കുറവിലങ്ങാട്: റോഡരികില്‍ ചെറിയ വണ്ടികളില്‍ കൂട്ടിയിട്ടു നല്ല നാടന്‍ മാങ്ങ വില്‍പന നടത്തിയിരുന്ന കാലത്തു വില ഇരുപതോ മുപ്പതോ രൂപ മാത്രം. സീസണ്‍ ആകുമ്പോള്‍ വില പിന്നെയും കുറയും. അതു പഴയ കാലം. ഇപ്പോള്‍ മാങ്ങയുടെ വില ചോദിച്ചാല്‍ പുളിയും എരിവും ഒന്നിച്ച് അനുഭവിക്കും. കിലോഗ്രാമിനു 160 രൂപ. വില ഇത്രയും ഉയര്‍ന്ന കാലം ഉണ്ടായിട്ടില്ലെന്നു വ്യാപാരികള്‍ പറയുന്നു.
ചക്കയുടെ കാര്യത്തിലും കഥ ഇതു തന്നെ. ലഭ്യത കുറഞ്ഞതോടെ ചക്കയുടെ വില കിലോഗ്രാമിന് 15 മുതല്‍ 20 രൂപ വരെ. നല്ല നാടന്‍ ചക്കയ്‌ക്കു ശരാശരി 20 കിലോ തൂക്കം. ഇക്കൊല്ലം ചക്ക വാങ്ങണമെങ്കില്‍ കാശ് ചുള പോലെ എണ്ണി നല്കണം. ഒരു ചക്കയ്‌ക്കു 300 മുതല്‍ 500 വരെ രൂപ കൊടുക്കണം.
എന്താണ് സംഭവിച്ചത്?
പ്രതിസന്ധിക്കു കാരണം അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനം. മഴയുടെ അളവു കൂടിയപ്പോള്‍ മാവുകള്‍ പൂവിടാന്‍ വൈകി. ഓരോ വര്‍ഷവും മുടങ്ങാതെ നിറയെ കായ്ച്ചുനില്‍ക്കുന്ന പ്ലാവില്‍ ഇത്തവണ ചക്കയുടെ എണ്ണം കുറഞ്ഞു. നാടന്‍മാവുകളില്‍ കായ്ഫലം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച മഴയുടെ കരുത്ത് കുറഞ്ഞത് ഡിസംബറില്‍. ഇടവിട്ടു പെയ്ത മഴയും അതിതീവ്ര മഴയും തിരിച്ചടിയായി.
നാടന്‍ മൂവാണ്ടന്‍ മാങ്ങകള്‍ കിട്ടാക്കനിയായി. സീസണ്‍ ആരംഭിച്ചാല്‍ ആദ്യം മാങ്ങ എത്തിയിരുന്നത് ആലപ്പുഴ ഭാഗത്തു നിന്നായിരുന്നു. ഇത്തവണ ഇതുവരെ നാടന്‍ മാങ്ങകള്‍ വിപണിയില്‍ എത്തിയിട്ടില്ല. കണ്ണിമാങ്ങ കണി കാണാന്‍ പോലുമില്ല.
ചക്കയുടെ കഥ
സാധാരണ വരിക്കപ്ലാവിലെ ചക്കയ്‌ക്കാണു പ്രിയമെങ്കിലും ഇത്തവണ ചക്ക ഏതായാലും മതിയെന്ന നിലയിലാണു കാര്യങ്ങളുടെ പോക്ക്. വര്‍ഷം നിറയെ കായ്‌ക്കുന്ന പ്ലാവില്‍ ഇത്തവണ പേരിന് ഒന്നോ രണ്ടോ ചക്ക മാത്രമുള്ള സ്ഥിതി. ചിലയിടങ്ങളില്‍ അതുമില്ല. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനികളും ചക്ക പ്രോസസിങ് യൂണിറ്റുകളും നെട്ടോട്ടത്തിലാണ്.
തുലാവര്‍ഷം അവസാനിക്കുന്ന സമയത്താണു പ്ലാവില്‍ ചക്ക പൊട്ടുന്നത്. എന്നാല്‍ ഇത്തവണ തുലാവര്‍ഷം കഴിഞ്ഞും മഴ തുടര്‍ന്നതോടെ പൂവു കൊഴിഞ്ഞുപോയതാണു തിരിച്ചടിക്കു കാരണം.
കിട്ടാക്കനികള്‍ വേറെയും
വാളന്‍പുളി, പേരയ്‌ക്ക, ജാതി, മരച്ചീനി, നെല്ല് എന്നിവയുടെ ഉല്‍പാദനത്തെയും മഴ ബാധിച്ചു. 2018ലെ പ്രളയത്തിനു ശേഷം ഓരോ വര്‍ഷവും ഉല്‍പാദനം കുറയുകയാണെന്നു കര്‍ഷകര്‍ പറയുന്നു. മഴയുടെ ഏറ്റക്കുറച്ചിലും ഇതുവരെയുണ്ടാകാത്ത കാലാവസ്ഥാ വ്യതിയാനവും കൃഷി മേഖലയില്‍ ഉല്‍പാദനം ഗണ്യമായി കുറച്ചു. ഇതു കൃഷിയുടെ പതിവുരീതികളെ താളം തെറ്റിച്ചു.
നീലൂര്‍ പ്രൊഡ്യൂസര്‍ കമ്പനിയിലെ കാഴ്ച
സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ ചക്ക വാങ്ങുന്ന സ്ഥാപനമാണു നീലൂര്‍ പ്രൊഡ്യൂസര്‍ കമ്പനി. സീസണില്‍ ഇവിടെ എത്തിയിരുന്നത് 2 മുതല്‍ 3 വരെ ടണ്‍ ചക്ക. ഇത്തവണ എത്തുന്നത് 200 മുതല്‍ 300 വരെ കിലോഗ്രാം. കിലോഗ്രാമിന് 20 രൂപ നല്‍കിയാണു കമ്പനി ആദ്യഘട്ടത്തില്‍ കര്‍ഷകരില്‍ നിന്നു ചക്ക സംഭരിച്ചത്. ഇപ്പോള്‍ നല്‍കുന്നത് 15 രൂപ. കൂടിയ വില നല്‍കാന്‍ തയാറാണ്.
പക്ഷേ, ആവശ്യത്തിനു ചക്ക വേണം. പ്രതിവര്‍ഷം ടണ്‍ കണക്കിനു ചക്ക മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റി വിദേശരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്ന കമ്പനി ഇത്തവണ ഓര്‍ഡര്‍ സ്വീകരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍.
നാടന്‍ പ്ലാവുകളില്‍ കായ്ഫലം കുറഞ്ഞു. 400 ടണ്‍ ആവശ്യമുള്ള സ്ഥാനത്തു 4 ടണ്‍ പോലും കിട്ടാത്ത അവസ്ഥയാണെന്നു കമ്പനി സിഇഒ സിബി മാത്യു പറയുന്നു. സീസണില്‍ 6 മാസം മുടക്കമില്ലാതെ ചക്ക കിട്ടിയിരുന്നു. ഇത്തവണ ഒരു ചക്ക പോലും ലഭിക്കാത്ത ദിവസങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: