ഈരാറ്റുപേട്ട: നഗരസഭയിലെ പ്രധാന പ്രശ്നമായ മാലിന്യ സംസ്കരണത്തിന് പരിഹാരമാകുന്നു. നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിന്റെ സമീപത്ത് തള്ളിയ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കാന്‍ നടപടിയായി.
തേവരുപാറ മാലിന്യ സംസ്കരണ പ്ലാന്റിന്റെ സമീപത്തെ മാലിന്യ കൂമ്പാരം ബയോ മൈനിങ് സംവിധാനത്തോടെ സംസ്കരിക്കാന്‍ രണ്ടേകാല്‍ കോടി രൂപ വകയിരുത്തി ശുചിത്വ മിഷന് ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു. ഡിപിആര്‍ ഉള്‍പ്പടെ ലോക ബാങ്കിന് നല്‍കുന്നതിന്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭാധികൃതരും ശുചിത്വ മിഷന് ഉദ്യോഗസ്ഥരും ഹെല്‍ത്ത് ഇന്‍സ്പെക്ടറും തേവരുപാറ മാലിന്യ സംസ്കരണ പ്ലാന്റിലെത്തി പരിശോധിച്ചു.
നഗരത്തില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഉയര്‍ന്ന പ്രദേശമായ തേവരുപാറയിലാണ് തള്ളുന്നത്. ജൈവ അജൈവ മാലിന്യങ്ങള്‍ ഉള്‍പ്പടെയാണ് തേവരുപാറ ഡംബിങ് യാര്‍ഡില്‍ എത്തുന്നത്. ഇതിന്റെ പരിഹാരത്തിനായി ലക്ഷങ്ങള്‍ വരുന്ന മെഷിനറികളുടെ സഹായത്തോടെ മാലിന്യ സംസ്കരണം ലക്ഷ്യം വെച്ചെങ്കിലും അവയൊന്നും ശാശ്വത പരിഹാരമായിരുന്നില്ല. കാല് നൂറ്റാണ്ട് മുമ്പ് ഡംമ്പിങ് യാര്‍ഡ് ആരംഭിച്ചത് മുതലുള്ള മാലിന്യമാണ് ഇവിടെയുള്ളത്. 7788 മീറ്റര്‍ ക്യുബിക്ക് മാലിന്യം ഉണ്ടെന്നാണ് കണക്ക്.
തേവരുപാറയിലെ മാലിന്യ കൂമ്പാരം മീനച്ചിലാറിന് സമീപത്തേക്ക് വരെയെത്തിയിരുന്നു. മഴക്കാലത്ത് ഇതിലൊരംശം മീനച്ചിലാറ്റിലേയ്ക്ക് എത്തുകയും ചെയ്തിരുന്നു. പ്രദേശത്തെ മാലിന്യം പൂര്‍ണമായും മാറിയാല്‍ ഇതിനൊരു പരിഹാരവും ലഭിക്കും. അതോടൊപ്പം മാലിന്യമലയില്‍ നിന്നും സഹിക്കാന്‍ കഴിയാത്ത ദുര്‍ഗന്ധവും കൊണ്ട് വീര്‍പ്പുമുട്ടുകയായിരുന്നു തേവരുപാറ നിവാസികള്‍ക്ക് ഏറെ ആശ്വാസവും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: