കൊല്ലം: വിശപ്പുരഹിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടങ്ങിയ ജനകീയ ഹോട്ടലുകള്‍ നിലനില്‍പ്പിനായി കേഴുന്നു. കുടുംബശ്രീ മുഖാന്തരം തുടങ്ങിയ ഹോട്ടലുകളാണിവ.
നിത്യേന പച്ചക്കറിക്കും പലചരക്കിനും വിലകൂടിയാല്‍ ജനകീയ ഹോട്ടലുകളുടെ നടത്തിപ്പ് അവതാളത്തിലാകും. കുടുംബശ്രീ സിഡിഎസിനാണ് നടത്തിപ്പ് ചുമതല. നൂറുകണക്കിന് കുടുംബശ്രീ അംഗങ്ങളുടെ തൊഴിലിടം കൂടിയാണിന്ന് ജനകീയ ഹോട്ടലുകള്‍. 20 രൂപയ്ക്ക് ഊണ് കൊടുക്കുന്ന ഹോട്ടലില്‍ ഒരു ഊണിന് കുടുംബശ്രീ ജില്ലാമിഷന് 10 രൂപ വീതമാണ് അനുവദിക്കുക. കെട്ടിടം, വെള്ളം, വൈദ്യുതി അതത് തദ്ദേശസ്ഥാപനങ്ങള്‍ വകയാണ്.
സിവില്‍ സപ്ലൈസ് മുഖേന 10.90 രൂപ പ്രകാരം അരിയും അനുവദിച്ചിട്ടുണ്ട്. എന്നാല്‍, സിവില്സപ്ലൈസില്നിന്ന് മിക്കവരും അരി വാങ്ങിക്കാറില്ല. കൂടുതല്‍ ചോറ് വയ്ക്കുമ്പോള്‍ വേവ് ശരിയാകില്ലെന്നാണ് നടത്തിപ്പുകാര്‍ പറയുന്നത്. 3335 രൂപ നിരക്കിലുള്ള മറ്റ് അരി ഉപയോഗിച്ചാണ് ചോറുണ്ടാക്കുന്നത്. അടുക്കളയില്‍ സ്പെഷ്യലായുണ്ടാക്കുന്ന വിഭവങ്ങളിലൂടെയാണിപ്പോള് പച്ചക്കറിയിലെ നഷ്ടം നികത്തുന്നത്.
മീന്‍ പൊരിച്ചതും കോഴിക്കറിയും മറ്റു സ്പെഷ്യലുമാണ് ജനകീയ ഹോട്ടലുകളെ പിടിച്ചുനിര്‍ത്തുന്നത്. പ്രദേശികമായി പച്ചക്കറി ഉത്പാദനം കൂടുകയും പുറമേനിന്നുമെത്തുന്ന പച്ചക്കറിവില നിയന്ത്രിക്കാനും ഇടപെടലുണ്ടായാല്‍ മാത്രമേ ജനകീയ ഹോട്ടുലകള്‍ക്ക് പിടിച്ചുനില്‍ക്കാനാകൂ.
തുടക്കത്തില്‍ നൂറില്‍ത്താഴെ ആളുകളാണ് ഊണിനെത്തിയത്. ഇന്ന് അത് ഓരോ കേന്ദ്രങ്ങളിലും ഇരുന്നൂറിന് മുകളിലായി. 20 രൂപയ്ക്ക് സുഭിക്ഷമായി ഭക്ഷണമെന്നതാണ് ജനകീയഹോട്ടലുകളുടെ ആകര്‍ഷണം. ജനകീയ ഹോട്ടലുകളിലെ ഏകീകൃത രുചിയും ഗുണനിലവാരവും ഇതിന് കാരണമായി.
കൂട്ടുകറി അല്ലെങ്കില്‍ അവിയല്‍, സാമ്പാര്‍, അച്ചാര്‍ അടങ്ങിയതാണ് ഭക്ഷണം. സാമ്പാറിലെ കഷണങ്ങളാകേണ്ട പച്ചക്കറികള്‍ക്കെല്ലാം തീവിലയാണ്. പച്ചക്കറിയുടെയും പലചരക്ക് സാധനങ്ങളുടെയും വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനവുമില്ല. പച്ചക്കറിയുടെയും മറ്റ് സാധനങ്ങളുടെയും വില കൂടിയതോടെ ജനകീയ ഹോട്ടലുകളില്‍ തിരക്കേറി. ഊണുകഴിച്ച് പോകുമ്പോള്‍ പൊതിച്ചോറ് വാങ്ങുന്നവരുടെ എണ്ണവും കൂടി. ജനങ്ങള്‍ മറ്റ് ഹോട്ടലുകളെ ഉപേക്ഷിച്ച് ജനകീയ ഹോട്ടലുകളെ ആശ്രയിച്ചു തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: