അര്ജുനന് ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി ഭീഷ്മന്റെ നേര്‍ക്ക് ശരവര്‍ഷം തൂകി. അപ്പോള്‍ ദുശ്ശാസ്സനനോടായി ചിരിച്ചുകൊണ്ട് ഭീഷ്മന്‍ പറഞ്ഞു, ”വജ്രാശനികള് പോലെ അര്ജുനന് തൊടുക്കുന്ന അമ്പുകള്‍ എല്ലാം നിരക്കെ എത്തുന്നു. അവയൊന്നും ശിഖണ്ഡിയുടേതല്ല. അവ മര്‍മം പിളര്‍ക്കുന്നു, ചട്ടപൊട്ടിക്കുന്നു. മുസലംപോലെ എന്നിലേല്ക്കുന്നു. അവയൊന്നും ശിഖണ്ഡിയുടേതല്ല. വജ്രംപോലെയുള്ളവ, കടുംബ്രഹ്മദണ്ഡംപോലെയുള്ളവ, യമദൂതരെപ്പോലെ എന്റെ പ്രാണപീഡചെയ്യുന്നു. ഗദയും പരിഘവും ശിഖണ്ഡിയുടേതല്ല. ക്രൂരവിഷസര്പ്പങ്ങള് പോലെ എന്നെ അവ നക്കുന്നു. അതൊന്നും ശിഖണ്ഡിയുടേതല്ല. ഇവ അര്‍ജുന ബാണങ്ങളാണ്, ശിഖണ്ഡിയുടെതല്ല. ഞണ്ടിന്‍കുഞ്ഞ് അമ്മയെ പിളര്ക്കുംപോലെ അവ എന്റെ അംഗങ്ങളെ പിളര്‍ക്കുന്നു. വീരന് ഗണ്ഡീവിയും കപികേതുവുമാകുന്ന അര്‍ജുനനല്ലാതെ മറ്റൊരു രാജാവും ഇങ്ങനെ എന്നെ ദുഃഖിപ്പിക്കുകയില്ല,” എന്നു പറഞ്ഞുകൊണ്ട് പാണ്ഡവപ്പടക്കുനേരേ ഭീഷ്മന്‍ ചുട്ട ബാണങ്ങള്‍ അയച്ചുകൊണ്ടിരുന്നു. അര്‍ജുനനും ഉഗ്രതാണ്ഡവമാടി.
കുരുക്കളെ ആട്ടിയോടിച്ച് ശരവര്ഷങ്ങള് തൂകിക്കൊണ്ടിരുന്ന അര്ജുനന്,”വീഴ്ത്തിക്കൊള്വിന്, പോയിപ്പിടിപ്പിന്, യുദ്ധംചെയ്വിന്, മുറിക്കുവിന്‍” എന്നു ഭീഷ്മന്റെ തേരിന്നേര്ക്ക് നോക്കി അതിഘോഷമുണ്ടാക്കി. ശരീരമാകെ ഈരണ്ടംഗുലത്തിലും മുറിവേറ്റ ഭീഷ്മന്‍ കിഴക്ക് തലയായി തകര്‍ന്നു തേര്‍വിട്ടു വീണു. സൂര്യന് താഴുവാന്‍ അല്പംമാത്രം ശേഷിക്കെ ഭീഷ്മന്‍ വീണപ്പോള്‍ വാനോര്ലോകത്തും ഭൂമിയിലും ഹാ ഹാ രവങ്ങള്‍ മുഴങ്ങി. ശരജാലം തറച്ചതുകൊണ്ട് നിലത്തുതൊടാതെ ഇന്ദ്രദ്ധ്വജമഴിച്ചിട്ടപോലെ ശരതല്പത്തിലായി ചാഞ്ഞു. തേര്ത്തട്ടില്നിന്നു വീണുപോയ അദ്ദേഹം ദിവ്യഭാവമുള്ക്കൊണ്ടു. ആകാശദേശത്തെങ്ങും ദിവ്യവാക്കുകള്‍ കേട്ടു. മഹാത്മാവായ ഗാംഗേയന്, സര്വശാസ്ത്രധരോത്തമന് അങ്ങനെ ആ ശരശയ്യയില്‍ ഉത്തരായനവും കാത്തുകിടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: