കാഞ്ഞാര്‍: കാഞ്ഞാര്‍ ടൗണിന് സമീപമുള്ള പോലീസ് ക്വാര്‍ട്ടേഴ്സിന്റെ മതില് ഏത് സമയവും താഴെ വീഴാവുന്ന നിലയില്‍. മതിലിന്റെ താഴെ സംസ്ഥാന പാതയോരത്താണ് ഓട്ടോറിക്ഷ സ്റ്റാന്‍ഡ് ഉള്ളത്.
മതില് കാലപഴക്കത്താല്‍ ജീര്ണാവസ്ഥയില് ആയിട്ടും പുതുക്കി പണിയാനോ, അപകട സാധ്യത ഒഴിവാക്കാനോ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. ടൗണില്‍ വിവിധ ആവശ്യത്തിന് എത്തുന്നവര്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും ഈ മതിലിന് താഴെ റോഡരികിലാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടന്നു പോകുന്നതും ഈ മതിലിന് സമീപത്തുകൂടിയാണ്.
പോലീസ് ക്വാര്‍ട്ടേഴ്സില്‍ പലതും നാശത്തിന്റെ വക്കിലാണ്. മഴക്കാലം ആരംഭിക്കുന്നതിനു മുമ്പേ മതില് പുതുക്കി പണിതില്ലെങ്കില്‍ ഇനി ഒരു മഴക്കാലം കൂടി അതിജീവിക്കാനുള്ള സാധ്യത ഇല്ല. നാശത്തിന്റെ വക്കിലായ മതില് റോഡിലേക്ക് മറിഞ്ഞ് വീണാല്‍ വലിയ അപകടം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. മതിലിന്റെ തുടക്കം മുതല്‍ അവസാനം വരെ പലയിടത്തും മതില് ഇടിയാറായിട്ടാണ് നില്‍ക്കുന്നത്.
അപകടം ഒഴിവാക്കണം: ബിജെപി
കാഞ്ഞാര്‍ പോലീസ് ക്വാര്‍ട്ടേഴ്സിന്റെ മതില് തകര്‍ച്ചയുടെ വക്കിലായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ജോബന്‍ ജോസഫ് പറഞ്ഞു.
ഏറെ അപകട സാധ്യത ഉയര്‍ത്തുന്ന കാലഹരണപ്പെട്ട മതില് പുനര്‍നിര്‍മ്മിക്കാന്‍ അധികൃതര്‍ തയാറാകണം. മതില് പുനര്‍നിര്‍മ്മിക്കാന്‍ താമസം നേരിട്ടാല്‍ വലിയ അപകട സാധ്യതയാണ് നിലനില്‍ക്കുന്നത്. മതില് പുനര്‍നിര്‍മ്മിച്ച് അപകട സാധ്യത ഒഴിവാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: