കൊല്ലം: കൊല്ലം ബൈപാസ് നിര്‍മാണത്തിനായി ഏറ്റെടുത്ത സ്ഥലം കൈയേറി മതിലും കെട്ടി. മങ്ങാട് പാലത്തിന് സമീപമാണ് കൈയേറ്റം. ഇവിടെ ദേശീയപാത നിര്‍മാണത്തിന് കരാര്‍ എടുത്തിരിക്കുന്ന കമ്പനിയുടെ നേതൃത്വത്തിലാണ് ഭൂമി കൈയേറ്റം.
റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി അഷ്ടമുടി കായലിനോട് ചേര്‍ന്നു സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമി കരാര്‍ കമ്പനി ഏറ്റെടുത്തിരുന്നു. ഇങ്ങനെ ഏറ്റെടുത്ത സ്വകാര്യവ്യക്തികളുടെ ഭൂമിയോട് ചേര്‍ന്നുള്ളതും ബൈപാസിനായി ഏറ്റെടുത്തതുമായ ഭൂമിയാണ് മതില് കെട്ടി തിരിച്ചെടുത്തത്. നിലവില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ അതിര്‍ത്തി നിര്‍ണ്ണയിച്ച് മതിലുകള്‍ ഉണ്ടായിട്ടും അതിന് മുന്നില്‍ പുതിയ മതില് നിര്‍മിച്ചാണ് ഭൂമി സ്വന്തമാക്കിയത്. മീറ്റര്‍ കണക്കിന് നീളത്തിലാണ് മതില് കെട്ടിപ്പൊക്കിയത്. ദേശീയപാതയോട് ചേര്‍ന്ന് ലക്ഷങ്ങള്‍ വില വരുന്ന ഭൂമിയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തട്ടിയെടുക്കുന്നത്. ഭൂമി ഏറ്റെടുത്തപ്പോള്‍ അധികൃതര്‍ സ്ഥാപിച്ച കല്ലുകള്‍ ഇപ്പോള്‍ പുതിയതായി നിര്‍മിച്ച മതിലിനു പുറത്തായി.
അഷ്ടമുടിക്കായലിനോട് ചേര്‍ന്ന് ചതുപ്പുകളും കണ്ടല്‍കാടുകളും കുളങ്ങളും ഉള്ള ഭൂമിയാണ് കരാര്‍പ്രകാരം റോഡ് നിര്‍മാണ ആവശ്യത്തിന് വേണ്ടി ഏറ്റെടുത്തത്. ഇവിടെ യാതൊരു മാനദണ്ഡവും പാലിക്കാതെ ഇതെല്ലാം അനധികൃതമായി നികത്തി എടുത്താണ് പ്രവര്‍ത്തനം. ഈ ഭൂമി നികത്താന്‍ ഉപയോഗിച്ചതാകട്ടെ ബൈപാസില്‍ നിന്നുള്ള മണ്ണും. ലോഡുകണക്കിന് മണ്ണ് മറിച്ചുകടത്തിയാണ് ഏക്കര്‍ കണക്കിന് ചതുപ്പ് പ്രദേശം നികത്തി എടുത്തത്. നാട്ടുകാരുടെ പ്രതിഷേധത്തെയും പരാതിയെയും തുടര്‍ന്ന് നികത്തല്‍ താത്കാലികമായി നിര്‍ത്തി എന്ന് അധികൃതര്‍ പറയുമ്പോഴും ഇപ്പോഴും ഇതെല്ലാം നിര്‍ബാധം നടക്കുകയാണ്. നികത്തിയ പ്രദേശങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ചുരുക്കത്തില്‍ ബൈപാസിന് ഏറ്റെടുത്ത ഭൂമി കൈയേറി, ബൈപാസില്‍ നിന്നുമുള്ള ലോഡുകണക്കിന് മണ്ണ് കടത്തി, അനധികൃതമായി തണ്ണീര്‍ത്തടവും ചതുപ്പുകളും നികത്തിയിട്ടും ഇതൊന്നും കണ്ടില്ല എന്ന മട്ടാണ് അധികൃതര്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: