രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെക്കുറിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടന്ന ചര്‍ച്ചകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവും ദേശവിരുദ്ധവുമായ രാഷ്ട്രീയത്തെ തുറന്നുകാട്ടുകയുണ്ടായി. പ്രതിസന്ധികളെയും വെല്ലുവിളികളെയും അഭിമുഖീകരിച്ച് രാജ്യം കൈവരിക്കുന്ന നേട്ടങ്ങളെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ്സ് തയാറാവുന്നില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കൊവിഡ് കാലത്ത് കോണ്‍ഗ്രസ്സ് കളിച്ച ദുഷിച്ച രാഷ്ട്രീയത്തെ തുറന്നു കാണിച്ച പ്രധാനമന്ത്രി, മഹാമാരിയുടെ ആദ്യ തരംഗത്തില്‍ ഉത്തര്‍പ്രദേശിലും മുംബൈയിലും മറ്റുമുള്ള കുടിയേറ്റത്തൊഴിലാളികള്‍ക്ക് പണം നല്കി സ്വന്തം നാടുകളിലേക്ക് പോകാന്‍ അവര്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. രോഗം വ്യാപിക്കാതിരിക്കാന്‍ കുടിയേറ്റത്തൊഴിലാളികള്‍ ഇപ്പോഴുള്ള ഇടങ്ങളില്‍ത്തന്നെ തങ്ങണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചപ്പോഴായിരുന്നു അവരെയും മറ്റുള്ളവരെയും നാശത്തിലേക്ക് വലിച്ചിഴക്കുന്ന പെരുമാറ്റം കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്നുണ്ടായത്. വാക്സിനേഷന്റെ കാര്യത്തില്‍ ഭാരതം കൈവരിച്ച അഭൂതപൂര്‍വമായ നേട്ടത്തെ ഐക്യരാഷ്ട്ര സഭയും ലോകാരോഗ്യ സംഘടനയും ഉള്‍പ്പെടെ ലോകം മുഴുവന്‍ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തപ്പോള്‍ അതില്‍ സന്തോഷിക്കുന്നതിനു പകരം കുപ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിച്ചത്. വിഘടനവാദികളുടെ നേതൃത്വം കോണ്‍ഗ്രസ്സ് ഏറ്റെടുത്തിരിക്കുകയാണെന്ന കടുത്ത വിമര്‍ശനവും പ്രധാനമന്ത്രി നടത്തി.
പരാജയത്തില്‍നിന്ന് പാഠം പഠിക്കാതെ അഹങ്കരിക്കുകയാണ് കോണ്‍ഗ്രസ്സ്. എന്തുകൊണ്ട് ജനങ്ങള്‍ തിരസ്കരിക്കുന്നുവെന്ന് ആത്മപരിശോധന കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറല്ല. ഇതിനു പകരം അധികാരത്തിലിരുന്ന കാലത്തെ മാനസികാവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയാണ്. അടുത്ത നൂറു വര്‍ഷത്തേക്ക് അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കാത്തതുപോലെയാണ് കോണ്‍ഗ്രസ്സ് പെരുമാറുന്നതെന്ന പ്രധാനമന്ത്രിയുടെ പരിഹാസം സഭയിലാകെ ചിരി പടര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്കുപോലും അതില്‍ പങ്കുചേരാതിരിക്കാനായില്ല. രാജ്യത്തിന് അപകടം സംഭവിക്കുമെന്നു തിരിച്ചറിഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ്സ് പിരിച്ചുവിടണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടതെന്നു പറഞ്ഞ പ്രധാനമന്ത്രി, കോണ്‍ഗ്രസ്സ് ഇല്ലായിരുന്നെങ്കില്‍ രാജ്യത്ത് അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടാകുമായിരുന്നില്ലെന്നും ദല്‍ഹിയിലെ സിഖ് കൂട്ടക്കൊലയും കശ്മീരില്‍നിന്നുള്ള പണ്ഡിറ്റുകളുടെ പലായനവും സംഭവിക്കില്ലായിരുന്നുവെന്നും അഭിപ്രായപ്പെട്ടത് ആ പാര്‍ട്ടിയുടെ ജനവഞ്ചനയിലേക്കാണ് വിരല്‍ചൂണ്ടിയത്. കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ രാഷ്ട്രത്തിന് അടിയന്തരാവസ്ഥയുടെ കളങ്കം അനുഭവിക്കേണ്ടി വരില്ലായിരുന്നുവെന്നും, അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ജനങ്ങള്‍ ഇത്ര കാലം കാത്തിരിക്കേണ്ടി വരില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ സഭയിലിരുന്ന് ഞെളിപിരികൊണ്ടു. ഗോവ വിമോചന സമരത്തെ നെഹ്റു പിന്തുണയ്ക്കാതിരുന്നതും സ്വതന്ത്ര ഭാരതത്തിലെ ജനാധിപത്യ സര്‍ക്കാരുകളെ പിരിച്ചുവിട്ടതുമൊക്കെ ഓര്‍മപ്പെടുത്താനും പ്രധാനമന്ത്രി മറന്നില്ല.
തങ്ങള്‍ എക്കാലത്തെയും ഭരണവര്‍ഗമാണെന്നും തങ്ങളെ ആരും വിമര്‍ശിച്ചുകൂടെന്നുമുള്ള നെഹ്റുകുടുംബത്തിന്റെ ധാര്‍ഷ്ട്യത്തെ പൊളിച്ചടുക്കുന്നതായിരുന്നു ലോക്സഭയിലും രാജ്യസഭയിലും പ്രധാനമന്ത്രി നല്കിയ മറുപടികള്‍. തങ്ങള്‍ ആരുടെയെങ്കിലും അച്ഛനെയോ മുത്തച്ഛനെയോ ഒന്നുമല്ല വിമര്‍ശിക്കുന്നതെന്നും മുന്‍ ഭരണാധികാരികളെയാണ് വിമര്‍ശിക്കുന്നതെന്നു പറയാനും പ്രധാനമന്ത്രി മറന്നില്ല. ചര്‍ച്ചയില്‍ പങ്കെടുത്ത് കോണ്‍ഗ്രസ്സ് എംപി രാഹുല്‍ പദവിക്കു ചേരാത്തവിധം തരംതാണ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. വിഘടനവാദം ഉയര്‍ത്തുന്ന ചില വാദഗതികളും ഉന്നയിച്ചു. ഇതിനൊക്കെ തക്കതായ മറുപടി ലഭിക്കുമെന്ന് അറിയാമെന്നതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാഹുല്‍ സഭയില്‍നിന്ന് വിട്ടുനിന്നു. ഈ ഒളിച്ചോട്ടത്തെയും പ്രധാനമന്ത്രി വെറുതെവിട്ടില്ല. രാഹുലിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നാണല്ലോ കോണ്‍ഗ്രസ്സിന്റെ പരാതി. സഭയില്‍ ഹാജരാവാത്തയാള്‍ക്ക് എങ്ങനെ മറുപടി പറയാനാണെന്നു പ്രധാനമന്ത്രി ചോദിച്ചതിന് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്ക് മറുപടി ഉണ്ടായില്ല. രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ മറുപടിയില്‍ അസ്വസ്ഥരായി കോണ്‍ഗ്രസ്സ് അംഗങ്ങള്‍ സഭ വിടുകയായിരുന്നു. നെഹ്റു കുടുംബത്തിന്റെ നേതൃത്വം പാര്‍ട്ടിക്ക് ബാധ്യതയായിരിക്കുകയാണെന്നും നേതൃമാറ്റം ആവശ്യമാണെന്നും പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ വിമര്‍ശനം ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ കോണ്‍ഗ്രസ്സിന്റെ നില ഒന്നുകൂടി പരുങ്ങലിലാവും. നെഹ്റു കുടുംബമാണ് ഇതിന് ഉത്തരവാദിയെന്ന വിമര്‍ശനം കോണ്‍ഗ്രസ്സില്‍ നിന്ന് കൂടുതല്‍ ശക്തമായി ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: