തിരുവനന്തപുരം : സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ അന്വേഷണവുമായി പോലീസ്. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി സ്‌പേയ്‌സ് പാര്‍ക്കില്‍ ജോലി തരപ്പെടുത്തിയെന്ന കണ്ടെത്തിന്റെ അടിസ്ഥാനത്തില്‍ ഇത് സ്ഥിരീകരിക്കുന്നതിനാണ് പോലീസിന്റെ നീക്കം.
സ്‌പേയ്‌സ്പാര്‍ക്കില്‍ ജോലിക്കായി മഹാരാഷ്‌ട്രയിലെ ബാബാസാഹേബ് അംബേദ്കര്‍ ടെക്‌നിക്കല്‍ സര്‍വകലാശാലയിലെ വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയിട്ടുള്ളത്. ഇത് ഉറപ്പിക്കുന്നതിനായി മഹാരാഷ്‌ട്ര സര്‍വ്വകലാശാല ആസ്ഥാനത്ത് നേരിട്ടെത്തി അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിനായി ഈ മാസം തന്നെ പോലീസ് മഹാരാഷ്‌ട്രയിലേക്ക് പോകുമെന്നാണ് വിവരം.
സ്‌പെയ്‌സ് പാര്‍ക്കില്‍ സ്വപ്ന സുരേഷ് ജോലി സമ്പാദിച്ചത് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നേരത്തെ മഹാരാഷ്‌ട്രയിലെ സര്‍വകലാശാലയില്‍ നേരിട്ട് പോയി അന്വേഷിക്കാന്‍ പോലീസ് തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് കാരണം അത് വൈകുകയായിരുന്നു.
സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകള്‍ വന്നതോടെ നടപടികള്‍ വേഗത്തിലാക്കാന്‍ അന്വേഷണം സംഘം തീരുമാനിക്കുകയായിരുന്നു. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞാല്‍ ഇത് ലഭിച്ചത് എങ്ങനെ, നിര്‍മാണം എന്നിവ സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തും. നിലവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് സ്വപ്‌ന തന്നെയാണെന്ന വിലയിരുത്തലിലാണ് പോലീസ്.
അതിനിടെ സ്വപ്നയെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്‍റ് ബുധനാഴ്ച കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുമ്പാകെ സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. എന്നാല്‍ തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സ്വപ്ന സുരേഷ് പ്രതികരിച്ചു.
ഇമെയിലിലെ സാങ്കേതിക തകരാറുകള്‍ കൊണ്ടാണ് ഇഡിയുടെ മെയില്‍ തനിക്ക് ലഭിക്കാത്തത് എന്ന് കരുതുന്നു. താന്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ പറഞ്ഞതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു. ശിവശങ്കര്‍ എന്ന വ്യക്തിയെ കുറിച്ച് തെറ്റായി താന്‍ ഒന്നും പറഞ്ഞിട്ടില്ല. അന്വേഷണ ഏജന്‍സികള്‍ എന്താണ് ചോദിക്കുന്നതെന്ന് അറിയില്ല. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കും. സത്യസന്ധമായി തന്നെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കും. ശിവശങ്കറിനെ തനിക്ക് പേടിയില്ല. ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന തനിക്കിനി ആരെ പേടിക്കാനാണെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: