തൃശൂര്‍ : കൂനൂര്‍ ഹെലിക്കോപ്ടര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി തൃശൂര്‍ താലൂക്ക് ഓഫീസില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. കൂനൂര്‍ അപകടത്തിന് പിന്നാലെ ശ്രീലക്ഷ്മിക്ക് സര്‍ക്കാര്‍ വകുപ്പില്‍ ജോലി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഉത്തരവ് ലഭിച്ചതോടെ ശ്രീലക്ഷ്മി ജോലിയില്‍ പ്രവേശിക്കാനായി എത്തുകയായിരുന്നു.
എംകോം ബിരുദധാരിയാണ് ശ്രീലക്ഷ്മി. സാധാരണ നിലയില്‍ യുദ്ധത്തിലോ യുദ്ധസമാനമായ സാഹചര്യത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിനാണ് വ്യവസ്ഥ. എന്നാല്‍ മന്ത്രിസഭായോഗം ചേര്‍ന്ന് പ്രത്യേക പരിഗണന നല്കി പ്രദീപിന്റെ ഭാര്യയ്ക്ക് ജോലി നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു.
തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം പുറത്തിറങ്ങുന്ന മുറയ്ക്ക് നിയമന ഉത്തരവ് പുറത്തിറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. സര്‍ക്കാര്‍ ഉത്തരവ് റവന്യൂ മന്ത്രി കെ. രാജന് നേരിട്ടെത്തി ശ്രീലക്ഷ്മിക്ക് കൈമാറി. രാജ്യത്തിന് വേണ്ടി പോരാടുന്ന ധീര ജവാന്മാര്ക്ക് സര്‍ക്കാര്‍ നല്കുന്ന വലിയ അംഗീകാരമാണ് ആശ്രിത നിയമനം. വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ശ്രീലക്ഷ്മിക്ക് രണ്ട് മാസത്തിനകം തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചതെന്നും മന്ത്രി രാജന് അറിയിച്ചു.
സംയുക്ത സേന മേധാവി ബിപിന്‍ റാവത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് പ്രദിപ് ഹെലിക്കോപ്ടര്‍ അപകടത്തില്‍ മരിക്കുന്നത്. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത് ഉള്‍പ്പടെ 14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.
അറക്കല്‍ രാധാകൃഷ്ണന്റെ മകനായ പ്രദീപ് തൃശൂര്‍ സ്വദേശിയാണ്. പിതാവിന്റെ ചികിത്സ ആവശ്യങ്ങള്‍ക്കും മകന്റെ പിറന്നാളിനുമായി പ്രദീപ് നാട്ടില്‍ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചതിന്റെ നാലാം ദിവസമാണ് ഈ അപകടം സംഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: