തിരുനല്‍വേലി: മണല്‍വാരല്‍ കേസില്‍ അറസ്റ്റിലായ സിറോ മലങ്കര സഭ പത്തനംതിട്ട രൂപതാ അധ്യക്ഷന്‍ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ്, വികാരി ജനറല്‍ ഫാ. ഷാജി തോമസ് മാണിക്കുളം, വികാരിമാരായ ഫാ. ജോര്‍ജ്ജ് സാമുവല്‍, ഫാ. ജിജോ ജെയിംസ്, ഫാ, ജോസ് കാലാവിയില്‍, ഫാ. ജോസ് ചാമക്കാല എന്നിവര്‍ക്കായി സഭാ അധികൃതര്‍ ജാമ്യ ഹര്‍ജി നല്കി. ഇന്നലെ അംബാസമുദ്രം മജിസ്ട്രേറ്റ് കോടതി അവധിയായതിനാല്‍ ഹര്‍ജി ഇന്ന് പരിഗണിക്കും,
മണല്‍ ഖനനം നടത്തിയ മാനുവല്‍ ജോര്‍ജ്ജിനെ നേരത്തെ തന്നെ തമിഴ്നാട് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. ബിഷപ്പ് അടക്കമുള്ള ആറു പേരെ അംബാസമുദ്രത്തില്‍ നിന്ന് ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ബിഷപ്പ്, ഫാ. ജോസ് ചാമക്കാല എന്നിവരുടെ പ്രായവും ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ച് ജയിലിലാക്കിയില്ല. മാത്രമല്ല ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് രണ്ടു പേരെയും തിരുനല്‍വേലി ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
സഭയുടെ പത്തനംതിട്ട രൂപതയ്ക്ക് അംബാസമുദ്രത്തില്‍ 300 ഏക്കര്‍ ഭൂമിയുണ്ട്. ഇത് കോട്ടയം സ്വദേശി മാനുവല്‍ ജോര്‍ജ്ജിന് കൃഷിക്ക് പാട്ടത്തിന് നല്‍കിയിരുന്നു. പാട്ട വ്യവസ്ഥ ലംഘിച്ച് ഇയാള്‍ ഇവിടെ നിന്ന് വന്‍തോതില്‍ മണല്‍ വാരുകയായിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കാര്യങ്ങളുടെ വിശദ വിവരങ്ങള്‍ അറിയാന്‍ പോലീസ് ബിഷപ്പിനെയും വികാരിമാരെയും വിളിച്ചുവരുത്തി. തുടര്‍ന്ന് ആറു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കൃഷിക്കും, കല്ല്, ഗ്രാവല്‍, ക്രഷറിലെ പൊടി, എം സാന്‍ഡ് എന്നിവയടക്കം ശേഖരിക്കാനുമാണ് മാനുവല്‍ ജോര്‍ജ്ജ് ഈ ഭൂമി പാട്ടത്തിന് എടുത്തത്. ഇതിന്റെ മറവില്‍ അഞ്ചു വര്‍ഷമായി മണല്‍വാരലാണ് നടന്നത്. കെട്ടിട നിര്‍മാണ മേഖലയില്‍ അംബാസമുദ്രത്തില്‍ നിന്നുള്ള മണലിന് വന്‍ ഡിമാന്‍ഡാണ്. ഇത് മുതലെടുത്താണ് ഇയാള്‍ വലിയ തോതില്‍ മണല്‍വാരി വിറ്റിരുന്നത്.
തിരുനല്‍വേലിയിലെ തെക്കന്‍ കല്ലടിക്കുറിച്ചിയില്‍, താമ്രപര്‍ണി നദിയില്‍, പൊട്ടാള്‍ ചെക്ക് ഡാമിനോടു ചേര്‍ന്നാണ് സഭയുടെ ഭൂമി. 27,774 ക്യൂബിക് മീറ്റര്‍ മണല്‍ ഖനനം ചെയ്തതായി കളക്ടര്‍ 2020ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സഭയ്ക്ക് അധികൃതര്‍ 9.57 കോടി രൂപ പിഴയും ചുമത്തി. ഖനനത്തിന് കൂട്ടുനിന്ന വീരനല്ലൂര്‍ എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും നല്കിയ ഹര്‍ജിയെത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബിഷപ്പിനെയും സഭാ അധികൃതരെയും അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: