ഡോ. സി.വി. വിജയമണി
ആധാറില്‍ തുടങ്ങി ആത്മനിര്‍ഭര്‍ ഭാരത് എന്ന ബൃഹദ്പദ്ധതിയില്‍ എത്തിനില്‍ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ പരിവര്‍ത്തനാത്മക പുനരുദ്ധാരണ പരിപാടികള്‍ക്ക് തന്നെയാണ് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് ഊന്നല്‍ കൊടുക്കുന്നത്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ആദ്യമായി ഒരു വനിത ധനമന്ത്രി മൂന്നുപ്രാവശ്യം തുടര്‍ച്ചയായി ഏറെ വ്യത്യസ്തതയോടെ ബജറ്റ് അവതരിപ്പിച്ചു എന്ന ചരിത്രനേട്ടവുമായാണ്, ആസാദി കാ അമൃതവര്‍ഷത്തില്‍ തന്റെ നാലാമത്തെ ബജറ്റുമായി നിര്‍മ്മലാ സീതാരാമന് എത്തിയത്. മഹാമാരിയുടെ മൂന്നാംതരംഗത്തിലും പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാനും പുരോഗതിയിലേക്ക് രാജ്യത്തെ നയിക്കാനുമുള്ള ഇച്ഛാശക്തി പതിവുപോലെ ഈ ബജറ്റിലും ധനമന്ത്രി പ്രകടമാക്കുന്നു. കോവിഡാനന്തര ഭാരതത്തിന്റെ പുനരുദ്ധാരണത്തിന് നിക്ഷേപകരുടെയും സാധാരണ ഉപഭോക്താക്കളുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഏറെ സാധ്യതയുള്ള പശ്ചാത്തല സൗകര്യ വികസനരംഗത്ത് മുതല്‍മുടക്കാന്‍, സ്വകാര്യ നിക്ഷേപകരെ പ്രേരിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ട്.
മഞ്ഞില്‍ വിരിഞ്ഞ പൂവ്
മഹാമാരിയുടെ മൂടല്‍മഞ്ഞില്‍ നിറം മങ്ങിയ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ മഞ്ഞില്‍ വിരിഞ്ഞ പൂവിന്റെ മനോഹാരിതയോടെ വീണ്ടെടുക്കാന്‍ ബജറ്റ് സഹായിക്കും. സാധാരണ കുടുംബങ്ങളുടെ പ്രതിശീര്‍ഷ വരുമാനവും, കര്‍ഷകന്റെയും ചെറുകിട കച്ചവടക്കാരുടെയും വരുമാനവും വര്‍ധിപ്പിക്കേണ്ടത് അവരുടെ ക്രയവിക്രയ ശേഷി കൂട്ടാന്‍ അത്യാവശ്യമാണ്. നഷ്ടപ്പെട്ട തൊഴില്‍ ദിനങ്ങളും, ചെറുപ്പക്കാരുടെ തൊഴിലവസരങ്ങളും തിരിച്ചുപിടിക്കണം. സാമ്പത്തിക പിരിമുറുക്കങ്ങള്‍ക്കിടയിലും ഭാരതത്തെ ഏഷ്യയിലെ മുന്‍നിര സാമ്പത്തിക ശക്തിയായി ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. ഈ കാര്യം ലക്ഷ്യംവെച്ചുള്ളതാണ് റയില്‍-റോഡ് ഗതാഗത ശൃംഖലയിലും ആരോഗ്യരംഗത്തുമുള്ള നിര്‍ദ്ദേശങ്ങള്‍.
കൊവിഡ് കാലത്ത് സര്‍ക്കാര്‍ നടപ്പാക്കിയ പഞ്ചതല സ്പര്‍ശിയായ ‘പഞ്ചകര്‍മ്മ പദ്ധതി’ക്ക് തന്നെയാണ് ഊന്നല്‍ കൊടുത്തിരിക്കുന്നത്. സാമ്പത്തിക സുസ്ഥിതി മെച്ചപ്പെടുത്താനും പശ്ചാത്തല സൗകര്യം വികസിപ്പിക്കാനും, സാങ്കേതിക മികവ് കൈവരിക്കാനും ജനസംഖ്യാ മികവിനനുസൃതമായി തൊഴിലവസരങ്ങളും നൈപുണ്യ വികസനവും ഉറപ്പാക്കാനും ദേശവാസികളുടെ ക്രയവിക്രയശേഷി വര്‍ധിപ്പിക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്.
അര്‍ത്ഥശാസ്ത്രവും ആയുര്‍വേദവും മാത്രമല്ല നിത്യനൂതനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷിന് ലേണിങ്ങും വരെ കോവിഡാനന്തര ഭാരതത്തിന്റെ പുനരുദ്ധാരണത്തിനായി ഉപയോഗപ്പെടുത്താമെന്ന് ധനമന്ത്രി തന്റെ ഇടക്കാല സാമ്പത്തിക പാക്കേജിലൂടെ തെളിയിച്ചിട്ടുള്ളതാണ്. ആപത്തുകളെ അവസരമാക്കി മാറ്റുക എന്നതാണ് കരണീയം. ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ മുതല്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിവരെ നമുക്ക് പ്രയാസകാലത്ത് പ്രയോജനപ്പെട്ടു എന്നത് നാം കണ്ടതാണ്. ഇതിന്റെ തുടര്‍ച്ചയായിട്ട് വേണം ഈ ബജറ്റ് നിര്‍ദ്ദേശങ്ങളെ കാണാന്‍.
ആത്മനിര്‍ഭര ഭാരതം
സ്വാമി വിവേകാനന്ദന്റെ 139-ാം പിറന്നാള്‍ വേളയില്‍ അവതരിപ്പിച്ച ബജറ്റില്‍ ചെറുപ്പക്കാരുടെ തൊഴിലവസരങ്ങള്‍ പ്രത്യേക പ്രാധാന്യത്തോടെ ഇടംപിടിച്ചത് സ്വാഭാവികം. പതിനെട്ട് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളും അഭ്യസ്തവിദ്യരായ വീട്ടമ്മമാരും ഏറെയുള്ളതാണ് ഭാരതത്തിന്റെ ജനസംഖ്യ. ഈ വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യംവെച്ചുള്ള പദ്ധതികള്‍ ആവശ്യമാണ്. സ്ത്രീ കേന്ദ്രീകൃതമായ പദ്ധതികള്‍ വനിതാ പ്രതിനിധികള്‍ ഏറെയുള്ള ബിജെപിയുടെ പ്രഖ്യാപിത നയങ്ങളില്‍പ്പെട്ടതാണ്.
കൊറോണാനന്തരം കീഴ്പ്പോട്ടു പോയ തൊഴിലവസരങ്ങള്‍ മുഖ്യപ്രശ്നമായി മുന്നില്‍ നില്ക്കുന്നു. വിവിധ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനവും അതിനാവശ്യമായ പൊതു-സ്വകാര്യ നിക്ഷേപ സമാഹരണവുമാണ് ആവശ്യം. തൊഴില്‍രഹിതമായ വികസനത്തില്‍നിന്നു തൊഴിലധിഷ്ഠിത വികസനത്തിലേക്ക് മാറേണ്ടതുണ്ട്. ഈ കാര്യത്തില്‍ സൂക്ഷ്മ ചെറുകിട വ്യവസായങ്ങളുടെ പ്രശ്നരഹിതമായ പ്രവര്‍ത്തനവും മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതികള്‍ പോലുള്ള ഗ്രാമ കേന്ദ്രീകൃത പദ്ധതികളുടെ കാര്യക്ഷമമായ പ്രവര്‍ത്തനവും പ്രാധാന്യമര്‍ഹിക്കുന്നു. ഉത്പാദന രംഗത്തും കാര്‍ഷികരംഗത്തും സേവന മേഖലയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഈ ബജറ്റില്‍ കാണാം. യുവാക്കളുടെ തൊഴിലില്ലായ്മക്ക് പരിഹാരം കാണാന്‍ അറുപത് ലക്ഷം തൊഴിലവസരങ്ങള്‍ വിഭാവനം ചെയ്യുന്നു. ഒപ്പം തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ വിഹിതം അനുവദിക്കുകയും ചെയ്യുന്നു. ദാരിദ്ര്യനിര്‍മാര്‍ജനവും തൊഴിലവസര വര്‍ധനവും സാമൂഹിക സുരക്ഷാ പദ്ധതികളും രാജ്യത്തെ ആഗോള ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനത്തേക്ക് നയിക്കാന്‍ അനിവാര്യമാണ്. ഈ കാര്യത്തില്‍ ആവശ്യമായ കരുതല്‍ ധനമന്ത്രി കാണിച്ചിട്ടുണ്ട്.
ദേശീയപാത പോലുള്ള വന്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ ജനപങ്കാളിത്തം എന്നത് വകുപ്പുമന്ത്രിയായ നിതിന്‍ ഗഡ്കരിയുടെ ഒരു നൂതന ആശയമാണ്. അടിസ്ഥാന വികസന നിക്ഷേപക്കാര്യത്തില്‍ സാധാരണക്കാരുടെ ചെറു നിക്ഷേപങ്ങള്‍ സ്വീകരിക്കുക എന്നത് അസറ്റ് മോണിറ്റൈസേഷന്റെ ഒരു പുതിയ മാതൃകയായിട്ട് വേണം കണക്കാക്കാന്‍. ഇത്തരം പദ്ധതികള്‍ വന്‍ പദ്ധതികളില്‍ ചെറുകിട നിക്ഷേപകരുടെ താല്പര്യം വര്‍ധിപ്പിക്കാനും അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സഹായിക്കുന്നതാണ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ നൂറ് കാര്‍ഗോ ടെര്‍മിനലുകളും 25000 കിലോമിീറ്റര്‍ ദേശീയപാതയും 2000 കിലോമീറ്റര്‍ റയില്‍വെ ശൃംഖലയും ഈ ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഓഹരിവിപണിയിലെ കുതിപ്പിന് കൊവിഡ് തടസമായിരുന്നില്ല. ഓഹരിവിപണി സര്‍വകാല റെക്കോര്‍ഡ് രേഖപ്പെടുത്തിയത് കൊവിഡ് കാലത്തായിരുന്നു. ചരക്ക് സേവന നികുതിയിലെ വര്‍ധനവിനും കൊവിഡ് കാലം സാക്ഷിയായി. ജിഎസ്ടിയുടെ 1.59 ലക്ഷം കോടി രൂപയുടെ സര്‍വകാല റെക്കോര്‍ഡിനെക്കുറിച്ച് ധനമന്ത്രി പരാമര്‍ശിക്കുകയുണ്ടായി. കഷ്ടകാലത്തും നേട്ടം കൈവരിച്ച മറ്റൊരു മേഖലയാണ് സ്റ്റാര്‍ട്ടപ്പുകള്‍. കൊവിഡ് പൂര്‍വ സ്ഥിതിയില്‍ നിന്നു സ്റ്റാര്‍ട്ടപ്പ് മേഖല വന്‍കുതിപ്പാണ് കാഴ്ചവച്ചിരിക്കുന്നത്. 2021 ല്‍ സ്റ്റാര്‍ട്ടപ്പ് കുതിച്ചത് 24.1 ബില്യണ്‍ ഡോളര്‍ എന്ന ഉയരത്തിലേക്കായിരുന്നു. സ്വാഭാവികമായും സ്റ്റാര്‍ട്ടപ്പിന്റെ ഉന്നമനത്തിനായി ബജറ്റില്‍ കാര്യമായ നിര്‍ദ്ദേശങ്ങളുണ്ട്.
പുനരുദ്ധാരണ പദ്ധതി
കൊവിഡില്‍ തകര്‍ച്ചയെ നേരിട്ട കാര്‍ഷിക രംഗത്തിന് കരുത്തു പകരുന്ന നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ആശ്വാസവും പ്രതീക്ഷയും നല്കുന്നു. ആരോഗ്യരംഗത്തിനും ആരോഗ്യ രംഗത്തെ പശ്ചാത്തല വികസനത്തിനും അര്‍ഹമായ പ്രാധാന്യം നല്‍കുകയും ചെയ്തു. കൊറോണ മഹാമാരിയുടെ രണ്ടും മൂന്നും തരംഗത്തില്‍ ആടിയുലഞ്ഞു 7.3 ശതമാനം നിഷേധവളര്‍ച്ച എന്ന അവസ്ഥയിലേക്ക് പതിച്ച സാമ്പത്തിക സ്ഥിതിയെ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ എട്ട് ശതമാനവും അതിനപ്പുറം 9.2 ശതമാനം എന്ന പ്രതീക്ഷയിലേക്കുമുയര്ത്താന് സര്‍ക്കരിനു സാധിച്ചു എന്ന് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. കാര്‍ഷിക മേഖലയിലെ നാലു ശതമാനം വളര്‍ച്ചയും ഉത്പാദനരംഗത്തെ പന്ത്രണ്ട് ശതമാനത്തോളം കുതിപ്പും സേവനരംഗത്തെ എട്ട് ശതമാനം വളര്‍ച്ചയുമാണ് ഭാരതം കൊറോണാനന്തരം ഏഷ്യയിലെ മുന്‍നിര സാമ്പത്തിക ശക്തിയാകും എന്ന പ്രതീക്ഷക്ക് വക നല്‍കുന്നത് എന്ന് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഈ പ്രതീക്ഷക്ക് ബജറ്റ് കരുത്തു പകരുന്നുണ്ട്.
കഴിഞ്ഞ മൂന്ന് ബജറ്റിലും ധനമന്ത്രി ഊന്നല്‍ കൊടുത്തത് ആരോഗ്യ രംഗത്തെ സമഗ്ര വികസനത്തിനാണ്. ദേശീയ ആരോഗ്യനയത്തിനനുസരിച്ച് ആരോഗ്യരംഗത്തെ കൈപിടിച്ചുയര്‍ത്താന്‍ ഇന്നത്തെ നാലു ശതമാനത്തില്‍നിന്നു ബജറ്റ് വിഹിതം വര്‍ധിപ്പിക്കേണ്ടതാണ്. ഈ കാര്യത്തില്‍ കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും പങ്ക് വളരെ വലുതാണ്.
ഇലക്ഷന് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമല്ല ഇതര സംസ്ഥാനങ്ങളിലും കൊറോണാനന്തര വികസന മുരടിപ്പ് മാറ്റാനുള്ള നിര്‍ദ്ദേശങ്ങളാണ് നിര്‍മ്മലാ സീതാരാമന് മുന്നോട്ടുവച്ചിരിക്കുന്നത്. ഇതില്‍ തൊഴിലുറപ്പ് പദ്ധതികളും കാര്‍ഷിക ഭക്ഷ്യ സബ്സിഡികളും മറ്റു സൗജന്യങ്ങളും പെടുന്നു.
ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പണപ്പെരുപ്പ നിയന്ത്രണം ഒരു പ്രശ്നമാണ്. കൊവിഡ് കാലത്ത് റീട്ടെയില്‍ വില നിലവാരത്തില്‍ ഏകദേശം പത്ത് മടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരുമാനം കുറഞ്ഞ കുടുംബങ്ങളുടെ പ്രതിശീര്‍ഷ കടത്തിലും വര്‍ധനവുണ്ടായിരിക്കുന്നു. ഗ്രാമീണ കുടുംബങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കണം. ഒമ്പത് ശതമാനത്തോളം ഉയര്‍ന്നു നില്ക്കുന്ന ധനക്കമ്മിയില്‍നിന്നു നാം നാല്-അഞ്ച് ശതമാനം എന്ന നിലയിലേക്ക് മാറാന്‍ ഏറെ പ്രയാസപ്പെടേണ്ടിവരും. ഈ വര്‍ഷത്തെ ധനക്കമ്മി 6.9 ശതമാനമാണ്. എങ്കിലും ഏറെ പ്രതീക്ഷക്ക് വക നല്കുന്നു ഈ ബജറ്റ്. വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് പ്രധാനം. കൊവിഡ് ബാധിച്ച ഉത്പാദന മേഖലയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാനും തൊഴിലവസര സാധ്യത വര്‍ധിപ്പിക്കാനും നിക്ഷേപകരുടെയും സാധാരണ ഉപഭോക്താക്കളുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഈ ബജറ്റിനു കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: