ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ഹോമകുണ്ഡത്തില്‍ അഗ്നി ജ്വലിച്ചതോടെ ക്ഷേത്രത്തില്‍ സങ്കീര്‍ണ്ണമായ ചടങ്ങുകള്‍ക്ക് തുടക്കമായി. കലശ ചടങ്ങുകളുടെ ഭാഗമായി ശനിയാഴ്ച്ച പ്രസാദശുദ്ധി, മഹാകുഭത്തിന്റെ സ്ഥലശുദ്ധി തുടങ്ങിയ ചടങ്ങുകളും നടന്നു. ഇന്ന് ബിംബശുദ്ധി ചടങ്ങുകളാണ്. ഇതോടൊപ്പം മഹാകുംഭ കലശപൂജ, അധിവാസഹോമം എന്നീ ചടങ്ങുകളും നടക്കും.
കലശചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രിമുഖ്യന്‍ ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട്, തന്ത്രി ഹരി നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ നേതൃത്വം നല്കി. നാലമ്പലത്തിനകത്തെ മുളയറയില്‍ വെള്ളിമുളം പാലികകളില്‍ വിതച്ച 12 തരം ധാന്യ അറകളില്‍ കലശം കഴിയുവോളം 3 നേരം മുളപൂജയുമുണ്ടാകും. കലശ ചടങ്ങുകള്‍ തീരും വരെ ക്ഷേത്രത്തിലെ ഉച്ചപൂജ നിര്‍വ്വഹിക്കുന്നത് ക്ഷേത്രം തന്ത്രിയാണ്. 13 ന് ഞായറാഴ്ച്ച സഹസ്രകലശത്തോടും ബ്രഹ്മകലശത്തോടും കൂടി കലശചടങ്ങുകള്‍ക്ക് സമാപനമാകും. 14 നാണ് കൊടിയേറ്റം. അന്ന് രാവിലെ ക്ഷേത്രത്തില്‍ ആനയില്ലാ ശീവേലിയും ഉച്ചക്ക് 3ന് ആനയോട്ടവും ഉണ്ടായിരിക്കും.
സുരക്ഷാക്രമീകരണങ്ങളുടെയും, കൊവിഡ് നിയന്ത്രണത്തിന്റെയും ഭാഗമായി ആനയോട്ട മത്സരത്തില്‍ മൂന്നാനകള് മാത്രമെ പങ്കെടുക്കുകയുള്ളൂവെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന് അറിയിച്ചു. 14ന് രാത്രി കുംഭമാസത്തിലെ പൂയ്യം നക്ഷത്രത്തില്‍ സ്വര്‍ണ്ണകൊടിമരത്തില്‍ ക്ഷേത്രം തന്ത്രി സപ്തവര്‍ണ്ണക്കൊടി ഉയര്‍ത്തുന്നതോടെ 10 ദിവസം നീണ്ടുനില്‍ക്കുന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കമാകും.
കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇക്കുറിയും പകര്‍ച്ചയും, ഉത്സവക്കഞ്ഞി, പ്രസാദ ഊട്ടും ഉണ്ടായിരിക്കില്ലെന്ന് ദേവസ്വം നേരത്തെ തീരുമാനമെടുത്തിരുന്നു. ഉത്സവത്തോടനുബന്ധിച്ച് നാലമ്പലത്തിനകത്ത് അതിവിശിഷ്ടമായ താന്ത്രിക ചടങ്ങുകള്‍ നടക്കുന്നതിനാല്‍, ഉത്സവ സമാപനമായ കൊടിയിറക്കംവരെ ക്ഷേത്രം നാലമ്പലത്തിനകത്തേക്ക് അഞ്ചുവയസിന് താഴെ പ്രായമുള്ള കുട്ടികളെ പ്രവേശിപ്പിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: