ദൃഢതയും നിര്‍ഭയത്വവും ജീവവ്രതമാക്കിയ ഉത്തമ സ്വയംസേവകനായിരുന്നു കഴിഞ്ഞ ദിവസം വിടപറഞ്ഞ സി.സി. രമേശന്‍. ശിവജി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സി.സി. നാരായണന്‍ നമ്പ്യാരുടെ പ്രേരണയില്‍ അറുപതുകളുടെ അവസാനകാലത്ത് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായി കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള യാഥാസ്ഥിക കുടുംബത്തില്‍ നിന്നും സംഘ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട അദ്ദേഹം എല്ലാ അര്‍ത്ഥത്തിലും ഒരു മാതൃകാ സ്വയംസേവകനായിരുന്നു.
അധ്യാപകനും ആയുര്‍വേദ വിശാരദനുമായ പാലക്കല്‍ കുഞ്ഞപ്പ നമ്പ്യാരുടെയും സി.സി. മീനാക്ഷി അമ്മയുടേയും രണ്ടാമത്തെ പുത്രനായ രമേശന് വീട്ടിലെ സൗഭാഗ്യങ്ങളില്‍ രമിച്ച് സമയം കളയാതെ കൗമാര യൗവ്വനങ്ങള്‍ രാഷ്‌ട്ര സേവനത്തിന് സമര്‍പ്പിക്കാന്‍ പ്രേരണയായത് മാധവജിയെ പോലുള്ള ആദ്യകാല പ്രചാരകന്‍മാരായിരുന്നു.
കുടുംബത്തിലെ സങ്കുചിതത്വവും ഉദാസീനതയും കണ്ട് വളര്‍ന്ന അദ്ദേഹത്തിന് സംഘ പ്രവര്‍ത്തനം പുതിയൊരു ലോകം മുന്നില്‍ തെളിയിക്കുകയായിരുന്നു. സംഘ പ്രവര്‍ത്തനത്തില്‍ കൂനത്തറ നാരായണന്‍, ആര്‍.വി. രഘുപ്രസാദ്, സി.സി. ബാലകൃഷ്ണന്‍, മോഹനന്‍, എം.കെ. ജനാര്‍ദനന്‍, ഗംഗാധരന്‍, പ്രേമന്‍, പുത്തലത്ത് ഭാസ്‌കരന്‍ തുടങ്ങിയ യുവാക്കളും ചേര്‍ന്നതോടെ സര്‍സംഘചാലകായിരുന്ന ഗുരുജി പങ്കെടുത്ത പാരമ്പര്യമുള്ള പുതിയതെരു ശാഖ അക്ഷരാര്‍ത്ഥത്തില്‍ പ്രഭാവിശാഖയായി ഉണരുകയായിരുന്നു.
ചന്ദ്രന്‍ ഗുരുക്കളുടെ ശിക്ഷണവും അദ്ദേഹത്തിന്റെ കളരിയിലെ അഭ്യാസ മുറകളും നല്‍കിയ കായികബലവും ദൈനംദിന ശാഖയിലെ കര്‍മ്മ പദ്ധതികളും സംഘ ശിക്ഷാ വര്‍ഗ്ഗില്‍ നിന്നും ലഭിച്ച പരിശീലനവും അദ്ദേഹത്തെ കന്യാകുമാരി സംരക്ഷണ സമിതിയുടെ സന്നദ്ധഭടനാകാനുള്ള ഇച്ഛാശക്തി വര്‍ധിപ്പിച്ചു. കന്യാകുമാരി സംരക്ഷണത്തിന് കണ്ണൂരില്‍ നിന്ന് പ്രഭാകരന്‍ നാറാത്തിനോടൊപ്പം പുറപ്പെടുമ്പോള്‍ തീവ്രമായ സംഘര്‍ഷ മാര്‍ഗ്ഗം സ്വീകരിച്ച ഒരു പോരാളിയുടെ മനോവീര്യം രമേശനില്‍ ഉണ്ടായിരുന്നു.
ഒന്നും പ്രതീക്ഷിക്കാത്ത, മടിയില്ലാത്ത രാഷ്‌ട്രസേവകനുണ്ടാവേണ്ട ഗുണമുള്ളത് കൊണ്ട് അടിയന്തിരാവസ്ഥ കാലഘട്ടത്തിലും സധൈര്യം സമരമുഖത്ത് അടിയുറച്ച് നില്‍ക്കുവന്‍ അദ്ദേഹത്തിന് സാധിച്ചു. തന മന ധന സമര്‍പ്പണ സംഘ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന സി.സി. രണ്ടായിരത്തി ഇരുപതുവരെയും വിജയദശമി ദിവസം
പൂര്‍ണ്ണ ഗണവേഷത്തില്‍ പഥസഞ്ചലനത്തില്‍ പങ്കെടുക്കുന്നതില്‍ എന്നും ശ്രദ്ധിച്ചിരുന്നു. ചെറുപ്പക്കാര്‍ക്ക് എന്നും പ്രചോദനമായിരുന്നു.
പ്രവര്‍ത്തനരംഗത്തേക്ക്
പുതിയ തലമുറ കടന്നു വരുമ്പോള്‍ ആധ്യാത്മികതയുടെ അടിത്തറ വ്യക്തിജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ ക്ഷേത്രസംരക്ഷണവും വേണമെന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു. ജീര്‍ണ്ണതയില്‍ തകര്‍ന്നുകൊണ്ടിരുന്ന പുഴാതി ശ്രീ സോമേശ്വരി ക്ഷേത്ര നവീകരണസമിതി രൂപീകരിച്ച് ക്ഷേത്ര നവീകരണത്തിന് അദ്ദേഹം നേതൃത്വം നല്‍കിയത് ക്ഷേത്ര സംരക്ഷണം ഒരു സമാജ പ്രവര്‍ത്തനം കൂടിയായി കണ്ടത് കൊണ്ടായിരുന്നു. ആധ്യാത്മിക ജീവിതചിന്തയില്‍ കഴിയാന്‍ താല്‍പ്പര്യം കാണിച്ച വേളയില്‍ സംഘ നിര്‍ദ്ദേശ പ്രകാരം പള്ളിക്കുളം സേവാ ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തില്‍ ഒരു സന്നദ്ധ സേവകന്റെ ഉല്‍കൃഷ്ടതയോടെ അദ്ദേഹം നിറഞ്ഞു നിന്ന് സേവനം അനുഷ്ഠിച്ചിരുന്നു.
പള്ളിക്കുളം യോഗീശ്വര ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായതോടെ തന്റെ പ്രവര്‍ത്തന മണ്ഡലം അവിടെ കേന്ദ്രീകരിച്ച് തുടര്‍ന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്നേ അര്‍ബുദം കീഴടക്കുന്നത് വരെ ദിവ്യമായ തന്റെ ജീവിതം ഒരു അമരജ്യോതിയായി ജ്വലിപ്പച്ച രമേശന്‍ പുതു തലമുറയ്‌ക്ക് എന്നും പ്രചോദനമായി നില കൊണ്ടിരുന്ന സ്വയംസേവകാനായിരുന്നു. ഉത്തരായനം കാത്തു കിടന്നതു പോലെ കഴിഞ്ഞ കുറച്ചു മാസങ്ങളായി മരണത്തെ കാത്തുകിടക്കുമ്പോഴും തന്റെയുള്ളിലെ ധീര സ്വയംസേവകത്വം കെടാതെ സൂക്ഷിച്ച അദ്ദേഹത്തിന്റെ ആത്മാവിന് ശത കോടി പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു.
കെ.വി. മുരളീ മോഹനന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: