കണ്ണൂര്‍: ആറളം ഫാമിലെ വന്യജീവി ആക്രമണത്തിന് പരിഹാരമായി പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിച്ച 22 കോടി രൂപ വിനിയോഗിച്ച് ആനമതില്‍ നിര്‍മിക്കാന്‍ ഫാമില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ തീരുമാനം. കൂടുതല്‍ തുക ആവശ്യമെങ്കില്‍ അനുവദിക്കും.
മന്ത്രിമാരായ കെ. രാധാകൃഷ്ണന്, എ.കെ. ശശീന്ദ്രന്, എം.വി. ഗോവിന്ദന് എന്നിവര്‍ ആറളം ഫാം സന്ദര്‍ശിച്ച ശേഷം ആറളം ഫാം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ജനപ്രതിനിധികളുമായും നാട്ടുകാരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
നേരത്തെ അനുവദിച്ച 22 കോടി രൂപയില്‍ നിര്‍മാണം ഒതുങ്ങിയില്ലെങ്കില്‍ കൂടുതല്‍ തുക അനുവദിക്കാന്‍ പട്ടിക വര്‍ഗ വികസന വകുപ്പ് നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. നേരത്തെ 10 കിലോമീറ്ററില്‍ ആന മതില് നിര്‍മിച്ചിരുന്നു. അതിന് ശേഷം അവശേഷിക്കുന്ന 10.5 കിലോമീറ്ററില്‍ കൂടി നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ചിരുന്നു.
ചില സാങ്കേതികത്വങ്ങള്‍, നിര്‍മ്മാണ കമ്പനിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ എന്നിവയുണ്ടായി. കേസ് നിലനില്‍ക്കുന്നതിനാല്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്തി ആന മതില് നിര്‍മിക്കും. പണം നേരത്തെ അനുവദിക്കാന്‍ പട്ടികവര്‍ഗ വികസന വകുപ്പ് തയ്യാറാണ്. വനം വകുപ്പും മറ്റ് വിവിധ വകുപ്പുകളുമായും ബന്ധപ്പെട്ട് പെട്ടെന്ന് നിര്‍മാണം പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
എംഎല്‍എമാരായ കെ.കെ. ശൈലജ, സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍, സബ് കളക്ടര്‍ അനുകുമാരി, അഡീഷനല്‍ പ്രിന്‍സിപ്പല്‍ സിസിഎഫ് ഡോ. പി. പുഗഴേന്തി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: