മറയൂര്‍: നാച്ചിവയല്‍ ചെറുവാടില്‍ വനവാസി കോളനി നിവാസികള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന പാത സ്വകാര്യ വ്യക്തികള്‍ വേലി സ്ഥാപിച്ച് കെട്ടിയടച്ചു. മറ്റ് വഴിയില്ലാതെ വന്നതോടെ 90കാരന്റെ മൃതദേഹം പാമ്പാര്‍ നദിയിലൂടെ ചുമന്നുകൊണ്ടുപോയി സംസ്‌കരിച്ചു.
നാച്ചിവയല്‍ കോളനിയിലെ വനവാസി വിഭാഗത്തില്‍പ്പെട്ട കാളിനാഗന്‍(90) ന്റെ മൃതദേഹം അടക്കം ചെയ്യുന്നതിനാണ് പ്രദേശവാസികള്‍ക്ക് പ്രതിസന്ധി നേരിട്ടത്. നൂറ് വര്‍ഷത്തിലധികമായി ആറിന്റെ തീരത്ത് കൂടി ഉപയോഗിച്ച് വന്നിരുന്ന അഞ്ച് അടിയിലേറെ വീതിയുള്ള പാതയാണ് ഇവര്‍ക്ക് നഷ്ടമായത്.
പഞ്ചായത്ത് ഭരണ സമിതിയോട് നിരവധി തവണ നടപടി ആവശ്യപ്പെട്ടെങ്കിലും തങ്ങളെ കൈയൊഴിയുകയായിരുന്നെന്ന് ഇവര്‍ പറയുന്നു. കോടതിയും കേസും നടത്തി വഴിയുടെ അവകാശം നേടുന്നതിനുള്ള സമ്പത്തികം തങ്ങള്‍ക്ക് ഇല്ലെന്നും കോളനി നിവാസികള്‍ പറയുന്നു. ആറ് കടക്കാന്‍ സാധിച്ചില്ലെങ്കില്‍ മൂന്ന് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് വേണം ശ്മാശനത്തില്‍ എത്തിചേരാന്‍.
ആറ്റില്‍ വെള്ളം കൂടുതലുള്ള സാഹചര്യത്തില്‍ നൂറ് മീറ്റര്‍ മാത്രം ദൂരമുള്ള പ്രദേശത്തേക്ക് കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട സാഹചര്യമാണ്. വര്‍ഷങ്ങളായി തങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന വഴി പുനഃസ്ഥാപിച്ച് തരണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: