ന്യൂദല്‍ഹി : ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദയയും കരുതലും ഉള്ള ലതാ ദീദി നമ്മെ വിട്ടുപിരിഞ്ഞു. ലത മങ്കേഷ്കറിന്റെ വിയോഗം തന്നെ ദുഃഖത്തിലാഴ്ത്തിയെന്നും ട്വിറ്ററിലൂടെ പ്രധാനമന്ത്രി അറിയിച്ചു.
വാക്കുകള്‍ക്ക് അതീതമായി ഞാന്‍ വേദനിക്കുന്നു. ദയയും കരുതലും ഉള്ള ലതാ ദീദി നമ്മെ വിട്ടുപിരിഞ്ഞു. ഇന്ത്യന്‍ സംഗീത ലോകത്തിന് നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ചാണ് ലതാ മങ്കേഷ്കര്‍ യാത്രയായത്. വരും തലമുറകള്‍ ദീദിയെ ഇന്ത്യന്‍ സംസ്കാരത്തിന്റെ അഗ്രഗണ്യയായി ഓര്‍ക്കും, ലതാ ദീദിയുടെ ശ്രുതിമധുരമായ ശബ്ദത്തിന് ആളുകളെ മയക്കാനുള്ള സമാനതകളില്ലാത്ത കഴിവുണ്ടായിരുന്നു’
ലതാ ദീദിയില്‍ നിന്ന് എല്ലായ്പ്പോഴും എനിക്ക് അളവറ്റ വാത്സല്യം ലഭിച്ചു എന്നത് ഭാഗ്യമായി കരുതുന്നു. ദീദിയുടെ വിയോഗത്തില്‍ ഞാന്‍ ദുഃഖിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
ഞായറാഴ്ച രാവിലെ 9.45ഓടെയാണ് ഗായിക ലതാ മങ്കേഷ്കര്‍ അന്തരിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ഒരുമാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു ലത മങ്കേഷ്കര്‍. കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് ജനുവരി എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലത മങ്കേഷ്കറിനെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് ശനിയാഴ്ച വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കോവിഡിനൊപ്പം ന്യൂമോണിയയും കൂടി ബാധിച്ചതോടെയാണ് രോഗം മൂര്‍ച്ഛിച്ചത്. ആറ് ദിവസം മുന്‍പ് കൊവിഡ് മുക്തയായെങ്കിലും ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: