കാഞ്ഞാണി: അകത്തേയ്‌ക്ക് കയറിച്ചെല്ലുമ്പോൾ തന്നെ പൊട്ടിപ്പൊളിഞ്ഞ ടയറുകളും വാഹനങ്ങളുടെ ഇളകിയ ഭാഗങ്ങളും കൊണ്ട് നിറഞ്ഞ കാഴ്ചയാണ് പെരിങ്ങോട്ടുകര പോലീസ് ഔട്ട് പോസ്റ്റിലേക്ക് കയറി ചെല്ലുമ്പോൾ കാണാനാവുക. കേസുകളിൽപ്പെട്ട് വിവിധ സ്റ്റേഷനുകൾക്ക് മുന്നിൽ വഴിമുടക്കി കിടന്നിരുന്ന വാഹനങ്ങൾ കൊണ്ടുവന്ന് സൂക്ഷിക്കാനുള്ള ഇടമായി മാറിയിരിക്കുകയാണ് ഇവിടം. ആക്രി സാധനങ്ങൾ കണക്കെ ഔട്ട് പോസ്റ്റിന്റെ വഴിവരെ മുടക്കിയാണ് വാഹനങ്ങൾ കൊണ്ടു വന്നു നിറക്കുന്നതെന്നാണ് വ്യാപക ആക്ഷേപം ഉയരുന്നത്.
കുറ്റകൃത്യങ്ങളുടെ വർദ്ധനവു മൂലം താന്ന്യം, ചാഴൂർ മേഖലയിലെ നിരീക്ഷണത്തിനായാണ് പെരിങ്ങോട്ടുകര പോലീസ് ഔട്ട് പോസ്റ്റ് തുടങ്ങിയത്. പട്രോളിങ്ങ് മാത്രമാണ് ചുമതല. കേസെടുക്കണമെങ്കിൽ അന്തിക്കാട് സ്റ്റേഷനിൽ എത്തണം. 75 സെന്റോളം വരുന്ന ഔട്ട് പോസ്റ്റ് കെട്ടിടം ഇരിക്കുന്ന പറമ്പ് കണ്ടിട്ടാണ് ഇവിടെ തൊണ്ടി വാഹനങ്ങളുടെ ശവപ്പറമ്പാക്കാൻ അധികൃതരെ പ്രേരിപ്പിച്ചതെന്ന് പറയുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ റോഡിടങ്ങളിൽ പലവിധ കേസുകളിൽ അകപ്പെട്ട് പോലീസ് പിടികൂടിയ വാഹനങ്ങളിൽ തുരുമ്പെടുത്തു നശിച്ചവയാണ് ഇവിടെ മുൻഭാഗത്ത് അലക്ഷ്യമായി തള്ളിയിരിക്കുന്നത്. പൊതുമരാമത്തിന്റെ റോഡുവക്കുകളിൽ നിന്ന് ഇത്തരം വാഹനങ്ങൾ മാറ്റിയിടാൻ പൊതുമരാമത്ത വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ശക്തമായ നിലപാടെടുത്തതോടെ സ്ഥലമുള്ള സ്റ്റേഷൻ കോമ്പൗണ്ടുകളിലേക്ക് തൊണ്ടി വാഹനങ്ങൾ മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് പെരിങ്ങോട്ടുകര ഔട്ട് പോസ്റ്റിറ്റിന് മുന്നിലും തൊണ്ടി വാഹനങ്ങ ഡംപ് ചെയ്തിട്ടുള്ളതെന്നാണ് സൂചന. അന്തിക്കാട് പെരിങ്ങോട്ടുകര പ്രധാന പാതയിൽ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് കയറുന്ന പ്രധാന വഴിയടച്ച മട്ടാണ്. പോലീസിന്റെ ഏ.ആർ ക്യാമ്പിലേക്കോ മറ്റോ ഇവ മാറ്റണമെന്ന ആവശ്യം പോലീസുകാർക്കിടയിലും ഉയരുന്നുണ്ട്.
വിസ്തൃതിയിൽ ജില്ലയിലെ വലിയ സ്റ്റേഷനുകളിൽ ഒന്നായ അന്തിക്കാട് സ്റ്റേഷനെ വിഭജിച്ച് പെരിങ്ങോട്ടുകരയിൽ പുതിയ സ്‌റ്റേഷൻ യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിനിടെയാണ് അധികാരികളുടെ തലതിരിഞ്ഞ പരിഷ്കാരം എന്നാണ് ആക്ഷേപം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: