തിരുവനന്തപുരം : അമ്പലമുക്കില്‍ അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരി വിനിതയെ കഴുത്തറുത്ത് കൊന്നത് തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്റെ അഞ്ചാമത്തെ കൊലപാതകം. വിനീതയുടെ കൊലപാതകവുമായി നടത്തിയ അന്വേഷണത്തോടെ രാജേന്ദ്രന്‍ കൊടുംകുറ്റവാളിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.
മാല മോഷ്ടിക്കുന്നതിനായാണ് ഇയാള്‍ വിനിതയെ കൊലപ്പെടുത്തിയത് സംഭവ ദിവസം രാജേന്ദ്രന് ലിഫ്റ്റ് കൊടുത്ത സ്‌കൂട്ടര്‍ ഡ്രൈവറും പ്രധാന സാക്ഷിയായ ആളും പേരൂര്‍കടയിലെ ഡ്രൈവറും ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഓണ്‍ലൈന്‍ ട്രേഡിങ്ങിനായാണ് ഇയാള്‍ മോഷണം നടത്തി ലഭിക്കുന്ന പണം ഉപയോഗിക്കുന്നത്.
2014ല്‍ കവര്‍ച്ച നടത്തുന്നതിനായി തമിഴ്ന്നാട്ടിലെ കസ്റ്റംസ് ഓഫീസറേയും ഭാര്യയേയും ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ 2014-2019 വര്‍ഷങ്ങളില്‍ കന്യാകുമാരിയിലും ഇയാള്‍ രണ്ട് കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇയാളുടെ പശ്ചാത്തലം അന്വേഷിച്ച പോലീസിനെ അതിശയിപ്പിക്കുന്ന വിദ്യാഭ്യാസ യോഗ്യതയാണുള്ളത്. എംഎ എക്കണോമിക്‌സ് ബിരുദധാരിയായ രാജേന്ദ്രന്‍ അതിന് ശേഷം ഓണ്‍ലൈനായും വിദൂരവിദ്യാഭ്യാസകോഴ്‌സ് വഴിയും എംബിഎ ബിരുദം നേടിയിട്ടുണ്ട്.
വിനിതയെ കൊന്ന് മോഷ്ടിച്ച സ്വര്‍ണമാല വിറ്റ് രാജേന്ദ്രന്‍ ഈ തുക നിക്ഷേപിച്ചതും ഓണ്‍ലൈന്‍ ട്രേഡിങ്ങിനാണ്. മാല കന്യാകുമാരിയില്‍ പോയി പണയം വച്ച് മുപ്പത്തിരണ്ടായിരം രൂപയാണ് കിട്ടിയത്. അതേസമയം ഇയാള്‍ എന്തിനാണ് പേരൂര്‍ക്കടയില്‍ ചായക്കടയില്‍ ജോലിക്ക് നിന്നത് എന്നത് സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.
ആദ്യമൊന്നും രാജേന്ദ്രന്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഒരു തരി പോലും സഹകരിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് താന്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ചും കൊലപാതകശ്രമങ്ങളെക്കുറിച്ചും മോഷണങ്ങളെക്കുറിച്ചും രാജേന്ദ്രന്‍ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. തമിഴ്‌നാട് പോലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തില്‍ രാജേന്ദ്രന്‍ ഇതിന് മുമ്പ് നടത്തിയ കൊലപാതകങ്ങളുടെ വിവരങ്ങളും കേരളാ പോലീസിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: