അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് പാക് ബോട്ടുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ആറ് പാക്കിസ്ഥാനികള്‍ പിടിയില്‍. ഗുജറാത്തിലെ ഹരാമി- നല്ല എന്നീ പ്രദേശങ്ങളില്‍ ബിഎസ്എഫും ഗുജറാത്ത് പോലീസും വ്യോമസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്. രണ്ട് ഘട്ടങ്ങളിലയാണ് ഇവരെ കണ്ടെത്താന്‍ സാധിച്ചത്.
ബുധനാഴ്ച അര്‍ധരാത്രി ബിഎസ്എഫിന്റെ പതിവ് നിരീക്ഷണത്തിനിടെയാണ് ബുജ് തീരത്തെ കടലിടുക്കില്‍ 11 ബോട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പാക് സ്വദേശികളെ കണ്ടെത്തിയത്. കൂടുതല്‍ പേര് രാജ്യത്തേക്ക് എത്തിയിട്ടുണ്ടായേക്കുമെന്ന നിഗമനത്തില്‍ പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. ബോട്ടിലുള്ളവര്‍ കരയിലേക്ക് കടന്നോ അതോ തീരമേഖലയില്‍ ഒളിച്ചിരിക്കുകയാണോ എന്നാണ് സംശയം.
എന്നാല്‍ പ്രദേശം കണ്ടല്‍ കാടുകള്‍ നിറഞ്ഞ ചതുപ്പ് മേഖലയായതിനാല്‍ തെരച്ചില്‍ ദുഷ്കരമാണ്. വ്യോമസേനയുടെ തിരച്ചിലിനായി മൂന്ന് സംഘങ്ങളെ ഹെലികോപ്ടറിലെത്തിച്ച് മൂന്നിടങ്ങളിലായി എയര്‍ ഡ്രോപ് ചെയ്താണ് വ്യാഴാഴ്ച തെരച്ചില്‍ നടത്തിയത്.
ഇന്ത്യയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് പ്രവേശന വിലക്കുള്ള മേഖലയാണിത്. സംശയത്തെ തുടര്‍ന്ന് ഡ്രോണുകളുടെ സഹായത്തോടെയാണ് ഇവിടെ നിന്ന് 11 ബോട്ടുകള്‍ കണ്ടെത്തിയത്. പ്രദേശത്ത് വ്യോമനിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. അതേസമയം പാക് മത്സ്യത്തൊഴിലാളികള്‍ അബദ്ധത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് എത്തിയതാണോ അതോ ഭീകരര്‍ മത്സ്യത്തൊഴിലാളികളുടെ വേഷത്തില്‍ എത്തിയതാണോയെന്നും അന്വേഷിക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: