അഹമ്മദാബാദ്: വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു. ആദ്യ രണ്ട് മത്സരങ്ങളും പോക്കറ്റിലാക്കിയ ഇന്ത്യ ഇന്ന് മൂന്നാം അങ്കത്തിനിറങ്ങുകയാണ്. ജയിച്ചാല്‍ പരമ്പര 3-0 ന് തൂത്തുവാരാം. ഉച്ചയ്ക്ക് 1. 30 ന് കളി തുടങ്ങും.
കൊവിഡില്‍ നിന്ന് മോചിതനായി സീനിയര്‍ ഓപ്പണര്‍ ശിഖര്‍ ധവാന് തിരിച്ചെത്തിയതോടെ ഇന്ത്യ കൂടുതല്‍ ശക്തരായി. ആദ്യ മത്സരത്തിന് നാലു നാള് മുമ്പാണ് ധവാന് അടക്കം നാലു കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ചത്. ധവാന് ഇന്ന് കളിക്കും . അതിനാല്‍ രണ്ടാം ഏകദിനത്തില്‍ വിജയം നേടിയ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്.
ധവാന്റെ അഭാവത്തില്‍ ആദ്യ ഏകദിനത്തില്‍ ഇഷാന് കിഷനും രണ്ടാം മത്സരത്തില്‍ ഋഷഭ് പന്തുമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. ധവാന് അടുത്ത മത്സരത്തില്‍ തിരിച്ചുവരുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. രോഹിതും ധവാനുമാണ് ഇന്ന് ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. ഉപനായകന്‍ കെ.എല്‍. രാഹുല്‍ മധ്യനിരയിലേക്ക് മാറും. രണ്ടാം ഏകദിനത്തില്‍ മുന്‍നിര തകര്‍ന്നപ്പോള്‍ ശക്തമായി പൊരുതിയ സൂര്യകുമാര്‍ യാദവിനെ മധ്യനിരയില്‍ നിലനിര്‍ത്തും. ധവാന് വരുന്നതോടെ ഓള് റൗണ്ടര്‍ ദീപക് ഹൂഡയ്ക്ക് പ്ലേയിങ് ഇലവനില്‍ സ്ഥാനം നഷ്ടമാകും.
പരമ്പര പോക്കറ്റിലായതിനാല്‍ ഇന്ത്യ മൂന്നാം ഏകദിനത്തില്‍ പുതിയ കളിക്കാര്‍ക്ക് അവസരം നല്‍കുമെന്നാണ് സൂചന. ഇടംകൈ സ്പിന്നര്‍ കുല്‍ദീപ് യാദവിനോ യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്നൂയിക്കോ അവസരം കിട്ടിയേക്കും. യുസ്വേന്ദ്ര ചഹലിനും വാഷിങ്ടണ്‍ സുന്ദറിനും വിശ്രമം അനുവദിക്കും. രണ്ടാം മത്സരത്തില്‍ തകര്‍ത്തെറിഞ്ഞ പേസര്‍ പ്രസിദ്ധ് കൃഷ്ണയും ഷാര്‍ദുല്‍ താക്കുറും ടീമിലുണ്ടാകും. എന്നാല്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കി ആവേശ് ഖാന് അവസരം നല്‍കിയേക്കും.
പരമ്പര ഇന്ത്യക്ക് അടിയറവെച്ച വിന്‍ഡീസ് ആശ്വാസ ജയം തേടിയാണ് കളത്തിലിറങ്ങുന്നത്. ക്യാപ്റ്റന്‍ കീരോന്‍ പൊള്ളാര്‍ഡും സീനിയര്‍ ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറും പിടിച്ചുനിന്നാലേ അവര്‍ക്ക് വിജയം പിടിക്കാനാകൂ. വിന്‍ഡീസിന്റെ ബൗളിങ് നിര ശക്തമാണ്. പേസര്‍മാരായ കെമര്‍ റോച്ച്, അല്‍സാരി ജോസഫ്, ഒഡിയന്‍ സ്മിത്ത് എന്നിവരും സ്പിന്നര്‍മാരായ ഫാബിയന്‍ അലനുംഅകീല് ഹുസൈനും രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ ചെറിയ സ്കോറില്‍ ഒതുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: