താലിബാന് അഫ്ഗാനിസ്ഥാന് പിടിച്ചെടുത്തതോടെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന നിരവധി തീരുമാനങ്ങളും കൊണ്ടുവന്നത്. വിദ്യാഭ്യാസം, തൊഴില്‍, സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയവ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ട പ്രഖ്യാപനങ്ങളും വന്നിരുന്നു. ഇപ്പോഴിതാ അഫ്ഗാനിലെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും നീതിനിഷേധങ്ങളെക്കുറിച്ച് ഹോളിവുഡ് താരം ആഞ്ജലീന ജോളി പങ്കുവെച്ച പോസ്റ്റാണ് വാര്‍ത്തയില്‍ നിറയുന്നത്.
മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും നിരന്തരം വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് ആഞ്ജലീന. ഇക്കുറി അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്കു വേണ്ടിയാണ് ആഞ്ജലീന പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഒരു അഫ്ഗാന് പെണ്‍കുട്ടിയില്‍ നിന്ന് ലഭിച്ച കത്തു സഹിതമാണ് ആഞ്ജലീനയുടെ പോസ്റ്റ്. പെണ്‍കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കാന്‍ പേര് മറച്ചുവെച്ചാണ് ആഞ്ജലീന പോസ്റ്റ് ചെയ്തിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് കാണാതായ വനിതാ ആക്റ്റിവിസ്റ്റുകളുടെ പേരും ആഞ്ജലീന പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. ആലിയ അസീസി, പര്‍വാനാ ഇബ്രാഹിംഖേല്‍, മുര്സല് അയാര്‍, സാറാ മൊഹമ്മദി, ടമാനാ സറിയാബ് പര്യാനി തുടങ്ങിയവരുടെ പേരുകളാണ് പോസ്റ്റിലുള്ളത്. താലിബാന് അധികാരത്തിലെത്തിയതോടെ സ്കൂളില്‍ പോകാന്‍ കഴിയാത്ത പെണ്‍കുട്ടികളെക്കുറിച്ചാണ് കത്തില്‍ പറയുന്നത്. സ്ത്രീയാണ് എന്നതുകൊണ്ടു മാത്രം ഇനി പുറത്തിറങ്ങാനോ എന്തിനധികം സംസാരിക്കാനോ പോലും കഴിയാതെ വരുമെന്നും കത്തിലുണ്ട്.
‘കത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്: ‘സ്ത്രീകള്‍ക്ക് സംസാരിക്കാനോ അവരുടെ അഭിപ്രായങ്ങള്‍ മുന്നോട്ട് വയ്ക്കാനോ അവകാശമില്ലെന്ന് എനിക്ക് തോന്നുന്നു. സ്ത്രീയുടെ അവകാശങ്ങള്‍ അവരില്‍ നിന്ന് എടുത്തുകളയുന്നു, അവര്‍ക്ക് രാജ്യത്ത് ഒന്നും ചെയ്യാന്‍ അനുവാദമില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ 2 സ്ത്രീകളെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് താലിബാന് അറസ്റ്റ് ചെയ്തു. ഇത് അവസാനമാണ്, എനിക്ക് ഇനി ഒരിക്കലും പുറത്തിറങ്ങാന്‍ കഴിയില്ല, ഞാന്‍ ഒരു പെണ്‍കുട്ടിയായതിനാല്‍ സംസാരിക്കാന്‍ പോലും കഴിയില്ല, എന്ന് ഞാന്‍ ഓര്‍ത്തു.
അഫ്ഗാനിസ്ഥാനില്‍ എന്താണ് സംഭവിക്കുന്നതെന്ന് ദയവായി ശ്രദ്ധിക്കണം. രാത്രിയില്‍ യുവതികളെ തോക്കിന് മുനയില്‍ നിര്‍ത്തി അവരുടെ വീടുകളില്‍ നിന്ന് കൊണ്ടുപോകും പിന്നീട് അവരെ കാണാതാകും. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സ്വാതന്ത്ര്യത്തിന്മേല് അനുദിനം പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു. അവരെ മറന്നിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ദയവായി സഹായിക്കുക’. നടി കുറിച്ചു. ുടര്‍ന്നുള്ള പോസ്റ്റില്‍ അഫ്ഗാനിസ്ഥാനിലെ രണ്ട് വനിതാ പെയിന്റര്‍മാരായ ഷംസിയ ഹസാനി, റദാ അക്ബര്‍ തുടങ്ങിയവരുടെ പെയിന്റിങ്ങുകളും ആഞ്ജലീന പങ്കുവെച്ചിട്ടുണ്ട്. അഫ്ഗാന് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെ ആദരിക്കുകയാണ് ആഞ്ജലീന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: