ബെംഗളൂരു: കോടികള്‍ മറിയുന്ന ഐപിഎല്‍ മെഗാ താര ലേലം നാളെയും മറ്റന്നാളുമായി ബംഗളൂരുവില്‍ നടക്കും. പതിനഞ്ചാം സീസണിന് മുന്നോടിയായുള്ള ലേലത്തില്‍ മൊത്തം പത്ത് ടീമുകള്‍ പങ്കെടുക്കും. ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഗുജറാത്ത് ടൈറ്റന്‍സുമാണ് പുതിയ ടീമുകള്‍.
ഇത്തവണ 590 കളിക്കാരെയാണ് ലേലം ചെയ്യപ്പെടുന്നത്. ഇതില്‍ 370 പേര് ഇന്ത്യന്‍ താരങ്ങളും 220 പേര് വിദേശതാരങ്ങളുമാണ്. ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത 1214 പേരില്‍ നിന്നാണ് 590 പേരുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കിയത്. മലയാളിയായ പേസര്‍ എസ്. ശ്രീശാന്തും ഈ പട്ടികയിലുണ്ട്. അമ്പത് ലക്ഷമാണ് അടിസ്ഥാന വില.
രണ്ട് കോടി രൂപയാണ് താരങ്ങളുടെ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില. രണ്ട് കോടി അടിസ്ഥാന വിലയുള്ള പതിനേഴ് ഇന്ത്യന്‍ താരങ്ങള്‍ ചുരുക്കപ്പട്ടികയിലുണ്ട്. മലയാളിയായ ദേവ്ദത്ത്് പടിക്കല്‍, ആര്. അശ്വിന്, യുസ്വേന്ദ്ര ചഹല്‍, ദീപ്ക് ചഹാര്‍, ശിഖര്‍ ധവാന്, ശ്രേയ്സ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, ഇഷാന് കിഷന്, ഭുവനേശ്വര്‍ കുമാര്‍, ക്രുണാല്‍ പാണ്ഡ്യ, ഹര്‍ഷ് പട്ടേല്‍, സുരേഷ് റെയ്ന, അമ്പാട്ടി റായ്ഡു, മുഹമ്മദ് ഷമി, ഷാര്‍ദുല്‍ താക്കുര്‍, റോബിന് ഉത്തപ്പ, ഉമേഷ് യാദവ് എന്നിവരാണവര്‍.
ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ഡ്വെയ്ന്‍ ബ്രാവോ, ഫാബിയന്‍ അലന്, ജെയിംസ് വിന്‍സ്, ഡേവിഡ് വില്ലി, ഫാ ഡുപ്ലെസിസ്, മാത്യു വേഡ്, ഷാക്കിബ് അല്‍ ഹസന്, ക്രിസ് ജോര്ഡന്, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്ഗ്യൂസന്, കഗിസോ റബഡ , ഇമ്രാന് താഹിര്‍ എന്നിവര്‍ അടക്കമുള്ള മുപ്പത്തിയൊന്ന് വിദേശ കളിക്കാരുടെയും അടിസ്ഥാന വില രണ്ട് കോടിയാണ്.
ചട്ടപ്രകാരം ഓരോ ടീമിനും നാലു കളിക്കാരില്‍ കൂടുതല്‍ പേരെ ടീമില്‍ നിലനിര്‍ത്താനാവില്ല. മൂന്നില്‍ കൂടുതല്‍ ഇന്ത്യന്‍ താരങ്ങളെയും രണ്ടില്‍ കൂടുതല്‍ വിദേശ താരങ്ങളെയും നിലനിര്‍ത്താന്‍ പാടില്ല. ഇതിന് പ്രകാരം ഓരോ ടീമുകളും കളിക്കാരെ നിലനിര്‍ത്തിയിട്ടുണ്ട്. കളിക്കാരെ ടീമിലെത്തിക്കുന്നതിനായി ഓരോ ടീമിനും 90 കോടി വീതം ചെലവാക്കാം. ടീമില്‍ നിലനിര്‍ത്തിയ കളിക്കാര്‍ക്കായി മുടക്കിയ തുക 90 കോടിയില്‍ നിന്ന് കുറയ്ക്കും. ബാക്കിയുള്ള തുകയേ ടീമുകള്‍ക്ക്് ലേലത്തില്‍ വിനിയോഗിക്കാനാകൂ.
പുതിയ ടീമായ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ കെ.എല്‍. രാഹുല്‍ നയിക്കും. പതിനേഴ് കോടിക്കാണ് രാഹുലിനെ ടീമിലെത്തിച്ചത്. ഓസ്ട്രേലിയന്‍ ഓള് റൗണ്ടര്‍ മാര്‍കസ് സ്റ്റോയ്നിസ് (9.2 കോടി) , ഇന്ത്യന്‍ യുവ സ്പിന്നര്‍ രവി ബിഷ്നൂയി (4കോടി) എന്നിവരെയും ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ടീമിലെത്തിച്ചു.
ഹാര്‍ദിക് പാണ്ഡ്യയാണ് ഗുജറാത്ത്് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍. പതിനഞ്ച് കോടിക്കാണ് ഹാര്‍ദിക്ക് ടീമിലെത്തിയത്. അഫഗാന് ഓള് റൗണ്ടര്‍ റഷീദ് ഖാനെയും (15 കോടി), ഇന്ത്യന്‍ താരം ഗുഭ്മന്‍ ഗില്ലിനെയും (8കോടി) ടൈറ്റന്‍സ് ടീമിലെത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: