ന്യൂദല്‍ഹി: ഇസ്ലാമിക നിയമങ്ങളുമായി ബന്ധപ്പെട്ട് വിവാദ ഫത്വകള്‍ പുറപ്പെടുവിക്കുന്ന ദാറുല്‍ ഉലൂം ദിയോബന്ദിന്റെ വെബ്സൈറ്റ് അടച്ചുപൂട്ടാന്‍ ഉത്തരവ്. ബാലാവകാശ വിഷയങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്നതും നിയമവിരുദ്ധവുമായ ഫത്വ പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് എന്‍സിപിസിആറിന്റെ ഉത്തരവ്.
ദാറുല്‍-ഉലൂം ദിയോബന്ദിനെതിരെ നടപടിയെടുക്കാന്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സഹാറന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റിന് കത്തയച്ചു. കുട്ടികളെയും അവരുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇസ്ലാമിക് സെമിനാരിയുടെ സംശയാസ്പദമായ കാഴ്ചപ്പാടിനെക്കുറിച്ച് ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയെ തുടര്‍ന്നാണ് നടപടി. യുപിയിലെ സഹാറന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റിന് നല്‍കിയ നോട്ടീസില്‍, ദാറുല്‍ ഉലൂം ദിയോബന്ദ് അതിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന നിയമവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഫത്വകള്‍ പുറപ്പെടുവിക്കുന്നതായി എന്‍സിപിസിആര്‍ കണ്ടെത്തിയതായി പറയുന്നു. തുടര്‍ന്ന് ദാറുല്‍-ഉലൂമിന്റെ വെബ്സൈറ്റ് പരിശോധിക്കാനും നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാനും സഹറന്‍പൂര്‍ ഡിഎം ഉത്തരവിട്ടു.
നേരത്തെ ഇസ്ലാമിക് സെമിനാരിക്കെതിരെ നല്‍കിയ പരാതിയില്‍, കുട്ടിയെ ദത്തെടുക്കല്‍, മദ്രസകളിലെ വിദ്യാഭ്യാസം, സ്‌കൂള്‍ സിലബസ് തുടങ്ങിയ വിഷയങ്ങളില്‍ യുക്തിരഹിതമായ ഫത്വകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി പറയുന്നു. ഒരു ഫത്വയില്‍ ദാറുല്‍ ഉലൂം ദിയോബന്ദ് ഒരു കുട്ടിയെ ദത്തെടുക്കുന്നത് നിയമവിരുദ്ധമല്ലെന്നും , അവന്‍ പക്വത പ്രാപിച്ചതിന് ശേഷം ശരീഅത്ത് ആചരിക്കേണ്ടത് ആവശ്യമാണെന്നും പറയുന്നു. ദത്തെടുക്കപ്പെട്ട കുട്ടിക്ക് സ്വത്തില്‍ ഒരു പങ്കും ലഭിക്കില്ല, കുട്ടിക്ക് ഒരു അവകാശി ആകരുത് എന്നൊക്കെ ഫത് വയില്‍ പറയുന്നു. ഇന്ത്യന്‍ ഭരണഘടന, ഇന്ത്യന്‍ പീനല്‍ കോഡ്, ജുവനൈല്‍ ജസ്റ്റിസ് ആക്ട്, 2009, വിദ്യാഭ്യാസ അവകാശ നിയമം, 2009 എന്നിവയുടെ വ്യവസ്ഥകള്‍ ലംഘിച്ചതിന് ദാറുല്‍ ഉലൂമിനെതിരെ നടപടിയെടുക്കാന്‍ ബാലാവകാശ സംഘടന നീക്കങ്ങള്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: