ഒട്ടാവ: ഇന്ത്യയില്‍ കര്‍ഷകസമരക്കാര്‍ ജനാധിപത്യരീതികള്‍ വെടിഞ്ഞ് മാസങ്ങളോളം തലസ്ഥാനനഗരിയിലെ പാതകളില്‍ ഗതാഗതം തടഞ്ഞപ്പോള്‍ സമരക്കാര്‍ക്ക് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച നേതാവാണ് ജസ്റ്റിന് ട്രൂഡോ. ഇപ്പോള്‍ കാനഡയുടെ തലസ്ഥാനമായ ഒട്ടാവോയില്‍ ട്രക്ക് സമരക്കാര്‍ ഒന്നടങ്കം വഴി തടഞ്ഞ് ദിവസങ്ങളോളം സമരം തുടരുമ്പോള്‍ അരുതെന്ന് ജസ്റ്റിന് ട്രൂഡോ.
എങ്ങിനെയാണ് രണ്ട് രാജ്യങ്ങളില്‍ രണ്ട് നീതിയെന്ന് ചോദിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ജനങ്ങള്‍. ‘കാനഡ സ്വദേശികള്‍ക്ക് സര്‍ക്കാരിനോട് വിയോജിപ്പ് പ്രകടിപ്പിച്ച്, പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. ഞങ്ങള്‍ ആ അവകാശം എന്നും സംരക്ഷിക്കും. പക്ഷെ ഒരു കാര്യം വ്യക്തമാക്കാം- അവര്‍ക്ക് നമ്മുടെ സമ്പദ്ഘടനയെ തടസ്സപ്പെടുത്താന്‍ അവകാശമില്ല. നമ്മുടെ ജനാധിപത്യത്തെയോ സഹപൗരന്മാരുടെ ദൈനംദിന ജീവിതത്തെയോ തടസ്സപ്പെടുത്താന്‍ അവകാശമില്ല. അത് നിര്‍ത്തേണ്ടതുണ്ട്,’ -കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ട്വീറ്റിലൂടെ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യയുടെ തലസ്ഥാനമായ ദല്‍ഹിയില്‍ പല ദേശീയ പതാകളിലുമുള്ള ഗതാഗതം മാസങ്ങളോളം കര്‍ഷകസമരക്കാര്‍ തടഞ്ഞപ്പോള്‍ ജസ്റ്റിന് ട്രൂഡോ ആ സമരത്തെ പിന്തുണച്ച നേതാവാണ്. അന്ന് മോദി സര്‍ക്കാരില്‍ വരെ സമരക്കാര്‍ക്ക് അനുകൂലമായി സമ്മര്‍ദ്ദം ചെലുത്താന്‍ ജസ്റ്റിന് ട്രൂഡോ മുന്നോട്ട് വന്നിരുന്നു. കാനഡയില്‍ ജസ്റ്റിന് ട്രൂഡോയ്ക്ക് പിന്തുണ നല്കുന്ന ചില ഖലിസ്ഥാന്‍ അനുകൂല സംഘടനകളെയും നേതാക്കളെയും തൃപ്തിപ്പെടുത്താനായിരുന്നു ജസ്റ്റിന് ട്രൂഡോ ഇന്ത്യയില്‍ കര്‍ഷക സമരത്തെ പിന്തുണച്ചത്.
കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലെ മേയര്‍ ട്രക്ക് സമരത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സാഹചര്യം നിയന്ത്രണത്തിലാക്കാന്‍ എന്തും ചെയ്യാന്‍ ഒരുങ്ങുകയാണ് ജസ്റ്റിന് ട്രൂഡോ. ഒട്ടാവ പൊലീസിനെ സഹായിക്കാന്‍ നൂറുകണക്കിന് റോയല്‍ മൗണ്ട് കനേഡിയന്‍ പൊലീസ് ഓഫീസര്‍മാരെ ഇവിടേക്ക് നിയോഗിക്കുകയാണ്.
ജസ്റ്റിന് ട്രൂഡോ ഇപ്പോഴും സമരക്കാരെ പേടിച്ച് ഒളിവില്‍ കഴിയുകയാണ്. ജനവരി 29 മുതല്‍ ആണ് കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ട്രക്കുകാര്‍ സമരം തുടങ്ങിയത്. ഇപ്പോള്‍ 2700 ട്രക്കുകളാണ് ഒട്ടാവയിലെ പ്രധാനവീഥികളില്‍ ഗതാഗതം തടസ്സപ്പെടുത്തി നിരന്നിരിക്കുന്നത്. കാനഡയിലേക്ക് കടക്കാന്‍ ട്രക്കുകാര്‍ക്ക് നിര്‍ബന്ധിത വാക്സിന് ആവശ്യമാണെന്ന ജസ്റ്റിന് ട്രൂഡോയുടെ തീരുമാനമാണ് ട്രക്കുകാരെ ചൊടിപ്പിച്ചത്. ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, ജോ റോഗന്‍, കൊമേഡിയന്‍ റസ്സല്‍ ബ്രാന്റ് എന്നിവരുടെ പിന്തുണ ‘ഫ്രീഡം കൊണ്വോയ്’ എന്നറിയപ്പെടുന്ന സമരക്കാര്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: