വാഷിങ്ടണ്‍: ഐ.എസ് നേതാവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 75 കോടി രൂപ (10 മില്യണ്‍ ഡോളര്‍) പാരിതോഷികം വാഗ്ദാനം ചെയ്ത് അമേരിക്ക. ഐ.എസ്.ഐ.എസ്-കെ നേതാവ് സനൗള്ള ഗഫാരിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കാണ് യു.എസ് വമ്പന്‍ തുക വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഐ.എസ്.ഐ.എസിന്റെ അഫ്ഗാനിസ്ഥാനിലെ പ്രാദേശിക ചാപ്റ്ററാണ് ഐ.എസ്.ഐ.എസ്-കെ. അഫ്ഗാനിലെ ഖൊറാസന്‍ പ്രവിശ്യ കേന്ദ്രീകരിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. ഗഫാരിയെ തിരിച്ചറിയാവുന്നതോ അയാളുടെ ലൊക്കേഷനിലേക്ക് നയിക്കാവുന്നതോ ആയ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കാണ് പാരിതോഷികം ലഭിക്കുക. യു.എസിന്റെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
2021 ആഗസ്റ്റ് 26ന് കാബൂള്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നടന്ന തീവ്രവാദി ആക്രമണത്തിലുള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യാനുതകുന്ന തരത്തിലുള്ള വിവരം നല്‍കുന്നവര്‍ക്കും പാരിതോഷികം നല്‍കുമെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ പറയുന്നത്. കാബൂളിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ്.ഐ.എസ്-കെ അന്ന് ഏറ്റെടുത്തിരുന്നു. 2020 ജൂണിലായിരുന്നു ഗഫാരിയെ ഐ.എസ്.ഐ.എസ്-കെയുടെ തലവനായി ഐ.എസ്.ഐ.എസ് നിയമിച്ചത്, എന്നാണ് വാഷിങ്ടണ്‍ വൃത്തങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: