മുറ്റിച്ചൂര്‍: വൈകല്യങ്ങളെ മറന്ന് ദേവീസന്നിധിയില്‍ നിരഞ്ജന് (11) എന്ന കുഞ്ഞു കലാകാരന് ചെണ്ടയിലൂടെ തായമ്പകയില്‍ കൊട്ടിക്കയറിയപ്പോള്‍ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. കാഞ്ഞാണി ഭാരതീയ വിദ്യാഭവന് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിരഞ്ജന് വലത്തേ കൈമുട്ടിന് താഴേക്ക് നീളക്കുറവും സ്വാധീനവുമില്ല. ഇടതു കയ്യില്‍ പിടിച്ച കോലിലൂടെയാണ് ഈ കൊച്ചു മിടുക്കന് താള വിസ്മയം തീര്‍ക്കുന്നത്.
ചൂരക്കോട് ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിലെ മകര ഭരണി ആഘോഷത്തോടനുബന്ധിച്ചാണ് നിരഞ്ജനും സുഹൃത്തുക്കളും 7 ാം ക്ലാസ് വിദ്യാര്‍ത്ഥികളുമായ തേജസ് ജയപ്രകാശും തേജസ് ലാലും ചേര്‍ന്ന് തായമ്പക അവതരിപ്പിച്ചത്. ദീപാരാധനക്ക് ശേഷമാണ് തായമ്പക അരങ്ങേറിയത്.
ഏഴു വയസുള്ളപ്പോള്‍ നിരഞ്ജന് പഞ്ചാരിയില്‍ അരങ്ങേറ്റം നടത്തിയിട്ടുണ്ട്. 9 ാം വയസില്‍ തായമ്പകയിലും അരങ്ങേറ്റം നടത്തി. രണ്ടിനും ചെറുശ്ശേരി ശ്രീകുമാറിന്റെ ചിട്ടയായ പരിശീലനമാണ് നിരഞ്ജന് ലഭിച്ചത്. ചെണ്ടയിലും ഇലത്താളത്തിലുമായി ആറ് പേര് ഇവര്‍ക്കൊപ്പം തായമ്പകയില്‍ താളവിസ്മയം തീര്‍ത്തു.
ഒരു കയ്യും ഒരു കോലും കൊണ്ട് താളപ്പെരുക്കം തീര്‍ക്കേണ്ട തായമ്പകയില്‍ സുഹൃത്തുക്കളോടൊപ്പം നിരഞ്ജനും പരിമിതികളെ വെല്ലുവിളിച്ച് കൊട്ടിക്കയറുകയായിരുന്നു. തൃശൂരില്‍ ഓഡിറ്റിംഗ് സ്ഥാപനം നടത്തുന്ന മുറ്റിച്ചൂര്‍ പടിയം സ്വദേശികളായ കൊലയാംപറമ്പത്ത് ഗിരീഷ് കുമാറിന്റെയും ബിന്ദുവിന്റെയും മകനാണ് നിരഞ്ജന്. സഹോദരി സിഎ വിദ്യാര്‍ത്ഥിയായ ഇന്ദുലേഖ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: