അമിതാഭ് ബച്ചനോട് പാകിസ്ഥാനില്‍ നിന്നുള്ള ചില സുഹൃത്തുക്കള്‍ പറഞ്ഞു, ”ഇന്ത്യയിലുള്ളതെല്ലാം ഞങ്ങളുടെ നാട്ടിലുമുണ്ട്. താജ്മഹലും ലതാമങ്കേഷ്‌കറും ഒഴികെ…”. ഭാരതം കണ്ട ഏറ്റവും പ്രശസ്തയായ ഗായികയ്‌ക്ക് ലോകമെങ്ങും ആരാധകരുണ്ടായിരുന്നു. ഒരിക്കല്‍ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ പറഞ്ഞു, ‘ഭൂമിക്ക് ഒരു സൂര്യനേയുള്ളു, ഒരു ചന്ദ്രനുമേയുള്ളൂ, ഒരു ലതയും…’. ആറുതലമുറകളിലെ നായികമാര്‍ക്കായി, ഇന്ത്യയിലെ പ്രശസ്തരായ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഈണങ്ങളില്‍, മലയാളമുള്‍പ്പടെ വിവിധ ഭാഷകളില്‍ പാടിയ ഗായിക. ഹിന്ദി സിനിമാലോകത്തെ ആദ്യകാല സംഗീതസംവിധായകര്‍ക്കൊപ്പം മുതല്‍ എ.ആര്‍. റഹ്മാന്‍ വരെയുള്ളവരുടെ ഈണങ്ങളില്‍ ലതാമങ്കേഷ്‌കര്‍ പാടി. ഇത്രയധികം സംഗീത സംവിധായകര്‍ക്കൊപ്പം പാടിയ മറ്റൊരു ഗായികയുമില്ല.
ആറുതലമുറയിലെ സംഗീതജ്ഞര്‍
ഹിന്ദിയിലെ ദത്താധവ്‌ജേക്കര്‍, ഗുലാംഹൈദര്‍, ശ്യാംസുന്ദര്‍, ഖേംചന്ദ് പ്രകാശ്, വിനോദ് കെ.ദത്ത തുടങ്ങിയ ആദ്യതലമുറയിലെ സംഗീതസംവിധായകരുടെ ഒപ്പമാണ് ലതാമങ്കേഷ്‌കര്‍ എന്ന പാട്ടുകാരി തുടക്കം കുറിച്ചത്. പിന്നീട് അനില്‍ ബിശ്വാസും അല്ലാരഖയും നൗഷാദും സര്‍ദാര്‍മാലിക്കും വസന്ത് ദേശായിയും. മൂന്നാം തലമുറയിലെ ശങ്കര്‍-ജയ്കിഷന്‍, ഹേമന്ദ്കുമാര്‍, മദന്‍മോഹന്‍, സലില്‍ ചൗധരി, ജയദേവ്, റോഷന്‍ തുടങ്ങിയവര്‍. ഇഖ്ബാല്‍ ഖുറേഷി, ദത്താറാം, കല്യാണ്‍ജി-ആനന്ദ്ജി, ഉഷാ ഖന്ന, ബോംബെ രവി തുടങ്ങിയ നാലാം തലമുറക്കാരുടെ ഈണങ്ങളും ലത മനോഹരമാക്കി. പിന്നീടു വന്ന ലക്ഷ്മികാന്ത്-പ്യാരേലാല്‍, ആര്‍.ഡി. ബര്‍മ്മന്‍, രവീന്ദ്രജയിന്‍, രാജേഷ് റോഷന്‍, ബാപ്പി ലാഹരി എന്നിവരുടെ ഈണങ്ങളും അവര്‍ പ്രിയപ്പെട്ടതാക്കി. അനുമല്ലിക്, രാംലക്ഷ്മണ്‍, നദീം-ശ്രാവണ്‍, അമര്‍-ഉത്പല്‍, ദിലീപ്‌സെന്‍-സെമീര്‍സെന്‍, മഹേഷ് കിഷോര്‍ തുടങ്ങി എ.ആര്‍. റഹ്മാന്‍വരെ ലതയുടെ സ്വരമാധുരി ഉപയോഗിച്ച സംഗീതസംവിധായകരുടെ പട്ടിക നീളുന്നു.
ലതാമങ്കേഷ്‌കറിനൊപ്പം ഏറ്റവും അധികം ഗാനങ്ങള്‍ പാടിയ ഗായകന്‍ മുഹമ്മദ് റഫിയാണ്. 440 ഗാനങ്ങള്‍ അവര്‍ ഒരുമിച്ചു പാടി. കിഷോര്‍ കുമാറിനൊപ്പം 327 പാട്ടുകള്‍ ലത ആലപിച്ചു. ലതയ്‌ക്കൊപ്പം കൂടുതല്‍ പാട്ടുകള്‍ ആലപിച്ച ഗായിക സഹോദരി ആശാഭോസ്ലേയാണ്. 74 പാട്ടുകള്‍. രണ്ടാം സ്ഥാനം 62 പാട്ടുകള്‍ പാടിയ മറ്റൊരു സഹോദരി ഉഷാ മങ്കേഷ്‌കര്‍ക്കാണ്. നമ്മുടെ യേശുദാസിനൊപ്പം ലത പത്തു പാട്ടുകള്‍ പാടി.
യേശുദാസും ലതയും
ലതാമങ്കേഷ്‌കറുടെ കടുത്ത ആരാധകനായിരുന്നു യേശുദാസ്. ചെറുപ്പത്തില്‍ എന്നും ഫോര്‍ട്ട് കൊച്ചിയില്‍ സ്‌കൂളിലേക്കു പോകുമ്പോള്‍ ഒരു ചായക്കടയുടെ മുന്നില്‍ ലതാമങ്കേഷ്‌കറുടെ പാട്ടുകേട്ടു നില്‍ക്കുമായിരുന്നത് യേശുദാസ് പറഞ്ഞിട്ടുണ്ട്. പാട്ടെല്ലാം കേട്ട് സ്‌കൂളിലെത്തുമ്പോള്‍ ക്ലാസ് തുടങ്ങിയിരിക്കും. വൈകിയെത്തിയതിന്അധ്യാപകന്റെ അടിയും വാങ്ങിയാണ് ദിവസം തുടങ്ങുക. പിറ്റേന്നും രാവിലെ ചായക്കടയ്‌ക്കുമുന്നിലെത്തുമ്പോള്‍ ലതാമങ്കേഷ്‌കറുടെ പാട്ട് കേള്‍ക്കും.’ചുപ് ഗയാ കോയിരേ…!. അന്നും അടിയുറപ്പ്.
യേശുദാസ് വളര്‍ന്ന് വലിയ പാട്ടുകാരനായപ്പോള്‍ ആരാധന കൂടി. ലതാജിയെ കാണാന്‍ അവസരമുണ്ടാക്കിയത് രാമുകാര്യാട്ടാണ്. വയലാര്‍ എഴുതിയ പാട്ടിന്റെ വരികള്‍ രാമുകാര്യാട്ട് യേശുദാസിനെ ഏല്പിച്ചു. തകഴിയുടെ ചെമ്മീന്‍ സിനിമയാക്കുന്നു. അതിനുവേണ്ടിയുള്ള പാട്ട്. സംഗീതം സലില്‍ചൗധരി. ‘കടലിനക്കര പോണോരെ, കാണാപ്പൊന്നിനു പോണോരെ…’ പാട്ട് ലതാ മങ്കേഷ്‌കറെ കൊണ്ട് പാടിക്കാനാണ് തീരുമാനം. അവരെ മലയാളം പാട്ട് പാടി പഠിപ്പിക്കാനുള്ള ചുമതല യേശുദാസിന്. യേശുദാസും രാമുകാര്യാട്ടും കൂടി ബോംബേക്ക് പോയി. പക്ഷേ,ലതയ്‌ക്ക് ചെമ്മീനില്‍ പാടാനായില്ല. പിന്നീട് രാമുകാര്യാട്ടിന്റെ നെല്ലില്‍ ‘കദളീ കണ്‍കദളീ…’എന്ന പാട്ട് ലത പാടി. ഉച്ചാരണം ശരിയാകില്ലെന്ന് പറഞ്ഞ് മലയാളം പാടാന്‍ അവര്‍ പിന്നീട് തയ്യാറായില്ല. പാടിക്കാനായില്ലെങ്കിലും യേശുദാസ് തന്റെ ആരാധനാമൂര്‍ത്തിയെ അടുത്തു കണ്ട് തൃപ്തനായി. മൂന്ന് പതിറ്റാണ്ടിനു ശേഷം ലതാമങ്കേഷ്‌കറുടെ പേരിലുള്ള പുരസ്‌കാരം യേശുദാസിനെ തേടിവന്നു.
ഒരിക്കല്‍ ലതാമങ്കേഷ്‌കര്‍ ഇനി പാട്ടു നിര്‍ത്തണം എന്ന പ്രസ്താവനയിറക്കി യേശുദാസ് പുലിവാലുപിടിച്ചിട്ടുമുണ്ട്. പ്രായാധിക്യത്താല്‍ ശബ്ദം മോശമായെന്നും ഇനി പാടരുതെന്നുമായിരുന്നു യേശുദാസിന്റെ ഉപദേശം. വലിയ വിമര്‍ശനങ്ങളാണ് യേശുദാസിന് കേള്‍ക്കേണ്ടിവന്നത്. അതിനു ശേഷവും നിരവധി നല്ല പാട്ടുകള്‍ ലതാമങ്കേഷ്‌കര്‍ പാടി.
സൈഗാളിനെ പ്രണയിച്ച ലത
ഇന്‍ഡോറിലെ നാടക നടനും സംഗീതജ്ഞനുമായ ദീനാനാഥ് മങ്കേഷ്‌കറുടെ മകളായ ലതയുടെ ആദ്യപേര് ഹേമ എന്നായിരുന്നു. സംഗീതവിദ്യാഭ്യാസവും നാടകത്തിലഭിനയിക്കാനുള്ള പഠനവുമാണ് പിതാവ് ലതയ്‌ക്ക് നല്‍കിയത്. കുട്ടിക്കാലത്ത് കുന്ദല്‍ലാല്‍ സൈഗാള്‍ പാടി അഭിനയിച്ച ചണ്ഡിദാസ് എന്ന സിനിമകണ്ട് വീട്ടിലെത്തിയ ലത താന്‍ വലുതായാല്‍ സൈഗാളിലെ കല്യാണം കഴിക്കുമെന്ന് തീരുമാനിച്ചു. വിഷാദമധുരമായ സ്വരത്തില്‍ തലമുറയെയാകെ മോഹിപ്പിച്ച മഹാനായ സംഗീതജ്ഞനോടുള്ള പ്രണയമാണ് ലതയെ പാട്ടുകാരിയാക്കിയത്. സൈഗാളിന്റെ സോജാരാജകുമാരീ…എന്ന പാട്ടായിരുന്നു ലതയ്‌ക്കും പ്രിയം. എന്നാല്‍ സൈഗാളിനെ കാണാനോ പരിചയപ്പെടാനോ പാട്ട് നേരില്‍ കേള്‍ക്കാനോ ലതയ്‌ക്കു കഴിഞ്ഞില്ല. ലതയുടെ വിരലില്‍ ഒരു രത്‌നമോതിരമുണ്ട്. സൈഗാള്‍ അണിഞ്ഞിരുന്നതാണത്. പിന്നീട് സൈഗാളിന്റെ മകന്‍ ലതയ്‌ക്ക് ആ മോതിരം നല്‍കുകയായിരുന്നു.
അച്ഛന്‍ മരിച്ച ശേഷം കുടുംബം നോക്കാനായി ലത നാടകത്തില്‍ അഭിനയിച്ചു. പിന്നീട് സിനിമയിലും. 1942ല്‍ ‘പഹലിമംഗളാഗൗര്‍’ എന്ന മറാത്തി ചിത്രത്തില്‍ അഭിനയിക്കുകയും പാടുകയും ചെയ്തു. ഒന്‍പതു ചലച്ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. അഞ്ച് സിനിമകള്‍ക്കായി സംഗീതം നിര്‍വ്വഹിച്ചു. നാല് സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തു.
പാടുമ്പോള്‍ ചെരുപ്പ് നിഷിദ്ധം
ലതാമങ്കേഷ്‌കര്‍ സ്റ്റേജിലായാലും റിക്കോര്‍ഡിംഗ് റൂമിലായാലും പാടാനായി മൈക്കിനുമുന്നില്‍ നില്‍ക്കുമ്പോള്‍ ചെരുപ്പ് ഉപയോഗിക്കാറില്ല. സംഗീതദേവതയെ താന്‍ അത്രയ്‌ക്ക് ഭക്തിയോടെ കാണുന്നതിനാലാണതെന്ന് ലത തന്നെ പറഞ്ഞിട്ടുണ്ട്. 1974 മാര്‍ച്ചില്‍ ലണ്ടനിലെ തണുത്തുറഞ്ഞ രാത്രികളില്‍ റോയല്‍ ആല്‍ബര്‍ട്ട്‌സ് ഹാളില്‍ നടന്ന സംഗീതപരിപാടിയില്‍ സ്റ്റേജിലേക്ക് ചെരുപ്പിടാതെയെത്തിയ ലതയോട് അവതാരകന്‍ ചെരുപ്പൂരി വയ്‌ക്കരുതെന്ന് നിര്‍ബന്ധിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. ഒരു വേദിയിലും അവര്‍ ചെരുപ്പിട്ട് കയറിയില്ല.
ഒരിക്കല്‍ അമേരിക്കയിലെ ജോര്‍ജ്ജ് ടൗണില്‍ ലതാമങ്കേഷ്‌കറുടെ സംഗീതമേള നടന്നപ്പോള്‍ സര്‍ക്കാര്‍ പൊതു അവധി നല്‍കിയാണ് ലതയോടുള്ള ആദരവ് പ്രകടിപ്പിച്ചത്. കാനഡയിലെ ടൊറണ്ടോയില്‍ ലതയുടെ പൊതുപരിപാടിയെ ദക്ഷിണേഷ്യന്‍ ദിനമായി സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച ചരിത്രവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: