടെ പുത്തന്‍ചേരി മലയാള ഗാനശാഖയുടെ വീണ്ടെടുപ്പ് നടത്തി. വയലാര്‍ ദേവരാജന്‍ പി. ഭാസ്കരന് ദക്ഷിണാമൂര്‍ത്തി കാലത്തിന്റെ അസ്തമയത്തോടെ അന്യം നിന്നുപോയ ചലച്ചിത്രത്തിന്റെ കാവ്യപാരമ്പര്യത്തെ പുത്തന്‍ചേരി മടക്കി കൊണ്ടുവന്നു. മലയാളിയുടെ പാട്ടുകളില്‍ വീണ്ടും പുഴയൊഴുകി. മലനിരകളും പൂക്കളും പൂവമ്പനും വീണ്ടും പാടിത്തുടങ്ങി. വൃന്ദാവനവും ഹരിമുരളീരവവും പുതിയ കാലത്തിന്റെ നിറവും താളവുമണിഞ്ഞു. ആയിരത്തഞ്ഞൂറിലേറെ ഗാനങ്ങളെഴുതി. 18 വര്‍ഷം കൊണ്ട് ആ ഗാനവസന്തം പെയ്തു പോയി.
കോഴിക്കോട്ടെ പുത്തന്‍ഞ്ചേരി എന്ന ഗ്രാമവും അവിടത്തെ മണ്ണും പുഴയും പ്രകൃതിയും അമ്പലവും തിറയും, അവിടെ അകാലത്തില്‍ മരിച്ച അച്ഛനും കഷ്ടപ്പാടുകളുടെ ബാല്യവും എല്ലാം ഈ ഗാനരചയിതാവിന്റെ സിരകളില്‍ വരികളായി ജനിക്കുകയായിരുന്നു. ദേവാസുരത്തിലെ നായകനായി രഞ്ജിത്തിന്റെ കഥയില്‍ സ്ഥാനം പിടിച്ച മുല്ലശ്ശേരി രാജുവുമായുള്ള ബന്ധമാണ് ഗിരീഷ് പുത്തന്‍ചേരിയെ ഗാനരചയിതാവാക്കിയത്. മുല്ലശേരിത്തറവാടിന്റെ അകത്തളത്തിലെ കാവ്യഗാനസദസുകളില് നിന്നാണ് ഗിരീഷ് മലയാള സിനിമയുടെ രാജസദസിലേക്കുള്ള പടവുകള്‍ കയറുന്നത്. ”അര്‍ദ്ധരാത്രി ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി പാട്ടെഴുതാന്‍ ആവശ്യപ്പെട്ടാല്‍ പോലും ഈണത്തിന്റെ മീറ്ററിനൊത്ത് കൃത്യമായി വരികള്‍ സൃഷ്ടിച്ച് നമ്മെ വിസ്മയിപ്പിക്കുവാന് കഴിവുള്ള ഒന്നാന്തരമൊരു പ്രൊഫഷണല്‍…” എന്നാണ് പുത്തന്ചേരിയുടെ നിരവധി ഗാനങ്ങള്‍ക്ക് സംഗീതം നല്കിയ വിദ്യാസാഗര്‍ പ്രകീര്‍ത്തിച്ചത്. പാട്ടെഴുതി ട്യൂണിടുന്ന പഴയ രീതി മാറി മുന്‍കൂട്ടി തയ്യാറാക്കുന്ന ഈണത്തിനൊപ്പിച്ച് വരിയെഴുതുന്ന പരിമിതികള്‍ക്കുള്ളില്‍ നിന്ന് സര്‍ഗാത്മകത തെളിയിച്ചുവെന്നതാണ് ഗിരീഷിന്റെ നേട്ടം. സംഗീതത്തിന്ന് മേല്‍ക്കൈയുള്ള ചലച്ചിത്ര ഗാന രംഗത്ത് സാഹിത്യത്തിന്റെ മേല്‍ക്കൈ നിലനിര്‍ത്താനും ഗിരീഷിന് കഴിഞ്ഞു. ”എഴുത്തച്ഛന്റെയും കുഞ്ചന്‍ നമ്പ്യാരുടെയും കുഞ്ഞിരാമന് നായരുടെയും വരികള്‍ ചെറുപ്പത്തിലേ ഹൃദിസ്ഥമായിരുന്നതിനാല്‍ എന്റെ പദബാങ്ക് ഒരിക്കലും പൊളിയില്ല..” എന്ന് ഗിരീഷ് തന്നെ പറഞ്ഞിട്ടുണ്ട്.
ശ്രവണസുന്ദരമായ പദങ്ങളും പ്രാസഭംഗിയും താളാത്മകതയും. ഗാനരചയിതാവിന് വേണ്ട ഈകൈപ്പുണ്യം കൊണ്ട് അനുഗൃഹീതനായിരുന്നു ഗിരീഷ്. ‘നന്ദന’ത്തിലെ ‘മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തി’ എന്ന ഗാനം ആരെയും ഭക്തിയില്‍ ആറാടിക്കുന്നത് ഈയൊരു വൈഭവം കൊണ്ടാണ്. ‘കഞ്ജവിലോചനന്‍ കണ്ണന്റെ കണ്ണിലെ അഞ്ജന നീലിമ കണി കാണണം എന്നും നീല നിലാവിലെ നീലക്കടമ്പിലെ നീര്‍മണി പൂവുകള്‍ കണി കാണണം’ എന്നും എഴുതി ഗിരീഷ് ഗുരുവായൂരപ്പന് കവിതയുടെ കളഭാഭിഷേകം ചെയ്യുന്നു. ഏറ്റവും അധികം കവിതകള്എഴുതപ്പെട്ടിട്ടുള്ളത് കൃഷ്ണനെപ്പറ്റിയാണ്. ഹരിമുരളീരവം ഹരിത വൃന്ദാവനം… എന്ന ഗാനത്തെ മറികടക്കാന്‍ ഇനിയുമൊരു ഗാനകൃത്തിനും ആകില്ലെന്ന് നിസ്സംശയം പറയാം.
അച്ഛനും അമ്മയും ആരുടെ ഹൃദയത്തിലും നോവുകളാണ്. അച്ഛനെ ഓര്‍ക്കുന്ന ‘ഇന്നലെ എന്റെ നെഞ്ചിലെ മണ്‍വിളക്കൂതിയില്ലേ…'(ബാലേട്ടന്), അമ്മയെ ഓര്‍ക്കുന്ന…’അമ്മ മഴക്കാറിന് കണ് നിറഞ്ഞു..’ (മാടമ്പി) എന്ന ഗാനവും ഗിരീഷിന് മാത്രം കഴിയുന്ന രചനകളാണ്.
ഗ്രാമഭംഗിയുടെ ചാരുതയാര്‍ന്ന പദശില്പങ്ങള് തീര്‍ക്കാന്‍ ഗിരീഷിനുള്ള വൈഭവത്തിന് ഉദാഹരണങ്ങള്‍ നിരവധിയുണ്ട് ”കൈക്കുടന്ന നിറയെ തിരു മധുരം തരും… കുരുന്നിളം തൂവല്‍ക്കിളി പാട്ടുമായ്… ഇരുളടഞ്ഞ വഴിയിലൂടൊഴുകി വസന്തം…” എന്ന ഗാനം ഇതിലൊന്നു മാത്രം.
ഗാനങ്ങള്‍ക്കു പുറമെ മേലേപറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തിന് കഥയും, കിന്നരിപ്പുഴയോരം, പല്ലാവൂര്‍ ദേവനാരായണന്, വടക്കുംനാഥന് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണങ്ങളും ഗിരീഷ് പുത്തന്‍ചേരി രചിച്ചു. ഷഡ്ജം, തനിച്ചല്ല എന്നീ രണ്ടു കവിതാ സമാഹാരങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
സിനിമാ ഗാനങ്ങളെ പുത്തന്‍ വഴികളിലൂടെ നടത്തി ചുരുങ്ങിയ കാലംകൊണ്ട് മലയാള കാവ്യഭാവനയെ സമ്പന്നമാക്കിയ ഈ ഗാനകൃത്തിന്റെ ഈരടികള്‍ എന്നും മലയാളികളുടെ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനങ്ങളായിരിക്കുമെന്നതില് സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: