കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകനെതിരെയുള്ള പീഡന പരാതിയില്‍ അന്വേഷണം തുടങ്ങി. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് പരാതിക്കാരി രഹസ്യമൊഴി നല്‍കിയത്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. രാവിലെ വിളിച്ചു വരുത്തിയ യുവതിയെ മൊഴിയെടുക്കാതെ രണ്ട് മണിക്കൂറോളം സ്റ്റേഷനില്‍ ഇരുത്തിയെന്നും പോലീസിന്റെ ഇത്തരം മോശം സമീപനമാണ് സ്ത്രീകളെ പരാതി നല്കുന്നതില് നിന്ന് പിന്തിരിപ്പിക്കുന്നതെന്നും യുവതിയുടെ അഭിഭാഷക പറഞ്ഞു.
എളമക്കര പോലീസിന് കൈമാറിയ കേസ് പിന്നീട് അന്വഷണത്തിനായി തിരുവനന്തപുരം ഹൈടെക് സെല്‍ അഡിഷണല്‍ എസ്പി, എസ് ബിജുമോന് കൈമാറുകയായിരുന്നു. മൊഴിയെടുക്കുന്നതിന് രാവിലെ പത്തര മണിക്ക് എളമക്കര സ്റ്റേഷനില്‍ എത്താനായിരുന്നു യുവതിയോടെ പോലീസിന്റെ നിര്‍ദ്ദേശം. എന്നാല്‍ യുവതി എത്തുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരും ഉണ്ടായിരുന്നില്ല. ഒടുവില്‍ ഉച്ചക്ക് പന്ത്രണ്ടരക്കാണ് അഡിഷണല്‍ എസ്പി, എസ്. ബിജുമോന് സ്റ്റേഷനില്‍ എത്തിയത്.
തുടര്‍ന്ന് മെഡിക്കല്‍ പരിശോധയ്ക്ക് വിധേയമാക്കിയ ശേഷം ഉച്ചയോടെ യുവതിയെ മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്താനായി എത്തിച്ചു. എന്നാല്‍ യുവതിയെ പോലീസ് സ്റ്റേഷനില്‍ അനാവശ്യമായി മണിക്കൂറുകളോളം ഇരുത്തിയ ശേഷമാണ് മൊഴി രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായത്. പോലീസിന്റെ ഈ സമീപനം അംഗീകരിക്കാനാവില്ലെന്ന് ഇവരുടെ അഭിഭാഷക വിമല ബേബി ആരോപിച്ചു.
പത്ത് വര്‍ഷം മുന്നേ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നതാണ് സംവിധായകനെതിരെയുള്ള യുവതിയുടെ കേസ്. കൊച്ചിയിലെ ഒരു ഗാനരചയിതാവിന്റെ വീട്ടില്‍ വെച്ചാണ് പിഡീപ്പിച്ചതെന്നാണ് ഇവരുടെ പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
അതിനിടെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ ശബ്ദ സാമ്പിള്‍ ശേഖരിച്ചു. ബാലചന്ദ്രകുമാര്‍ നല്കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം പ്രതികളുടേത് തന്നെയാണ് സ്ഥിരീകരിക്കുന്നതിനാണ് ഇത്. ദിലീപിനെ കുടാതെ രണ്ട് പേര് കൂടി ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പിള്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: