കോട്ടയം: കുറിച്ചി സ്വദേശിയായ യുവാവിനെ സൗത്ത് ആഫ്രിക്കയില്‍ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്കിടെ കാണാതായതായി റിപ്പോര്‍ട്ട്. യുവാവിനെ കാണാനില്ലെന്നു കാട്ടി കമ്പനി അധികൃതരാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. കുറിച്ചി ഔട്ട് പോസ്റ്റിനു സമീപം വലിയിടത്തറ വീട്ടില്‍ ജസ്റ്റിന് കുരുവിളയെ(30)കാണാനില്ലെന്നാണ് ബന്ധുക്കളെ കപ്പല്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ ഇന്നു രാവിലെ ചിങ്ങവനം പൊലീസിനു പരാതി നല്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.
നാലു വര്‍ഷം മുമ്പാണ് ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ച ജസ്റ്റിന് സ്ട്രീം അറ്റ്ലാന്‍ഡിക്ക് എന്ന കപ്പലില്‍ അസിസ്റ്റന്റ് കുക്കായി ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ 31 നാണ് സ്ട്രീം അറ്റ്ലാന്‍ഡിക്ക് സൗത്ത് ആഫ്രിക്കയിലെ തീരത്തു നിന്നും യാത്ര പുറപ്പെട്ടത്. കപ്പല്‍ ഫെബ്രുവരി 23നാണ് അമേരിക്കന്‍ തീരത്ത് എത്തിച്ചേരുക. ഈ യാത്രയ്ക്കിടയില്‍ ജസ്റ്റിനെ കാണാതായതായാണ് ബന്ധുക്കളെ ബുധനാഴ്ച രാവിലെ കപ്പല്‍ അധികൃതര്‍ അറിയിച്ചത്.
ജസ്റ്റിന്റെ സഹോദരനെ ആദ്യം ഫോണില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ചു. ഇതിനു പിന്നാലെ ഉച്ചയോടെ ഇ മെയിലും ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ജസ്റ്റിന് അവസാനമായി ബന്ധുക്കളെ വിളിച്ചത്. പിന്നീട്, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ജസ്റ്റിനെപ്പറ്റി വിവരമുണ്ടായിരുന്നില്ല. ബുധനാഴ്ച പുലര്‍ച്ചെ ഏഴു മണിയോടെയാണ് ജസ്റ്റിനെ കാണാനില്ലെന്ന വിവരം പുറത്തു വന്നത്. ജസ്റ്റിന്റെ തിരോധാനം സംബന്ധിച്ചു കൃത്യമായ വിവരം ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കം വിഷയത്തില്‍ ഇടപെടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ജസ്റ്റിന്റെ വീട് ലിജിന്‍ ലാല്‍ സന്ദര്‍ശിച്ചു
ജസ്റ്റിന്റെ വീട് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സന്ദര്‍ശിച്ചു. ജസ്റ്റിന്റെ മാതാവിനോടും ബന്ധുക്കളോടും സംസാരിച്ചതിന് ശേഷം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ധരിപ്പിച്ചു. സ്ട്രീം അറ്റ്ലാന്റിക്ക് എന്ന കപ്പലില്‍ അസിസ്റ്റന്റ് കുക്കാണ് ജസ്റ്റിന്.
സൗത്ത് ആഫ്രിക്കയില്‍ നിന്ന് അമേരിക്കയിലേക്കുള്ള യാത്രാമദ്ധ്യേ ജസ്റ്റിനെ കാണാതായെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇതറിയിച്ച് അധിക്യതര്‍ അയച്ച മെയിലിന്റെ പകര്‍പ്പ് കേന്ദ്രമന്ത്രി വി. മുരളീധരന് ലിജിന്‍ ലാല്‍ അയച്ചു നല്കി. അടിയന്തിരമായി നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്കി. എസ്. രതീഷ്, സോബിന്‍ലാല്‍, ബി.ആര്. മഞ്ജീഷ്, ബിജു മങ്ങാട്ടുമഠം എന്നിവര്‍ ലിജിന്‍ ലാലിനൊപ്പം ജസ്റ്റിന്റെ വീട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: