ചെന്നൈ: സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസിഫിക്കിന് വേണ്ടി വാദിക്കാന്‍ യുവ വിദ്യാര്‍ത്ഥികളുടെ പ്രദേശിക കൂട്ടായ്മ രൂപീകരിച്ചു. ഇന്തോ-പസഫിക് സര്‍ക്കിള്‍(ഐപിസി) എന്നാണ് ഈ കൂട്ടായ്മയുടെ പേര്. കഴിഞ്ഞ ദിവസം യുഎസ് പ്രതിരോധമന്ത്രാലയത്തിലെ ദക്ഷിണ-മധ്യ ഏഷ്യന്‍ അഫയേഴ്സ് ബ്യൂറോയുടെ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയും അംബാസഡറുമായ കെല്ലി കീഡെര്‍ലിംഗ് ഈ കൂട്ടായ്മയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഉദ്ഘാടനച്ചടങ്ങിന്റെ വീഡിയോ കാണാം:
ദല്‍ഹി കേന്ദ്രമായ കൗണ്‍സില്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഡിഫന്‍സ് റിസര്‍ച്ചും (സിഎസ്ഡിആര്‍) സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചും (സിപിആര്‍) സംയുക്തമായാണ് ഐപിസി രൂപീകരിച്ചിരിക്കുന്നത്. സ്വതന്ത്രവും തുറന്നതുമായ ഒരു ഇന്തോ-പസഫിക് സൃഷ്ടിക്കാനുള്ള കാഴ്ചപ്പാടുകള്‍ ആഴത്തില്‍ മനസ്സിലാക്കുകയാണ് ഐപിസിയുടെ ലക്ഷ്യം.
‘ഇന്തോ-പസഫിക്ക് മേഖലയ്ക്ക് സംഭവിക്കുന്നതെന്തോ അതാണ് 21ാം നൂറ്റാണ്ടിന്റെ ഗതിവിഗതികള്‍ നിശ്ചയിക്കുക. അമേരിക്ക സ്വതന്ത്രവും തുറന്നതുമായ ഒരു ഇന്തോ-പസഫിക്കില്‍ വിശ്വസിക്കുന്നു. സമാധാനവും സുരക്ഷയും പരിരക്ഷിക്കുന്ന, ലോകത്തിന് പുരോഗതി നല്കുന്ന, നിയമവാഴ്ചയുടെ അടിസ്ഥാനത്തിലുള്ള അന്താരാഷ്ട്ര സംവിധാനം എന്ന നിലയ്ക്കാണ് ഇന്തോ-പസഫിക്കിനെ കാണുന്നത്. ഇന്തോ-പസഫിക്ക് എന്ന വൃത്തത്തിന്റെ കേന്ദ്രബിന്ദു സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. അമേരിക്കയുടെ സജീവപങ്കാളിയാണ് ഇന്ത്യ. മാത്രമല്ല, ഇന്ത്യയ്ക്ക് ലോകനിലവാരത്തിലുള്ള അക്കാദമിക് വിദഗ്ധരും ബൗദ്ധിക തൃഷ്ണയും ഉണ്ട്,’- ഉദ്ഘാടനപ്രസംഗത്തില്‍ അംബാസഡര്‍ കീഡര്ലിംഗ് പറഞ്ഞു.
‘ഇന്തോ-പസഫിക് മേഖലയിലെ ഗവേഷകരെയും യുവ അക്കാദമികവിദ്യാര്ത്ഥികളെയും കൂട്ടിയോജിപ്പിക്കുന്ന പ്ലാറ്റ്ഫോമാണ് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെട്ടതെന്നതില്‍ ആഹ്ലാദമുണ്ട്,’- ജെഎന്‍യു അസോസിയേറ്റ് പ്രൊഫസറും കൗണ്‍സില്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഡിഫന്‍സ് റിസര്‍ച്ച് (സിഎസ്ഡിആര്‍) സ്ഥാപകനുമായ ഹാപ്പിമോന്‍ ജേക്കബ് പറഞ്ഞു. ‘ഇന്തോ-പസഫിക്കിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താനുള്ള സംഭാവനകള്‍ നല്‍കുന്നതിന് ഈ മേഖലയ്ക്കുള്ളില്‍ നിന്നുതന്നെ ആശയങ്ങളും സംവാദങ്ങളും സ്വരൂപിക്കുകയാണ് ഇന്തോ-പസഫിക് സര്‍ക്കിളിന്റെ ലക്ഷ്യം.’- ഹാപ്പിമോന്‍ ജേക്കബ് അഭിപ്രായപ്പെട്ടു.
ഇന്തോ പസഫിക് സര്‍ക്കിളിലൂടെ സിപിആറും സിഎസ്ഡിആറും ഇന്തോ പസഫിക് മേഖലയില്‍ നിന്നുള്ള സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ ഗവേഷണത്തിനായി പ്രോത്സാഹിപ്പിക്കും. വിദേശകാര്യ വിദഗ്ധനും നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് ( ഐഎസ് എഎസ്) വിസിറ്റിംഗ് ഗവേഷണ പ്രൊഫസറുമായ സി. രാജമോഹന്‍ മുഖ്യപ്രഭാഷണം നടത്തി. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് ‘ഇന്തോ-പസഫികിന് ചട്ടക്കൂടൊരുക്കല്: ഭാവിയാത്രയ്ക്കുള്ള വഴികള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി പാനല്‍ ചര്‍ച്ചയും നടന്നു. റിട്ട. ലഫ്. ജനറല്‍ ഡി.എസ്. ഹൂഡ മോഡറേറ്ററായിരുന്നു. കാര്‍ണി എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് സ്റ്റാന്ഡന് സീനിയര്‍ ഫെലോ ആയ അങ്കിത് പാണ്ഡ, ബെംഗളൂരുവിലെ തക്ഷശില ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്തോ പസഫിക് റിസര്‍ച്ച് പ്രോഗ്രാം ചെയര്‍പേഴ്സണായ മനോജ് കേവല്‍ രമണി, തായ്പേയ് സിറ്റിയിലെ തയ്വാന് ഏഷ്യ എക്സ്ചേഞ്ച് ഫൗണ്ടേഷന് വിസിറ്റിംഗ് ഫെലോ സന ഹാഷ്മി, തായ്ലാന്റിലെ രാംഖാമഹെങ് യൂണിവേഴ്സിറ്റിയിലെ ലക്ചററായ കിറ്റിഫാറ്റ് പുട്ടിവാനിച് എന്നിവര്‍ ചര്‍ച്ചയിലെ പാനല്‍ അംഗങ്ങളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: