കോഴിക്കോട്: മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിച്ച സൈനികര്‍ക്ക് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തിയെങ്കിലും എക്കാലത്തും ഇന്ത്യന്‍ സൈന്യത്തോടും സൈനികരോടും പുച്ഛവും അനാദരവും മാത്രമാണെന്ന് പിണറായി വിജയനേയും പാര്‍ട്ടിയേയും വിമര്‍ശിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍. സന്ദര്‍ഭങ്ങള്‍ എണ്ണിപ്പറഞ്ഞാണ് പലതും. അവശ്യഘട്ടങ്ങളില്‍ സൈന്യത്തിന്റെ സേവനം സ്വീകരിക്കുകയും തരംകിട്ടുമ്പോഴൊക്കെ സൈന്യത്തോട് അനാദരവ് കാട്ടുകയും ചെയ്യുന്നവരാണ് സിപിഎമ്മുകാര്‍ എന്നാണ് വിമര്‍ശനം.
രണ്ട് മാസം മുമ്പാണ് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അപകടത്തില്‍ മരിച്ചത്. ഒട്ടുമിക്ക മുഖ്യമന്ത്രിമാരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ കേരള മുഖ്യമന്ത്രി പോയില്ല. ദല്‍ഹിയിലുണ്ടായിരുന്ന കേരള എംപിമാര്‍ സംസ്കാരചടങ്ങുകളില്‍ പങ്കെടുത്തില്ല. അപകടം കേരളത്തിനടുത്ത നീലഗിരിയിലായിട്ടുപോലും പിണറായിയോ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയോ സംഭവസ്ഥലത്ത് പോയില്ല. സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പുകള്‍ കുറ്റം നിരത്തുന്നു.
മലമ്പുഴയില്‍ സൈന്യത്തിന്റെ സഹായം തേടാന്‍ സര്‍ക്കാരിന് മടിയായിരുന്നു. സംസ്ഥാനത്തെ രക്ഷാസംവിധാനങ്ങള്‍ പരാജയമായപ്പോള്‍ കോസ്റ്റ് ഗാര്‍ഡിനെയാണ് വിളിച്ചത്. സൈന്യത്തെ വിളിക്കാന്‍ കാണിച്ച അമാന്തത്തെ മേജര്‍ രവി രൂക്ഷമായി വിമര്‍ശിച്ചു. ആദ്യമേ നാവിക സേനയെയോ സൈന്യത്തേയോ വിളിച്ചിരുന്നെങ്കില്‍ തലേന്ന് രക്ഷാപ്രവര്‍ത്തനം കഴിഞ്ഞേനെ എന്നാണ് അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞ പ്രളയകാലത്തും സൈന്യത്തോട് സംസ്ഥാന സര്‍ക്കാരിന്റെ അയിത്തം കണ്ടതാണ്. മുങ്ങിത്താഴുമ്പോഴും സൈന്യ സഹായം പിണറായി തേടിയില്ല. സ്വയം സജ്ജമായ സൈന്യത്തിന് ഇറങ്ങാന്‍ അനുമതി നല്‍കിയില്ല. ചെയ്യാന്‍ ജോലി നിശ്ചയിച്ചില്ല. എന്നിട്ടു സൈന്യമാണ് അന്ന് കേരളത്തെ രക്ഷിച്ചത്.
സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇന്ത്യന്‍ സേനയോട് പൊതുവെയുള്ള അനാദരവ് പലവട്ടം കേരളം കണ്ടതാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസംഗത്തില്‍ സൈന്യത്തെ അധിക്ഷേപിച്ചത് ദേശീയതലത്തില്‍ വിവാദമായിരുന്നു. സൈന്യത്തെ ഭീകരരായി ചിത്രീകരിക്കുകയാണ് കോടിയേരി ചെയ്തത്. നാലുപേര്‍ കൂടി നില്‍ക്കുന്നത് കണ്ടാല്‍ വെടിവച്ചു കൊല്ലുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നവരാണ് സൈന്യം എന്നാണ് അന്ന് കോടിയേരി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: