ലതാ മങ്കേഷ്‌കര്‍ എന്നും പാടിയത് നാടിനായി. സംഗീതമുപേക്ഷിച്ച് സാമൂഹ്യ സേവനത്തിനിറങ്ങുകയാണെന്ന് വാശിപിടിച്ച ലതയോട് സംഗീതവും ദേശസേവനത്തിന് പറ്റിയ വഴിയാണെന്ന് പറഞ്ഞത് വീരസവര്‍ക്കറാണ്. യതീന്ദ്രനാഥ് മിശ്ര എഴുതിയ ‘ലത സുര്‍ഗാഥ’ എന്ന പുസ്തകത്തില്‍ സംഗീതത്തിന്റെ വഴിയില്‍ ലത ചുവടുറപ്പിച്ചതിന് പിന്നിലെ സവര്‍ക്കറിന്റെ പ്രേരണയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. തോല്‍പിക്കാനാകാത്ത പോരാളിഎന്നായിരുന്നു ലത സവര്‍ക്കറിനെ വിശേഷിപ്പിച്ചത്. വീരസവര്‍ക്കറിനോടുള്ള ആരാധന ലതാമങ്കേഷ്‌കര്‍ ഒരിക്കലും മറച്ചുപിടിച്ചില്ല. തന്റെ അച്ഛന്റെ നാടകക്കമ്പനിക്ക് വേണ്ടി ‘സന്യാസ്ത് ഖഡ്ഗ’ എന്ന നാടകം എഴുതിയത് സവര്‍ക്കറായിരുന്നു എന്ന് 2019 സപ്തംബര്‍ 19ന് ലത ട്വീറ്റ് ചെയ്തു. 1931 സപ്തംബര്‍ 18ന് അരങ്ങേറിയ ആ നാടകത്തിലെ ‘ശത് ജനം ശോത്ധന’ എന്ന ഒറ്റഗാന ത്തിന്റെ പേരില്‍ സവര്‍ക്കര്‍ജിക്ക് ജ്ഞാനപീഠം നല്‍കേണ്ടതാണെന്ന് ലത വാദിച്ചു. വീര്‍സവര്‍ക്കര്‍ എഴുതിയ ‘ഹേ ഹിന്ദു നരസിംഹ’ എന്ന ഗാനം ലതാ മങ്കേഷ്‌കര്‍ ആലപിച്ചു. ആ ഗാനം തന്നില്‍ സൃഷ്ടിച്ച ദേശഭക്തിയുടെ വികാരങ്ങള്‍ക്ക് അതിരുണ്ടായിരുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വീരസവര്‍ക്കറിനെതിരെ രാജ്യത്ത് നടന്ന ദുഷ്പ്രചാരണങ്ങളില്‍ ലത അസ്വസ്ഥയായിരുന്നു.
മെയ് 28ന് വീര്‍ സവര്‍ക്കറുടെ ജന്മദിനത്തില്‍ ലത എഴുതി- ‘ഇന്ന് സ്വാതന്ത്ര്യ വീര്‍സവര്‍ക്കറുടെ ജയന്തിയാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും ദേശസ്‌നേഹത്തെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഇക്കാലത്ത് ചിലര്‍ സവര്‍ക്കര്‍ജിക്കെതിരെ സംസാരിക്കുന്നു, എന്നാല്‍ സവര്‍ക്കര്‍ജി എത്രവലിയ രാജ്യസ്‌നേഹവും ദേശാഭിമാനവുമുള്ളയാളായിരുന്നുവെന്ന് അവര്‍ക്കറിയില്ല.’
1963 ജനുവരി 27 ന് ദല്‍ഹി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ലത പാടിയ’യേ മേരെ വതന്‍ കെ ലോഗോം’ എന്ന പാട്ട് ചരിത്രത്തിലേക്കും പിന്നെകാലങ്ങളിലേക്കും പടര്‍ന്നുകയറിയത് ആ സ്വരത്തില്‍ തുടിച്ച ദേശീയവികാരത്തിന്റെ അലകളാലായിരുന്നു. ചൈനയുമായുള്ള യുദ്ധത്തില്‍ നിരാശയിലാണ്ടുനിന്ന ഒരു രാജ്യത്തിന്റെ ഹൃദയത്തിലേക്കാണ് ആ പാട്ട് ഒഴുകിയെത്തിയത്. യുദ്ധം അവസാനിച്ചിട്ട് ആഴ്ചകള്‍ മാത്രമേ ആയിരുന്നുള്ളൂ അന്ന്. രാജ്യത്തിന്റെയാകെ ആത്മവിശ്വാസം വീണ്ടൈടുക്കുകയായിരുന്നു ലത ആ പാട്ടിലൂടെ. യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീരസൈനികര്‍ക്കായി എഴുതിയ ഗാനം ദേശഭക്തി തുളുമ്പുന്ന സ്വരത്തിലൂടെ ലത മങ്കേഷ്‌കര്‍ പാടിയപ്പോള്‍ തോല്‍വിയുടെ ഭാരം കൊണ്ട് തളര്‍ന്നിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കണ്ണുകള്‍ നിറമൊഴുകി. തോറ്റുപോയ ഒരു ജനതയെ ആകെ ഉണര്‍ത്തി ജയ് ഹിന്ദ് പാടിയാണ് ആഗാനം അവസാനിച്ചത്. ഒന്‍പത് വര്‍ഷത്തിന് ശേഷം ദല്‍ഹിയിലെ രാംലീലാ മൈതാന ത്ത് ലത വീണ്ടുും പാടി, ‘യേ മേരെ വതന്‍ കെ ലോഗോം…’തോറ്റ ഇന്ത്യയായിരുന്നില്ല അന്ന് മുന്നില്‍. പാകിസ്ഥാനെ തകര്‍ത്ത്, ബംഗ്ലാദേശിന് ജന്മം കൊടുത്ത ഇന്ത്യ…വിജയിക്കാന്‍ ശീലിച്ച ഇന്ത്യ…
വീരസവര്‍ക്കറിന്റെ വാക്കുകള്‍ ഹൃദയത്തിലേറ്റുവാങ്ങിയ ലത സംഗീതത്തിലൂടെ ദേശത്തിനായി സമര്‍പ്പിക്കുകയായിരുന്നു. നെഹ്‌റു മുതല്‍ ഇന്ദിര വരെയുള്ള മുതിര്‍ന്ന നേതാക്കളുമായൊക്കെ നല്ല ബന്ധം പുലര്‍ത്തിയിരുന്ന ലതയ്‌ക്ക് അടല്‍ ബിഹാരി വാജ്‌പേയിയോടുള്ളത് പിതൃസമാനമായ സ്‌നേഹമായിരുന്നു. ‘ഞാന്‍ അദ്ദേഹത്തെ ദാദാ എന്ന് വിളിച്ചു, അദ്ദേഹം എന്നെ ബേട്ടി’ എന്നും. അതിര്‍ ത്തിക്കപ്പുറം ഭാരതീയരുണ്ടെന്നും അവിടെ പാകിസ്ഥാനില്‍ നമുക്ക് സഹോദരരുണ്ടെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നത് അടല്‍ജിയാണെന്ന് ലത മങ്കേഷ്‌കര്‍ ഒരിക്കല്‍ ഓര്‍ത്തു. ആ പേര്തന്റെയും കൂടി പേരാണെന്ന് അവര്‍ പറഞ്ഞു. അടല്‍ തിരിച്ചിട്ടാല്‍ ലത എന്ന് വായിക്കാമെന്ന് അടല്‍ജിയും തമാശ പറഞ്ഞു.’അടല്‍ജിയുടെ സാമീപ്യം വീരസവര്‍ക്കറിലേക്കാണ് എന്നെ പലപ്പോഴും എത്തിച്ചത്. പൂനെയില്‍ മങ്കേഷ്‌കര്‍ ഹോസ്പിറ്റല്‍ തുടങ്ങിയപ്പോള്‍ അത് ഉദ്ഘാടനം ചെയ്തത് അടല്‍ജിയായിരുന്നു. ലതയുടെ പേര് ഒരു മ്യൂസിക്കല്‍ അക്കാദമിക്കാണ് ചേരുക എന്ന് അദ്ദേഹം പറഞ്ഞു. അസുഖങ്ങള്‍ക്കും സംഗീതം ചികിത്സയായതുകൊണ്ട്. കുഴപ്പമില്ല എന്നായിരുന്നു ആ വാക്കുകള്‍. ദാദാജിയുടെ പ്രസംഗത്തേക്കാള്‍ വലിയ സംഗീതമേതുണ്ട്.എന്നായിരുന്നു എന്റെ മറുപടി.’അടല്‍ജിയുടെ വിയോഗവേളയില്‍ ലത മങ്കേഷ്‌കര്‍ ഓര്‍മ്മിച്ചു. അടല്‍ജിയുടെ കാലത്താണ് രാജ്യം ലത മങ്കേഷ്‌കറിന് ഭാരതരത്‌ന നല്‍കി ആദരിച്ചത്.
അച്ഛന്‍ ദീനാനാഥ് മങ്കേഷ്‌കറിന്റെ എഴുപത്തഞ്ചാം ചരമവാര്‍ഷികത്തിന് ലത ക്ഷണിച്ചുവരുത്തിയ മുഖ്യ അതിഥി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് ആയിരുന്നു. മുംബൈയിലെ ഷണ്മുഖാനന്ദ ഹാളില്‍ നടന്ന പരിപാടിയില്‍ ആമിര്‍ഖാനും കപില്‍ദേവിനും വൈജയന്തിമാലയ്‌ക്കുമൊക്കെ പുരസ്‌കാരങ്ങള്‍ മോഹന്‍ജിയുടെ കൈകൊണ്ട് നല്‍കണമെന്നത് ലതയുടെ ആഗ്രഹമായിരുന്നു.
സാധാരണ സംഘടനാപ്രവര്‍ത്തക നായിരുന്ന കാലം മുതല്‍ നരേന്ദ്ര മോദി ലതയുടെ ആരാധകനാണ്. ഗുജറാത്ത് മുഖ്യമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമൊക്കെ ആയി ലോകമാകെ മോദിപ്രഭാവം പടര്‍ന്ന കാലത്ത് ലത മോദിയുടെ ആരാധികയുമായി.ഇരുവരുടേയും ജന്മദിനം ഒരേ ദിവസമാണ് പരസ്പരം ജന്മദിന സന്ദേശം ഇരുവരും പങ്കിടും. ‘നരേന്ദ്ര ഭായ്’ എന്നാണ് മോദിയെ സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്നത്. പിതാവ് ദീനനാഥ് മങ്കേഷ്‌കറുടെ സ്മരണയ്‌ക്കായി ലതയുടെ കുടുംബം പൂനെയില്‍ നിര്‍മ്മിച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനത്തിന് 2013 ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍,അദ്ദേഹത്തെ ക്ഷണിച്ചു. നരേന്ദ്രഭായിയെ പ്രധാനമന്ത്രിയായി കാണാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു എന്ന് പരിപാടിക്കിടെ ലതാ പറഞ്ഞു. രാജ്യത്തിന്റെ വീരസൈനികരെ പ്രചോദിപ്പിക്കാനായി തയ്യറാക്കിയ ‘സൗഗന്ധ് മുഝേ ഇസ് മിട്ടി കാ’ എന്ന ഗീതം ലത സമര്‍പ്പിച്ചത് നരേന്ദ്ര മോദിക്കാണ്.
ഒരു കാലം വിടവാങ്ങുകയാണ്.സംഗീതത്തെ ദേശീയവികാരത്തിന്റെ പടവാളാക്കി മാറ്റാമെന്ന് കാട്ടിത്തന്നഒരു ജീവിതത്തിന്റെ വിടവാങ്ങല്‍. ഗായിക മറയുമ്പോഴും ആ സ്വരം നിലയ്‌ക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: