ഇന്ത്യയുടെ വാനമ്പാടി കാണാമറയാത്തേയ്ക്ക് പറന്നുപോയി. സംഗീതമാകുന്ന ദിവ്യ സാമ്രാജ്യത്തിലെ അനശ്വര രാജ്ഞി എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത് മറ്റൊരാളാണെങ്കിലും ആ പദവിക്ക് പൂര്‍ണമായും അര്‍ഹതയുള്ള ഗായികയാണ് ലതാ മങ്കേഷ്കര്‍. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച് പതിമൂന്നാമത്തെ വയസ്സില്‍ പാടിത്തുടങ്ങിയ ലത ആയിരത്തിലധികം സിനിമകള്‍ക്കുവേണ്ടി പാടി. മറാത്തി സിനിമയിലായിരുന്നു തുടക്കം. ഒരു തുടക്കക്കാരിയുടെ പരിഭ്രമത്തോടെ ആദ്യ ഗാനം പാടാന്‍ സ്റ്റുഡിയോയിലെത്തിയ ഈ ഗായികയെ പില്ക്കാലത്ത് സിനിമാലോകം അനുഗമിച്ചപ്പോള്‍ ആസ്വാദകര്‍ വിസ്മയിച്ചു. സ്വരമാധുരിയിലും ആലാപന ശൈലിയിലും ഒരു കൗമാരക്കാരിയുടെ പ്രസരിപ്പ് അവസാനത്തെ പാട്ടില്‍ വരെ നിലനിര്‍ത്താന്‍ കഴിഞ്ഞ ആദ്യ ഗായികയാണ് ലതാ മങ്കേഷ്കര്‍ എന്നുപറയുന്നതില്‍ അതിശയോക്തിയില്ല. മുപ്പതിലേറെ ഭാഷകളിലായി മൂന്നു തലമുറകളെ തന്റെ ആലാപന മികവുകൊണ്ട് കീഴടക്കിയ ഗായിക എട്ട് പതിറ്റാണ്ടുകാലത്തോളമാണ് സംഗീതരംഗത്ത് നിറഞ്ഞുനിന്നത്. തനിക്കൊപ്പം പാടിത്തുടങ്ങിയ പലരും കാലത്തിന്റെ വിസ്മൃതിയിലേക്ക് വീണുപോയപ്പോള്‍ മരണത്തിനു പോലും സ്പര്ശിക്കുവാന് കഴിയാത്ത മധുര സംഗീതത്തിന്റെ വിശുദ്ധരൂപമായി മാറുകയായിരുന്നു ആസ്വാദകരുടെ ലതാജി. ഭാവഗീതങ്ങളുടെ ഈ രാജ്ഞിയെ ഭാരതരത്നയും ദാദാഫാല്‍കെ പുരസ്കാരവുമുള്‍പ്പെടെ ഉന്നതമായ ബഹുമതികള്‍ തേടിയെത്തി. മലയാളത്തില്‍ ലതാജി പാടിയ നെല്ല് സിനിമയിലെ കദളി കണ്‍കദളി… എന്ന പാട്ട് നിത്യഹരിതമാണ്. ഒഴിവുകാലം എന്ന സിനിമയില്‍ ഒരു മീരാ ഭജനും പാടുകയുണ്ടായി.
പതിറ്റാണ്ടുകള്‍ നീണ്ട സംഗീതജീവിതത്തിലൂടെ ലതാ മങ്കേഷ്കറിന് നേടാനായ പ്രശസ്തി മറ്റൊരു ഗായികയ്ക്കെന്നല്ല, സംഗീത രംഗത്തെ മറ്റാര്‍ക്കെങ്കിലും നേടാനായിട്ടുണ്ടോ എന്നു സംശയമാണ്. ലതാജിയെപ്പോലെ തന്റെ ഗാനങ്ങളിലൂടെ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരെ നേടിയ മറ്റൊരാളെ കണ്ടെത്താനും പ്രയാസമായിരിക്കും. ഹിന്ദി സിനിമയില്‍ മുഹമ്മദ് റഫിയെയും കിഷോര്‍ കുമാറിനെയും പോലുള്ള അതികായന്മാര്ക്കും ലതാജിയുടെ ഇരിപ്പിടം ലഭിച്ചില്ല എന്നത് ഒരു വസ്തുതയാണ്. ജീവിതകാലം മുഴുവന്‍ അവിവാഹിതയായി കഴിഞ്ഞ അവര്‍ പാട്ടിനെ തന്റെ പങ്കാളിയാക്കുകയായിരുന്നു. ചില പ്രണയങ്ങളുണ്ടായിരുന്നെങ്കിലും ഒരു ഘട്ടത്തില്‍ വിവാഹം കഴിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഓരോ പാട്ടും തുടക്കക്കാരിയുടെ ശ്രദ്ധയോടെയാണ് പാടിയത്. ഒറ്റ ടേക്കില്‍ സംഗീത സംവിധായകര്‍ക്ക് ഓകെ പറയാനാവും. എന്നിട്ടും താന്‍ അധികമൊന്നും നേടിയിട്ടില്ല എന്നു പറയുന്ന വിനയം ഒരിക്കലും കൈവിട്ടില്ല. പാടിയ പാട്ടിലേക്ക് പിന്നീടൊരിക്കലും തിരിഞ്ഞു നോക്കാറില്ല എന്നാണ് ലതാജി പറയാറുള്ളത്. സംഗീത സംവിധായകരും ആസ്വാദകരും പൂര്‍ണതയുടെ പര്യായമായി കണ്ടിരുന്ന പാട്ടുകളില്‍ പക്ഷേ ലതാജിക്ക് തെറ്റുകുറ്റങ്ങള്‍ തോന്നുമായിരുന്നുവത്രേ. അതായിരുന്നു ആ പ്രതിഭ. തന്റെ പാട്ടുകള്‍ ഒരിക്കല്‍ക്കൂടി കേള്‍ക്കുന്നതിനു പകരം പ്രകൃതിയിലെ മറ്റു സ്വരങ്ങള്‍ക്ക് കാതോര്‍ക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. വാനമ്പാടികളുടെ ജന്മം പാടാനുള്ളതാണല്ലോ. ഒരു വാനമ്പാടിയും പാട്ട് പഠിക്കാറില്ല.
മികച്ച ഹിന്ദി ഗാനങ്ങള്‍ എന്നു പറഞ്ഞ് ചില പട്ടികകള്‍ പുറത്തുവരാറുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു വേര്‍തിരിവ് ലതാജി പാടിയ മറ്റു ഗാനങ്ങളോടുള്ള അനാദരവായിരിക്കും. ഹിന്ദിയില്‍ എണ്ണിയാലൊടുങ്ങാത്ത മധുര ഗാനങ്ങളുണ്ട്. റഷ്യനും തമിഴുമാണ് തനിക്ക് വഴങ്ങാത്തതെന്ന് ഒരിക്കല്‍ ലതാജി പറയുകയുണ്ടായി. സംഗീതത്തോട് മാത്രം പ്രതിബദ്ധത പുലര്‍ത്തിയ ഈ പാട്ടുകാരിക്ക് കടുത്ത ഇഷ്ടാനിഷ്ടങ്ങളുമുണ്ടായിരുന്നു. സംഗീതത്തിന്റെ അത്രതന്നെ ക്രിക്കറ്റിനെ ഇഷ്ടപ്പെട്ടു എന്നു പറയാം. ബന്ധങ്ങള്‍ക്ക് വലിയ വിലകല്‍പ്പിച്ചിരുന്നു. പക്ഷേ വിട്ടുവീഴ്ചകള്‍ ചെയ്തില്ല. അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ ആരുടെയും മുഖം നോക്കിയില്ല. സമൂഹത്തില്‍ തന്റെ അതുല്യമായ പദവി അതിന് തടസ്സമായില്ല. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, അദ്ദേഹം പ്രധാനമന്ത്രിയാവണമെന്ന് ലതാജി പറഞ്ഞത് ചിലര്‍ക്ക് ഇഷ്ടക്കേടുണ്ടാക്കിയെങ്കിലും നിലപാടില്‍ മാറ്റം വരുത്തിയില്ല. പ്രധാനമന്ത്രിയായ മോദിയില്‍ വലിയ പ്രതീക്ഷയാണ് ലത വച്ചുപുലര്‍ത്തിയത്. ഇരുവരും തമ്മില്‍ ഏറെ അടുപ്പം പുലര്‍ത്തുകയും, ഇടയ്ക്കിടെ കൂടിക്കാണുകയും ചെയ്തു. ഇതിഹാസം എന്ന വിശേഷണം പലര്‍ക്കും നല്‍കാറുള്ളതാണെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ അത് ചേരുന്ന വ്യക്തിത്വമായിരുന്നു ലതാജി. കൊവിഡിനെ അതിജീവിച്ചപ്പോള്‍ ആസ്വാദകരും ആരാധകരും ആശ്വാസംകൊണ്ടതായിരുന്നു. പക്ഷേ അപ്രതീക്ഷിതമായ ആ വിയോഗം വലിയ ശൂന്യത സൃഷ്ടിച്ചിരിക്കുന്നു. മഹാഗായികയുടെ വേര്‍പാട് നികത്താനാവില്ല. എങ്കിലും വാനമ്പാടിയാണ് പറന്നുപോയിട്ടുള്ളത്. ആ ഗാനം സംഗീതമുള്ള കാലത്തോളം നിലയ്ക്കുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: