കീവ്: റഷ്യയും ബെലാറസും ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ 10 ദിവസത്തെ സൈനികാഭ്യാസം തുടങ്ങിയതോടെ റഷ്യ ഉക്രെയ്‌നെ ആക്രമിച്ചേക്കുമെന്ന ഭീതി വര്‍ധിച്ചു. ഇതോടെ ന്യൂസിലാന്‍റും ആസ്‌ത്രേല്യയും പൗരന്മാരോട് എത്രയും വേഗം ഉക്രെയ്ന്‍ വിട്ടുപോരാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.ബെലാറസിനൊപ്പമുള്ള സൈനികാഭ്യാസത്തില്‍ 30,000 റഷ്യന്‍ പട്ടാളക്കാര്‍ പങ്കെടുക്കുന്നുണ്ട്.
റഷ്യയുടെ പങ്കാളിയായ ബെലാറസ് ഉക്രെയ്‌നുമായി ദീര്‍ഘദൂരം അതിര്‍ത്തിപങ്കിടുന്ന രാജ്യമാണ്. ശീതയുദ്ധത്തിന് ശേഷം റഷ്യയുടെ ഏറ്റവും വിപുലമായ സൈനിക വിന്യാസമാണ് ഇപ്പോള്‍ ബെലാറസില്‍ കാണുന്നതെന്ന് ഫ്രാന്‍സ് പറയുന്നു. മാനസികസമ്മര്‍ദ്ദം കൂട്ടുകയാണ് റഷ്യ ഇതുവഴിയെന്ന് ഉക്രെയ്ന്‍ നേതാവ് പറഞ്ഞു. അലൈഡ് റിസോള്‍വ് 2022 എന്ന് പേരിട്ടിരിക്കുന്ന സൈനികാഭ്യാസം ഉക്രെയ്ന്‍-ബെലാറസ് അതിര്‍ത്തിയോട് ചേര്‍ന്നാണ് നടക്കുന്നത്. ബെലാറസ് പ്രസിഡന്‍റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോ പുടിന്റെ അടുത്ത സഖ്യകക്ഷിയും സുഹൃത്തുമാണ്.
യൂറോപ്പ് ദശകങ്ങള്‍ക്കിടയില്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ സുരക്ഷാപ്രതിസന്ധിയാണ് യുദ്ധം മൂലം ഉണ്ടാകുകയെന്ന് യുകെ. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഒരു ലക്ഷം പട്ടാളക്കാരെ ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ടെങ്കിലും ഉക്രെയ്‌നെ ആക്രമിക്കില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് റഷ്യ ഇതുവരെ. ഇതിനിടയില്‍ ശനിയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യയുടെ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ ഫോണിലൂടെ ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: